റോബിന്‍ വില്യംസ് എന്ന അതുല്യ നടന്റെ അകാല മരണം വേദനിപ്പിക്കുന്നതോടൊപ്പം നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് വിഷാദ രോഗം എന്ന മാനസിക അസ്വാസ്ഥ്യം. ഈ രോഗത്തെ കുറിച്ച് അധികം ആര്‍ക്കും ശരിയായ ധാരണ ഇല്ല എന്നതാണ് വാസ്തവം.
ഈ രോഗത്താല്‍ കഷ്ടപ്പെടുന്ന പകുതിയോളം വ്യക്തികള്‍ രോഗികളും അവരുടെ രോഗം തിരിച്ചു അറിയാതെ പോവുന്നവരാണ്. വിഷാദ രോഗം(Major Depression or Clinical Depression) എന്നാല്‍ പലരും കരുതുന്നത് ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ പലര്‍ക്കും ഉണ്ടാവുന്ന വിഷാദത്തിന് സമാനമായ ഒന്നാണ് എന്നാണു എന്നാല്‍ ഇവ തമ്മില്‍ അജഗജാന്തരം ഉണ്ട് എന്നതാണ് വസ്തുത.
മനസ്സിനെ ബാധിക്കുന്ന രോഗങ്ങള്‍ വിവിധങ്ങള്‍ ആണ്.അതോരോന്നിന്റെയും ലക്ഷണങ്ങളും, രോഗാതുരതയും, ചികിത്സയും ഒക്കെ വെവ്വേറെ ആണെങ്കിലും സാമാന്യ ജനം പലപ്പോഴും എല്ലാ തരം മാനസികാസ്വാസ്ഥ്യങ്ങളെയും “ഭ്രാന്ത്” എന്നൊരു വിവക്ഷയില്‍ മാത്രം കണക്കാക്കുന്നു.
മറ്റു രോഗങ്ങളെ പോലെ തന്നെ ശരീരത്തിനെ ബാധിക്കുന്ന ഒരു അസുഖം ആണ് ഇതും, മാനസിക വ്യാപാരങ്ങള്‍ നിയന്ത്രിക്കുന്ന തലച്ചോര്‍ എന്ന അവയവത്തില്‍ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ എന്ന രാസഘടകങ്ങളുടെ വ്യതിയാനങ്ങള്‍ ആണ് മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാവുന്നത്.
ഒട്ടുമിക്ക അവസരങ്ങളിലും ഇത് ചികിത്സിച്ചു ഭേദമാക്കാനോ നിയന്ത്ര വിധേയമാക്കാനോ കഴിയും എന്നത് മിക്കവരും ഇനിയും മനസ്സിലാക്കിയിട്ടില്ല.
ഇതൊക്കെ കൊണ്ട് തന്നെ ഒരു അനാവശ്യ സാമൂഹിക അവജ്ഞ മാനസിക അസ്വാസ്ഥ്യം ഉള്ളവര്‍ നേരിടേണ്ടി വരുന്നുണ്ട്.
എന്താണ് വിഷാദ രോഗം ?
ഏവരും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മനോവിഷമത്തില്‍ അകപ്പെടാം,എന്നാല്‍ അവ സമയം കൊടുക്കുമ്പോള്‍ മാറുന്നതായി കാണാം.
എന്നാല്‍ നിരന്തരമായി ദീര്‍ഘനാള്‍ സങ്കടവും,നിരാശയും,താല്‍പ്പര്യമില്ലായ്മയും ഒക്കെ ബാധിച്ചു നിത്യ ജീവിതത്തിലെ കര്‍മ്മങ്ങളില്‍ ഇടപെടാന്‍ കഴിയാതെ ഇരിക്കുക, ഉറക്കം,ഭക്ഷണം,സുഹൃത്തുക്കളുടെ കൂടെ ഉള്ള കളിതമാശകള്‍ എന്നിവയില്‍ താല്‍പ്പര്യമില്ലാതെ ആവുകയും, ജീവിതം തന്നെ വ്യര്‍ത്ഥം എന്ന് തോന്നുകയും ചെയ്യുന്ന പോലുള്ള അവസ്ഥ ആണ് വിഷാദ രോഗം.
