ദമാസ്‌കസ്: ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സിറിയ അവസാനിപ്പിച്ചു. നേരത്തെ സിറിയയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതായി ഉക്രൈന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ഏറ്റവുമടുത്ത സഖ്യരാജ്യം കൂടിയായ സിറിയയും സമാന പ്രഖ്യാപനം നടത്തിയത്.
”പരസ്പര ബന്ധത്തിന്റെ തത്വത്തിന് അനുസൃതമായി ഉക്രൈനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കാന്‍ സിറിയന്‍ അറബ് റിപബ്ലിക് തീരുമാനിച്ചിരിക്കുന്നു,” സിറിയയുടെ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു
കഴിഞ്ഞ മാസമായിരുന്നു സിറിയയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതായി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പ്രഖ്യാപിച്ചത്. റഷ്യന്‍ പിന്തുണയുള്ള കിഴക്കന്‍ ഉക്രൈനിലെ വിമത പ്രവിശ്യകളായ റിപബ്ലിക് ഓഫ് ഡോണെട്‌സ്‌ക് റിപബ്ലിക് ഓഫ് ലുഹാന്‍സ്‌ക് എന്നിവയെ സിറിയ അംഗീകരിച്ചതോടെയായിരുന്നു ഉക്രൈന്റെ നീക്കം.
”ഉക്രൈനും സിറിയയുമായി ഇനിയങ്ങോട്ട് ഒരു ബന്ധവുമുണ്ടായിരിക്കില്ല,” എന്നായിരുന്നു സെലന്‍സ്‌കി പറഞ്ഞത്.