|

ശിയ ആരാധനാലയത്തിനെതിരായ ഐ.എസ് ആക്രമണം തടഞ്ഞതായി സിറിയൻ ഇടക്കാല സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമാസ്‌ക്കസ്: തലസ്ഥാന നഗരിയിലെ സയ്യിദ സെയ്നബ് ശിയ ആരാധനാലയം ലക്ഷ്യമിട്ട് ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണം തടഞ്ഞതായി സിറിയയയിലെ ഇടക്കാല സർക്കാർ.

സയ്യിദ സെയ്നബിന്റെ ശവകുടീരം ബോബെറിഞ്ഞ് തകര്‍ക്കാനുള്ള ശ്രമം സുരക്ഷാ സേന തടഞ്ഞതായും സിറിയയിലെ ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു.

സംഭവത്തില്‍ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് സിറിയന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ വിമതസംഘമായ ഹയാത്ത് തെഹ്രീര്‍ അല്‍ ഷാം അധികാരം പിടിച്ചതോടെ രാജ്യത്ത് ഐ.എസിന് ശക്തി വീണ്ടെടുക്കാന്‍ സാഹചര്യം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2024 ഡിസംബറില്‍ സിറിയന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 50ലധികം ആളുകളെ ഐ.എസ് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. കൊല്ലപ്പെട്ടവര്‍ അസദിന്റെ അനുയായികള്‍ ആണെന്നാണ് നിഗമനം.

നേരത്തെ സൈനിക സേവനം ചെയ്യാന്‍ നിര്‍ബന്ധിതരായവര്‍ക്ക് പൊതുമാപ്പ് നല്‍കുമെന്ന് എച്ച്.ടി.എസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് അതിര്‍ത്തിയിലെ ഐ.എസ് ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയായിരുന്നു.

അതേസമയം 2023 ജൂലൈയില്‍ സിറിയന്‍ തലസ്ഥാനത്തെ ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഐ.എസ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ആറ് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

അസദിന്റെ പതനത്തോടെ സിറിയയിലെ ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍  ക്രമാതീതമായി വര്‍ധിച്ചെന്ന് കുര്‍ദിഷ് മിലിഷ്യ സഖ്യമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ (എസ്.ഡി.എഫ്) കമാന്‍ഡര്‍ ജനറല്‍ മസ്ലൂം അടുത്തിടെ പറഞ്ഞിരുന്നു.

മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സാഹചര്യം ഇപ്പോള്‍ ഐ.എസിന് രാജ്യത്തുണ്ടെന്നും സിറിയന്‍ ഭരണകൂടം ഉപേക്ഷിച്ചുപോയ ചില ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും അവര്‍ കൈക്കലാക്കിയിട്ടുണ്ടെന്നും മസ്ലൂം അബ്ദി അറിയിച്ചിരുന്നു.

അടുത്തിടെ നടന്ന യു.എസ് സേനയുടെ ആക്രമണത്തില്‍ രണ്ട് ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ സിറിയയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സിറിയയിലെ ഐ.എസിനെ പ്രതിരോധിക്കുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം 2000 ആയി ഇരട്ടിപ്പിച്ചതായി യു.എസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.

Content Highlight: Syria claims to have prevented an IS attack on a Shia shrine

Video Stories