വിഷാദരോഗത്തെ തിരിച്ചറിയാന്‍ അവയുടെ ലക്ഷണങ്ങള്‍ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങളില്‍ പലതും നിങ്ങള്‍ക്ക്/വേണ്ടപ്പെട്ടവര്‍ക്ക് നിരന്തരം (എല്ലാ ദിവസവും തന്നെ) ഉണ്ടെങ്കില്‍ ഒരു മനോരാഗ വിദഗ്ദ്ധനെ കാണാന്‍ മടിക്കരുത്.
• സ്ഥായിയായ സങ്കടഭാവം,ശൂന്യത,നിരാശാ ബോധം. ഒട്ടു മിക്ക പ്രവര്‍ത്തനങ്ങളിലും സന്തോഷം കണ്ടെത്താന്‍ കഴിയാതെ വരുക.
• ഭക്ഷണ നിയന്ത്രണം ഇല്ലാതെ ഇരിക്കെ തന്നെ ശരീര ഭാരം കാര്യമായി കുറയുക,അതും അല്ലെങ്കില്‍ ശരീരഭാരം കൂടുക.
• ഉറക്കമില്ലായ്മ അല്ലെങ്കില്‍ അമിതമായി ഉറങ്ങാന്‍ തോന്നുക .
• ഒട്ടും ഊര്‍ജ്ജം ഇല്ല എന്ന് തോന്നുന്ന തരത്തില്‍ തളര്‍ച്ച അനുഭവപ്പെടുക.
• തന്നെ കൊണ്ട് ഗുണം ഇല്ല എന്ന് തോന്നുക അല്ലെങ്കില്‍ അനാവശ്യമോ ആവശ്യത്തിലധികാമോ കുറ്റബോധം.
• തീരുമാനം എടുക്കാന്‍/ചിന്തിക്കാന്‍/ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒക്കെ കഴിയാതെ വരുക.
7. മരണത്തെക്കുറിച്ച് /ആത്മഹത്യയെക്കുറിച്ച് നിരന്തര ചിന്ത വരുക അല്ലെങ്കില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുക.
സാധാരണയായി 20 വയസ്സിനു മുകളിലുള്ളവരിലാണ് വിഷാദരോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും കുട്ടികളിലും കൗമാരപ്രായക്കാരിലും വിഷാദരോഗം ഉണ്ടാകാറുണ്ട്. സ്‌കൂളില്‍ പോകാന്‍ മടി, അകാരണമായ ദേഷ്യം, വിശപ്പില്ലായ്മ, മറ്റുള്ളവരോട് സംസാരിക്കാന്‍ താത്പര്യമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ കുട്ടികള്‍ പ്രകടിപ്പിക്കാറുണ്ട്. പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ലൈംഗികപീഡനം, മോശമായ ഗൃഹാന്തരീക്ഷം തുടങ്ങിയവയൊക്കെ കുട്ടികളിലെ വിഷാദരോഗത്തിന് കാരണമാകാറുണ്ട്.
ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ശാരീരിക രോഗങ്ങള്‍ ഉള്ളവര്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന്, ഒരു തവണ ഹൃദയാഘാതം വന്നവരില്‍ 25 ശതമാനം പേര്‍ക്ക് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിഷാദരോഗം പിടിപെടാന്‍ സാധ്യതയുണ്ട്. ഇത്തരക്കാര്‍ക്ക് വിഷാദരോഗത്തിനുള്ള ചികിത്സ നല്‍കാത്തപക്ഷം ഒരു വര്‍ഷത്തിനകം വീണ്ടും ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത ആറുമടങ്ങ് കൂടുതലാണ്.
വിഷാദ രോഗങ്ങളുടെ പ്രധാന പരിണിതഫലങ്ങളിലൊന്നാണ് ആത്മഹത്യപ്രവണത. ഇത്തരം ആള്‍ക്കാര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമങ്ങള്‍ തുടരെ തുടരെ നടത്താന്‍ സാധ്യതയുണ്ട്.
