ബംഗളൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ പരാജയപ്പെട്ടുവെന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ആവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സയ്യിദ് നസീര്‍ ഹുസൈന്‍. ജനതാദള്‍ (സെക്കുലര്‍) നേതാവായ കുമാരസ്വാമി ആര്‍.എസ്.എസ് നിക്കര്‍ ധരിക്കാന്‍ തുടങ്ങിയത് മുതല്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ തുടങ്ങിയെന്ന് നസീര്‍ ഹുസൈന്‍ പറഞ്ഞു.
തങ്ങളുടെ അഞ്ച് ഉറപ്പുകളൂം കര്‍ണാടകയില്‍ പൂര്‍ണമായി നടപ്പിലാക്കിയിട്ടുണ്ടെന്നും പുതിയ പദ്ധതികളായതിനാല്‍ ചില പ്രാരംഭ തടസ്സങ്ങള്‍ നേരിട്ടിരുന്നെന്നും നസീര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തന്റെ പാര്‍ട്ടി ആ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ടെന്നും ആയതിനാല്‍ ഒരു രീതിയിലുള്ള പേടിയും അതിന്മേല്‍ വേണ്ടതില്ലെന്നും കോണ്‍ഗ്രസ് രാജ്യസഭാ എം.പി കൂടിയായ അദ്ദേഹം പറഞ്ഞു.
കുമാരസ്വാമി ഒന്നിനെയും കുറിച്ച് ആലോചിച്ച് പേടിക്കേണ്ടതില്ലെന്നും സംസ്ഥാനം ഭരിക്കാന്‍ കോണ്‍ഗ്രസ് പ്രാപ്തരാണെന്നും നസീര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയതിന് ശേഷമാണ് പദ്ധതികളൊരുക്കാന്‍ പുറപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ ജെ.ഡി.എസിന് കഴിയില്ലെന്നും ആശയകുഴപ്പങ്ങളുണ്ടാക്കുന്ന പ്രസ്താവനകള്‍ തെലങ്കാനയില്‍ ബി.ആര്‍.എസിനും ബി.ജെ.പിക്കും തോല്‍വിക്ക് കാരണമാകുമെന്നും നസീര്‍ ഹുസൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വോട്ടിന് വേണ്ടി ജാതികളെ ഭിന്നിപ്പിക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്ന് ഹുസൈന്‍ ആരോപിച്ചു. എന്നാല്‍ വിവിധ ജാതി സമൂഹങ്ങളെ പിളര്‍ത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഉപജാതികളെ കണ്ടെത്തി അവരുടെ അവസ്ഥയ്ക്ക് അനുസൃതമായ ക്ഷേമപദ്ധതികള്‍ നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും കോണ്‍ഗ്രസ് ആദ്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി.ആര്‍.എസിനും ബി.ജെ.പിക്കും തോന്നുന്നുണ്ട്. അവര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയുന്നില്ല. അവര്‍ നുണകള്‍ പ്രചരിപ്പിക്കുകയും വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ ശാരീരിക ആക്രമണം നടത്തുന്നു. വോട്ടര്‍മാരെയും പാര്‍ട്ടിക്കാരെയും ഭയപ്പെടുത്തി ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ബി.ജെ.പിയുടെയും ബി.ആര്‍.എസിന്റെയും ഗുണ്ടകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങാന്‍ പോകുന്നില്ല,’ നസീര്‍ ഹുസൈന്‍ പറഞ്ഞു.