റിയാദ്: 11 വർഷങ്ങൾക്ക് ശേഷം സൗദി അറേബ്യയിൽ സിറിയയുടെ അംബാസിഡറെ നിയോഗിച്ച് സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിച്ചതിന് പിന്നാലെയാണ് സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയായ അയ്മൻ സൂസനെ സൗദി അറേബ്യയിൽ സിറിയയുടെ അംബാസിഡറായി നിയമിച്ചത്.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ മെക്താദ് പങ്കെടുത്ത ചടങ്ങിൽ ഐമൻ സൂസന് ഔദ്യോഗിക പദവി നൽകിയതായി സിറിയൻ വാർത്താ ഏജൻസിയായ സന പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഇതോടെ 2012 ന് ശേഷം സൗദി അറേബ്യയിലേക്ക് നിയോഗിക്കപ്പെടുന്ന ആദ്യ സിറിയൻ അംബാസിഡറായി സൂസൻ മാറി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികളും ഇതോടെ പൂർത്തിയായി.
2012 മാർച്ചിൽ സിറിയയിലെ എംബസി പ്രവർത്തനം അവസാനിപ്പിച്ച സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചിരുന്നു.
ഈ വർഷം മേയ് മാസത്തിൽ ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനും എംബസികൾ പുനരാരംഭിക്കാനും തീരുമാനമായിരുന്നു.
മെയ് മാസത്തിൽ തന്നെ അറബ് രാജ്യങ്ങളുടെ സംഘടനയായ അറബ് ലീഗ് സിറിയയെ തിരിച്ചു വിളിക്കാനും തീരുമാനിച്ചിരുന്നു.
1945ൽ അറബ് ലീഗ് സ്ഥാപിച്ച ആറ് രാജ്യങ്ങളിലൊന്നാണ് സിറിയ. പ്രതിപക്ഷ പ്രതിഷേധങ്ങളെ സിറിയ അടിച്ചമർത്തുന്നു എന്നാരോപിച്ച് 2011 നവംബറിൽ സിറിയയുടെ അംഗത്വം അറബ് ലീഗ് സസ്പെൻഡ് ചെയ്തിരുന്നു.
Content Highlight: Syria appoints new ambassador to Saudi Arabia after 11 years