[]വാഷിങ്ടണ്‍: സിറിയ രാസായുധ പ്രയോഗം നടത്തിയെന്നതിന് യു.എന്നിന്റെ പക്കല്‍ ശക്തമായ തെളിവുണ്ടെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍.
സ്വന്തം ജനതയ്ക്ക് മേല്‍ രാസായുധ പ്രയോഗം നടത്തിയ അസദിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്നും മൂണ്‍ കുറ്റപ്പെടുത്തി. ഇതിന് അസദ് വലിയ വിലനല്‍കേണ്ടി വരുമെന്നും മൂണ്‍ പറഞ്ഞു.
അതേസമയം സിറിയയുടെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവ്‌റോവും തമ്മില്‍ നടന്ന ചര്‍ച്ച വിജയം കണ്ടു.
സിറിയക്കെതിരായ ആക്രമണത്തില്‍ നിന്ന് അമേരിക്ക പിന്മാറിയ സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്.
സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമ്മേളനം വിളിച്ചു ചേര്‍ക്കാനും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരഹിരിക്കാനും റഷ്യയും അമേരിക്കയും തീരുമാനിച്ചു.
സിറിയന്‍ വിഷയത്തെ കുറിച്ച് രണ്ടാഴ്ചക്കുള്ളില്‍ അന്താരാഷ്ട്ര തലത്തില്‍ സമാധാന ചര്‍ച്ച വിളിച്ചു ചേര്‍ക്കുമെന്നും ലവ്‌റോവുമായി നടന്ന ചര്‍ച്ച ക്രിയാത്മകവും വിജയകരവുമായിരുന്നെന്നും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.
സിറിയക്കെതിരെ അമേരിക്ക ആഹ്വാനം ചെയ്ത സൈനിക നടപടിക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ലഭിക്കാതിരിക്കുകയും സിറിയയുടെ രാസായുധവുമായി ബന്ധപ്പെട്ട് റഷ്യയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം മുമ്പ് നടന്ന ചര്‍ച്ച വിജയകരമാകുകയും ചെയ്തതോടെയാണ് റഷ്യയുമായി ചര്‍ച്ചക്ക് തയ്യാറാകാന്‍ അമേരിക്ക തീരുമാനിച്ചത്.
രാസായുധം അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാമെന്ന് സിറിയ റഷ്യക്ക് ഉറപ്പ് നല്‍കിയതോടെയാണ് ആക്രമണ പദ്ധതിയില്‍ നിന്ന് അമേരിക്ക പിന്മാറിയത്. അതേസമയം, സിറിയക്കെതിരെ പരോക്ഷമായ ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യു.എസ് തീരുമാനിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.