| Monday, 12th March 2018, 2:48 pm

ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? സൂക്ഷിക്കുക, നിങ്ങളുടെ വൃക്കകള്‍ അപകടത്തിലാണെന്ന് പഠനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രായഭേദമന്യേ എല്ലാവര്‍ക്കും പിടിപെടുന്ന രോഗങ്ങളില്‍ ഒന്നാണ് വൃക്കരോഗങ്ങള്‍. മാറിയ ജീവിത സാഹചര്യവും ഭക്ഷണശീലങ്ങളും വൃക്കകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്.

മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ കണ്ടുവരുന്ന വൃക്കരോഗത്തെ നിസ്സാരമായി കാണരുതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ശരീരത്തിലെ ചില മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ വൃക്കരോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വൃക്കരോഗം ഗുരുതരമാകുമ്പോഴാണ് അതിന്റെ ലക്ഷണങ്ങള്‍ പുറത്തുവരുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കാലിലും മുഖത്തുമുണ്ടാകുന്ന നീര്

നിങ്ങളുടെ മുഖത്തും പാദങ്ങളിലും അസ്വാഭാവികമായി നീരുണ്ടാകുന്നത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. തകരാറിലായ വൃക്കകള്‍ ശരീരത്തില്‍ നിന്ന് അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെട്ടുവെന്നതിന്റെ ലക്ഷണമാണ് ഈ നീര് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

മൂത്രത്തിന്റെ മാറ്റം

ആരോഗ്യമുള്ള ഒരു വ്യക്തി രാത്രിയില്‍ ഒരു തവണയും പകല്‍ മൂന്നുതവണയും മൂത്രമൊഴിക്കുന്നത് സാധാരണയാണ്. എന്നാല്‍ രാത്രിയില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നത് വൃക്കകളുടെ തകരാറിന്റെ ലക്ഷണമാണ്. അതു മാത്രമല്ല സാധാരണമല്ലാത്ത വിധത്തില്‍ മൂത്രം നേര്‍ത്ത് കട്ടിക്കുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അല്പ്പാല്പമായി പോകുക, മൂത്രത്തില്‍ രക്തം കലര്‍ന്ന് കാണുക ഇവയെല്ലാം വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

രുചിയില്ലായ്മ അനുഭവപ്പെടുക

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനാകാത്ത തരത്തില്‍ വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാല്‍ വിശപ്പും രുചിയും നഷ്ടപ്പെടാവുന്നതാണ്.

ശരീരത്തിന്റെ വിവിധഭാഗങ്ങളിലുണ്ടാകുന്ന വേദന

മുതുക്, ഇടുപ്പ്, വാരിയെല്ലുകള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. ഇതിന്റെ ഭാഗമായി ശരീരത്തിന് വേദനകള്‍ കൂടാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം ലക്ഷണങ്ങള്‍ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇവയുണ്ടായാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടി ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണ്.

Latest Stories

We use cookies to give you the best possible experience. Learn more