സിമ്പോളിസം, മെറ്റഫര്‍, ഇമേജറി (പ്രതീകം, രൂപകം, അലങ്കാരം) എന്നിവകളാല്‍ സമ്പന്നമാണ് മാരി സെല്‍വരാജ് ചിത്രങ്ങള്‍. ആദ്യ ചിത്രമായ പരിയേറും പെരുമാള്‍ മുതല്‍ തന്റെ ചിത്രങ്ങളുടെ യുണീക്‌നെസ് മാരി സ്ഥാപിച്ചുപോരുന്നുണ്ട്.
അദ്ദേഹം ചെയ്ത മൂന്ന് ചിത്രങ്ങളിലും ഇതുപോലെയുള്ള ഘടകങ്ങള്‍ കാണാം. ആ ഘടകങ്ങള്‍ കൊണ്ടും കൂടിയാണ് പരിയേറും പെരുമാളും കര്‍ണനും മാമന്നനുമെല്ലാം വേറിട്ട് നില്‍ക്കുന്നതും. മൃഗങ്ങള്‍, കറുപ്പ്, വെളുപ്പ്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയ്മുകള്‍ എന്നിങ്ങനെ നിരവധി ബിംബങ്ങള്‍ തന്റെ ആശയങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കാന്‍ മാരി ഉപയോഗിക്കാറുണ്ട്.
മാമന്നന്‍ എന്ന ചിത്രം തുടങ്ങുമ്പോള്‍ ഒരു വശത്ത് രത്‌നവേലിന്റെ നായകള്‍ മത്സരത്തിനായി ഒരുങ്ങുകയാണ്. മറുവശത്ത് അതിവീരന്‍ തന്റെ പന്നികളെ പരിപാലിക്കുന്ന രംഗമാണ് കാണിക്കുന്നത്. രത്‌നവേലിന്റെ നായ്ക്കള്‍ പഴകിയതെങ്കിലും മനുഷ്യര്‍ താമസിക്കുന്ന തരത്തിലുള്ള ഇരുനിലവീട്ടിലാണ്, അതിവീരന്റെ പന്നികള്‍ ചെളിയിലും. നായയെ ഇവിടെ സവര്‍ണതയുടെയും കറുത്തിരിക്കുന്ന പന്നിയെ കീഴാളരുടെയും അടയാളമായാണ് മാരി ചിത്രീകരിക്കുന്നത്.
കറുത്ത പന്നിക്കുട്ടിയെ കയ്യിലെടുത്തിരിക്കുന്ന അതിവീരന്റെ പല രംഗങ്ങളും ചിത്രത്തില്‍ കാണാം. അതിവീരന്റെ പെയ്ന്റിങ്ങിലും പരസ്പരം പോരാടാനൊരുങ്ങുന്ന പന്നിയേയും നായയേയുമാണ് കാണുന്നത്.
അതിവീരന്‍ വരയ്ക്കുന്ന, വര്‍ണ ചിറകുകള്‍ മുളച്ച് പറക്കുന്ന പന്നിക്കുട്ടിയും നായ്ക്കൂട്ടത്താല്‍ കൂട്ടക്കൊല ചെയ്യപ്പെട്ട പന്നിക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുന്ന പന്നിക്കുട്ടിയും വീരനും മാമന്നനും അടങ്ങുന്ന കീഴാളരിലെ പ്രതീക്ഷയുടെയും അതിജീവനത്തിന്റേയും നാളങ്ങളാണ്.
ഇനി രത്‌നവേലുള്‍പ്പെടുന്ന സവര്‍ണ കൂട്ടത്തിലും ഇതേപോലെയുള്ള സിമ്പോളിസങ്ങള്‍ മാരി ഉപയോഗിച്ചിട്ടുണ്ട്. ഗ്രാമ സംഘത്തിലെ നേതാവിന്റെ കാലില്‍ തൊട്ടുവണങ്ങി അപമാന ഭാരത്തോടെ മുറിയിലേക്ക് നടക്കുന്ന രത്‌നവേലിന്റെ രംഗത്തിന് സമാന്തരമായി അയാള്‍ കുതിരപ്പുറത്തേറി കുന്നിന് മുകളിലൂടെ നടക്കുന്ന രംഗവും കാണാം. രത്‌നവേലിന്റെ ഉള്ളിലെ ഈഗോയ്ക്ക് ഏല്‍ക്കുന്ന മുറിവാണ് ഇവിടെ പ്രകടമാവുന്നത്.
