സിറിയ: ഐക്യരാഷ്ട്രസഭയുടെ സാഹായങ്ങളുമായി വരുന്നവര്‍ സിറിയന്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി. സഹായങ്ങളുമായി എത്തുന്ന മറ്റ് അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ് എന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നു വര്‍ഷം മുന്‍പ് തന്നെ ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നതായി അറിയിച്ചിട്ടും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇപ്പോഴും രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ ഇത് തുടരുകയാണ്. ഭക്ഷണവും മറ്റ് സഹായങ്ങളുമായി എത്തുന്നവര്‍ ഇവയ്ക്ക് പകരമായി ലൈംഗികബന്ധം ആവശ്യപ്പെടുന്നതായാണ് പരാതി. ഇക്കാരണത്താല്‍ സ്ത്രീകള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് പോകാനും സഹായങ്ങള്‍ സ്വീകരിക്കാനും തയ്യാറാകുന്നില്ല.
ഐക്യരാഷ്ട്രസഭ ജനസംഖ്യാ ഫണ്ട് (യു.എന്‍.എഫ്.പി.എ) സിറിയന്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഭക്ഷണം ലഭിക്കാനായി “ലൈംഗിക സേവനം” നല്‍കാന്‍ സ്ത്രീകളും പെണ്‍കുട്ടികളും ഉദ്യോഗസ്ഥരെ ചുരുങ്ങിയ കാലത്തേക്ക് വിവാഹം ചെയ്യേണ്ടിവന്നതിനും സഹായങ്ങളുമായി എത്തുന്നവര്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ടെലിഫോണ്‍ നമ്പറുകള്‍ ആവശ്യപ്പെട്ടതിനും സേവനങ്ങള്‍ക്ക് പകരമായി രാത്രി ചെലവഴിക്കാനാവശ്യപ്പെടുകയും ചെയ്തതിനും ഉദാഹരണങ്ങള്‍ ഉണ്ടെന്ന് “വോയ്‌സ് ഓഫ് സിറിയ 2018” എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ബി.ബി.സി പറയുന്നു.
സിറിയയില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് ബോധവാന്മാരായിരുന്നു എന്ന് യു.എന്നിനു കീഴിലുള്ള യു.എന്‍.എഫ്.പി.എ, യൂനിസെഫ്, യു.എന്‍.എച്ച്,സി.ആര്‍ എന്നീ സംഘടനകള്‍ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുളള ചൂഷണങ്ങള്‍ അനുവദിക്കില്ലെന്ന് ഐക്യരാഷ്ട്രസഭ രക്ഷാപ്രവര്‍ത്തക ഏജന്‍സികള്‍ വ്യക്തമാക്കി.