ആത്മഹത്യയെക്കുറിച്ചുള്ള ചില മിഥ്യാധാരണകള്‍
തെറ്റായ ധാരണ 1
ആത്മഹത്യ ചെയ്യാന്‍ പോവുന്നവര്‍ അതിനെ കുറിച്ച് പറയില്ല,എന്നാല്‍ മുന്‍പ് പറയാതെ ഇരിക്കുന്നവര്‍ ആയിരിക്കും പൊടുന്നനെ അത് ചെയ്യുക” എന്നത് തെറ്റായ ധാരണ ആണ്.
സത്യത്തില്‍ പറയുന്നവര്‍ തന്നെ ആണ് പലപ്പോഴും ഈ കൃത്യം ചെയ്യുക.ഇവരിലെ ആത്മഹത്യാ പ്രവണത മനസ്സിലാക്കി അവര്‍ പറയുന്നത് നിസ്സാരമായി കണ്ടു അവഗണിക്കാതെ വേണ്ട പരിഗണനയ്ക്ക് വിധേയമാക്കുക.
തെറ്റായ ധാരണ 2
ഒരാള്‍ മരിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ അയാളെ തടയാന്‍ ഒന്നിനും ആവില്ല”
മരിക്കാന്‍ തയ്യാറെടുക്കുന്ന ആളുകളില്‍ പലരും അവസാന നിമിഷം വരെ രണ്ടു മനസ്സില്‍ ആയിരിക്കും,മിക്കവരും മരിക്കാന്‍ ആഗ്രഹിക്കുക അല്ല അന്നേരം അനുഭവിക്കുന്ന മാനസികവ്യഥകളില്‍ നിന്നുള്ള വിമുക്തി ആണ് ആഗ്രഹിക്കുന്നത്.
തെറ്റായ ധാരണ 3
സഹായം തേടാന്‍ മടിയോ സഹായത്തിനു വിധേയപ്പെടാത്തവരോ ആയിരിക്കും ആത്മഹത്യ ചെയ്യുക.”
സഹായം തേടാനും അത് കൊണ്ട് പ്രയോജനം നേടാനും കഴിയുന്നവര്‍ ആണ് ആത്മഹത്യാ പ്രവണത ഉള്ളവരില്‍ ഭൂരിഭാഗം പേരും എന്നതാണ് സത്യം.
തെറ്റായ ധാരണ 4
ഇത്തരം പ്രവണത ഉള്ളവരോട് ആത്മഹത്യയെക്കുറിച്ച് തുറന്നു സംസാരിക്കുന്നതു ആത്മഹത്യ ചെയ്യാന്‍ അവര്‍ക്ക് പ്രേരണയാവും. ഇതേക്കുറിച്ച് തുറന്നു സംസാരിക്കുന്നതു ഗുണമേ ചെയ്യൂ എന്നതാണ് സത്യം.
ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്ന ഒരാള്‍ സഹായം തേടി എന്നിരിക്കില്ല പക്ഷെ അതിനര്‍ത്ഥം അവര്‍ സഹായം ആഗ്രഹിക്കുന്നില്ല എന്നല്ല.ഒട്ടുമിക്കവാറും പേര്‍ ആത്മഹത്യ ചെയ്യുന്നത് മരണം ആഗ്രഹിചിട്ടല്ല മറിച്ചു അവര്‍ അനുഭവിക്കുന്ന പീഡയ്ക്ക് അറുതി വരുത്താന്‍ ഉള്ള ശ്രമം ആണ്.വാക്കാല്‍ സഹായം തേടാതെ ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവര്‍ പോലും പ്രവര്‍ത്തിയിലൂടെയും പെരുമാറ്റത്തിലൂടെയും ആത്മഹത്യാ പ്രവണത/അപായ സൂചനകള്‍ പ്രകടമാക്കുന്നു. ഈ സൂചനകള്‍ ഏവരും തിരിച്ചറിഞ്ഞു അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇടപെട്ടാല്‍ പ്രിയപ്പെട്ടവരുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചേക്കാം.
