| Tuesday, 12th October 2021, 9:45 pm

ന്യൂനപക്ഷങ്ങളോട് അവഗണന; ബി.ജെ.പിയില്‍ നിന്ന് വീണ്ടും രാജിവെച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സയ്യിദ് താഹ ബാഫഖി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബി.ജെ.പിയില്‍ നിന്ന് വീണ്ടും രാജിവെച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സയ്യിദ് താഹ ബാഫഖി തങ്ങള്‍.

രാജിവെച്ചിട്ടും തന്നെ ബി.ജെ.പി വിട്ടില്ലെന്നും അതിന് ശേഷം കെ. സുരേന്ദ്രന്‍ നടത്തിയ യാത്രയില്‍ വീണ്ടും വേദിയില്‍ കൊണ്ടുവന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘രാജിവെച്ചതിന് ശേഷവും എന്നെ പരസ്യമായി അപമാനിക്കുന്നത് തുടര്‍ന്നു. ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ശ്യാം എന്ന വ്യക്തി പരസ്യമായി എന്നെ അധിക്ഷേപിച്ചു.

അയാള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇവര്‍ മനുഷ്യരെയല്ല സ്നേഹിക്കുന്നത്. മതത്തേയാണ്. ഭിന്നിപ്പിക്കലാണ് ഏറ്റവും വലിയ ആയുധം.’ സയ്യിദ് താഹ ബാഫഖി തങ്ങള്‍ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റേഴ്സ് അവറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ബി.ജെ.പിക്ക് രാജിക്കത്ത് കൈമാറിയത്. നേരത്തെ മുസ്‌ലിം ലീഗിലായിരുന്ന സയ്യിദ് താഹ ബാഫഖി തങ്ങള്‍ 2019 ആഗസ്റ്റിലായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നത്. ശേഷം ഡിസംബറില്‍ ആദ്യമായി രാജിവെക്കുകയായിരുന്നു.

പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചായിരുന്നു മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ ചെറുമകന്‍ കൂടിയായ ഇദ്ദേഹം ബി.ജെ.പിയില്‍ നിന്നും ആദ്യം രാജിവെച്ചത്.

എന്നാല്‍ ബി.ജെ.പിക്കാര്‍ പിന്തുടര്‍ന്ന് രണ്ടാമതും സംഘടനയില്‍ ചേര്‍ക്കുകയായിരുന്നുവെന്നാണ് സയ്യിദ് താഹ ബാഫഖി തങ്ങളുടെ വിശദീകരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Syed Taha Bafaki Thangal criticizes leadership after resigning from BJP

Latest Stories

We use cookies to give you the best possible experience. Learn more