തൊട്ടുമുമ്പ് വന്ന കര്‍ണനിലെ നായകന് മാരി നല്‍കിയ സിമ്പോളിസം കഴുതയാണ്. ആ കഴുതയുടെ കാലിലെ കെട്ടഴിക്കുന്നതിനൊപ്പം തന്റെ മേലുണ്ടായിരുന്ന കെട്ടുകള്‍ കൂടി അഴിക്കുകയായിരുന്നു നായകന്‍. കോഴിക്കുഞ്ഞിനെ റാഞ്ചുന്ന പരുന്തും കീഴാളരെ അരികുവല്‍കരിച്ച് ആനന്ദം കണ്ടെത്തുന്ന സവര്‍ണ സമൂഹത്തെയാണ് സൂചിപ്പിക്കുന്നത്.
കര്‍ണനെ കേന്ദ്രീകരിക്കുന്ന മഹാഭാരതത്തിന്റെ സിമ്പോളിസമാണ് കര്‍ണന്‍ എന്ന ചിത്രം തന്നെ. കുന്തിയുടെ മകനായ കര്‍ണനെ വളര്‍ത്തുന്നത് സൂതരാണ്. അവിടെ മുതല്‍ അയാള്‍ താണ ജാതിക്കാരനാവുന്നു. മാരി സെല്‍വരാജിന്റെ കര്‍ണനും ഔട്ട് കാസ്റ്റാണ്. കര്‍ണന്റെ കീഴാളരായ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മഹാഭാരതത്തിലെ രാജാക്കന്മാരും രാജ്ഞിമാരുമായ ദ്രൗപതി, ദുര്യോധനന്‍, അഭിമന്യു എന്നീ പേരുകളാണ് മാരി നല്‍കിയിരിക്കുന്നത്. ഔട്ട്കാസ്റ്റിന് എന്തുകൊണ്ട് രാജാക്കന്മാരുടെ പേരുകള്‍ നല്‍കിക്കൂടാ. സവര്‍ണതയുടെ അടയാളമാവുന്ന കുതിരപ്പുറത്ത് വാളേന്തി വരുന്ന കീഴാളനായ നായകനും മറ്റൊന്നല്ല പറയുന്നത്.
പരിയേറും പെരുമാളിലുടനീളം നായകനൊപ്പം മരിച്ചുപോയ അവന്റെ നായ ഉണ്ട്. ആദ്യചിത്രത്തിലെ ഐകോണിക് ക്ലൈമാക്‌സ് രംഗം മാത്രം മതി മാരി എന്ന സംവിധായകനെ അടയാളപ്പെടുത്താന്‍.
നായികയുടെ അച്ഛന്‍ കുടിക്കുന്ന പാല്‍ ചായ ഗ്ലാസിന്റെയും നായകന്‍ കുടിക്കുന്ന കട്ടന്‍ ചായ ഗ്ലാസിന്റെയും നടുവില്‍ വീഴുന്ന വെള്ള പൂവ് ഒരു തുടക്കമാവാം. നിറത്തിന്റേയോ ജാതിയുടേയോ പേരില്‍ ആരും മാറ്റിനിര്‍ത്തപ്പെടാത്ത ഒരു ലോകത്തിലേക്കുള്ള തന്റെ പ്രതീക്ഷയാവാം ആ ക്ലൈമാക്‌സിലൂടെ മാരി പങ്കുവെച്ചിട്ടുണ്ടാവുക.
കറുപ്പും വെളുപ്പും ബ്ലാക്ക് ആന്റ് വൈറ്റ് ഫ്രെയിംസും മൃഗങ്ങളുമെല്ലാമുള്‍പ്പെടുന്ന സിമ്പോളിസങ്ങള്‍ മാരി സിനിമകളെ മറ്റുള്ളവയില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നുണ്ട്.
Content Highlight: symbolisms in mari selvaraj movies