ഒരു വ്യക്തിയെ ആത്മഹത്യാ പ്രവണതയിലേക്ക് എത്തിക്കുന്ന പല ഘടകങ്ങള്‍ ഉണ്ട്. പലപ്പോഴും ഒന്നില്‍ കൂടുതല്‍ അപകട സാധ്യതകള്‍ ഘടകങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാണ് ഈ രോഗാവസ്ഥയില്‍ എത്തുക.
ആത്മഹത്യാ പ്രവണത എങ്ങനെ തിരിച്ചറിയാം?
മരണം മാത്രം ആണ് പീഡകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഏക മാര്‍ഗ്ഗം എന്ന നിലയില്‍ ചിന്തകള്‍ ഉരുണ്ടുകൂടാം. ഇത്തരം ചിന്തകള്‍ പ്രസരിപ്പിക്കുന്നത് ഒരു അപായ സൂചന മാത്രം അല്ല, രക്ഷപ്പെടാന്‍ ഉള്ള ഒരു നിലവിളി ആയി കൂടി കേള്‍ക്കുന്നവര്‍ ഉള്‍ക്കൊള്ളണം.
ആത്മഹത്യയിലേക്ക് വിരല്‍ ചൂണ്ടുന്ന അപായ സൂചനകള്‍
മരിക്കുന്നതിനെ കുറിച്ചോ സ്വയം അപായപ്പെടുത്തുന്നതിനക്കുറിച്ചോ സംസാരിക്കുക. കടുത്ത നിരാശ രക്ഷപ്പെടാനാവാത്ത അവസ്ഥയെ കുറിച്ച് അതി വൈകാരികമായി പ്രതിപാദിക്കുക
വീണ്ടു വിചാരം/കൂസലില്ലാതെ മരണത്തെ വിളിച്ചു വരുത്തുന്ന പോലെ ചില പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക (ഉദാ: അപകടകരമായി വാഹനമോടിക്കുക)
അടുപ്പമുള്ളവരെ സന്ദര്‍ശിക്കുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തു വിട പറയുക, ചില ചെയ്തു തീര്‍ക്കാന്‍ ഉള്ള കാര്യങ്ങള്‍ തീര്‍പ്പാക്കുക (ഉദാ: വിലപ്പെട്ടതായി സൂക്ഷിച്ച വസ്തുക്കള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുക.)
“ഞാന്‍ ഇല്ലാതാവുന്നതായിരിക്കും എല്ലാവര്‍ക്കും നല്ലത്” “എനിക്കിവിടുന്നു രക്ഷപ്പെടണം/ പോവണം ” എന്ന രീതിയില്‍ ഒക്കെ സംസാരിക്കുക.
ആത്മഹത്യ എങ്ങനെ പ്രതിരോധിക്കാം?
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടപെട്ടവരില്‍ കണ്ടെത്താന്‍ ആയാല്‍,
ഉടന്‍ നിങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുക,തുറന്നു സംസാരിക്കുക. ആ ആള്‍ക്ക് അടിയന്തിരമായി വിദഗ്ദ്ധ സഹായം നല്‍കാന്‍ ഉള്ള നടപടി എടുക്കുക.
അവരെ അന്നേരം ഒരു കാരണവശാലും ഒറ്റയ്ക്ക് ആവാന്‍ അവസരം ഉണ്ടാക്കരുത്. പലരും സംസാരിക്കാന്‍ വിമുഖത കാണിക്കും,ആത്മഹത്യയെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ മടിക്കും എന്നാല്‍ ആ വ്യക്തിയോട് ഉടനടി ആത്മഹത്യാ ചിന്തകളെപ്പറ്റി തുറന്നു സംസാരിക്കുകയും വികാര വിചാരങ്ങള്‍ പങ്കു വെക്കുകയും ചെയ്യുന്നത് ഒരു വിലപ്പെട്ട ജീവന്‍ തന്നെ രക്ഷിക്കാന്‍ കഴിയും. ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന മഹത്വവല്‍ക്കരിക്കുന്ന രീതിയില്‍ ഒരിക്കലും സംസാരിക്കാനോ ചിന്തകള്‍ പ്രസരിപ്പിക്കാനോ പാടുള്ളതല്ല എന്നും ഓര്‍മ്മയില്‍ വെക്കുക.
ചില പ്രധാന അപായഹേതുക്കള്‍(risk factors)
മനോരോഗങ്ങള്‍ പ്രത്യേകിച്ച് mood disorders ഉദാ: bipolar disorder, schizophrenia,depression അഥവാ വിഷാദരോഗം വിഷാദരോഗത്തെ എങ്ങനെ അറിയാം എന്ന് ഇവിടെ വായിക്കാം
ലഹരി വസ്തുക്കളുടെ ദുരുപയോഗം വ്യക്തി ജീവിതത്തില്‍ ഉണ്ടായിട്ടുള്ള പ്രാധാന്യമര്‍ഹിക്കുന്ന നഷ്ടങ്ങള്‍ ഉദാ:വേണ്ടപ്പെട്ടവരുടെ മരണം,അടുത്ത വ്യക്തി ബന്ധങ്ങള്‍ നഷ്ടമാവുന്ന അവസ്ഥ,ജോലി നഷ്ടമാവുക,ആത്മാഭിമാനത്തിന് ക്ഷതം ഏല്‍ക്കുന്ന സംഭവങ്ങള്‍
അസഹനീയമായ ശാരീരികമോ മാനസികമോ ആയ വേദനകള്‍.
അതീവ വിഷാദ ഭാവത്തില്‍ ഉള്ള ഒരാള്‍ പെട്ടന്ന് ഒരു ദിവസം ശാന്തനും സന്തോഷവാനും ആയി പെരുമാറുക തുടങ്ങിയ പെരുമാറ്റ രീതികള്‍ ഇവരില്‍ ഉണ്ടാകാറുണ്ട്.
നിര്‍ഭാഗ്യവശാല്‍ പലപ്പോഴും ഈ അവസ്ഥയില്‍ ഉള്ള വ്യക്തിയുമായി ഇടപഴകുന്നവര്‍ പോലും ഇതൊരു രോഗാവസ്ഥ ആണെന്നും, ശരിയായ ചികിത്സ കൊടുക്കേണ്ടതാണ് എന്നും അറിയാതെ പോവുന്നു.
“ഈ നിസ്സാര കാര്യത്തിനാണോ വിഷമം….” “ഇതൊക്കെ അങ്ങ് മാറില്ലേ…. തുടങ്ങി സാന്ത്വന വാക്കുകളില്‍ ഒതുങ്ങും കാര്യങ്ങള്‍ എന്നാല്‍ വിഷമിക്കേണ്ട കാര്യം ഇല്ലല്ലോ എന്ന് രോഗിക്ക് തോന്നുന്ന അവസ്ഥയില്‍ പോലും അവര്‍ക്ക് സ്വപരിശ്രമം കൊണ്ട് മറി കടക്കാന്‍ ആവാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആവും വിഷാദ രോഗം ഉള്ളവര്‍.ശരിയായ ചികിത്സ ആണ് ആവശ്യം.
ഇത് തേടാതെ ഇരുന്നാല്‍ രോഗം മൂര്‍ഛിക്കുകയും ഒടുവില്‍ ആത്മഹത്യ പോലുള്ളവയില്‍ എത്തുകയും ചെയ്യാം.എന്നാല്‍ ഡോക്ടറുടെ സഹായം തേടിയാല്‍ ചികിത്സയിലൂടെ രോഗവിമുക്തി നേടുകയോ രോഗം നിയന്ത്രണ വിധേയമാക്കുകയോ ആവാം.
വിഷാദരോഗം ഉള്‍പ്പെടെ ഉള്ള മാനസികാസ്വാസ്ഥ്യങ്ങളുടെ രോഗവിമുക്തിക്കു മരുന്നോ ചികിത്സയോ മാത്രം അല്ല വേണ്ടപ്പെട്ടവരുടെ ശ്രദ്ധയും പരിചരണവും കൂടി അതീവ പ്രാധാന്യം ഉള്ളതാണ് എന്നതും ഓര്‍ക്കുക.