സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെ പരാജയപ്പെടുത്തി ബറോഡ. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ മൂന്ന് വിക്കറ്റിനാണ് ബറോഡ വിജയിച്ചുകയറിയത്. സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ബറോഡക്ക് തുണയായത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബറോഡ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് പടുത്തുയര്‍ത്തി. നാരായണ്‍ ജഗദീശന്റെ അര്‍ധ സെഞ്ച്വറിയുടെയും സൂപ്പര്‍ താരം വിജയ് ശങ്കറിന്റെ മികച്ച പ്രകടനത്തിന്റെയും ബലത്തിലാണ് തമിഴ്‌നാട് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
ഓരോ വിക്കറ്റിലും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ തമിഴ്‌നാടിനായി നാരായണ്‍ ജഗദീശന്‍ 32 പന്തില്‍ 57 റണ്‍സടിച്ച് പുറത്തായി. മൂന്ന് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു തമിഴ്‌നാട് വിക്കറ്റ് കീപ്പറുടെ പ്രകടനം.
22 പന്തില്‍ പുറത്താകാതെ 42 റണ്‍സാണ് വിജയ് ശങ്കര്‍ സ്വന്തമാക്കിയത്. നാല് സിക്‌സറുകളാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഇതില്‍ മൂന്നും ഹര്‍ദിക് പാണ്ഡ്യക്കെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സ്വന്തമാക്കിയത്.
ഇവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ഷാരൂഖ് ഖാന്‍ (25 പന്തില്‍ 39), ഭൂപതി വൈഷ്ണ കുമാര്‍ (16 പന്തില്‍ 28), ബാബ ഇന്ദ്രജിത്ത് (14 പന്തില്‍ 25) എന്നിവരുടെ ഇന്നിങ്‌സുകളും തമിഴ്‌നാടിന് തുണയായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ 221/6 എന്ന നിലയില്‍ തമിഴ്‌നാട് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ബറോഡക്കായി ലുക്മാന്‍ മെരിവാല മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ, നിനാദ് രാത്വ, മഹേഷ് പിത്തിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഇന്നിങ്‌സിലെ 15ാം പന്തില്‍ ടീമിന്റെ ആദ്യ വിക്കറ്റ് വീണു. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുണ്ടായിരിക്കെ 11 പന്തില്‍ 18 റണ്‍സടിച്ച വിക്കറ്റ് കീപ്പര്‍ മിതേഷ് പട്ടേലിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.
മൂന്നാം നമ്പറിലെത്തിയ ശിവാലിക് ശര്‍മയെ ഒപ്പം കൂട്ടി ഓപ്പണര്‍ നിനാദ് രാത്വ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ട് പൊളിച്ച് വരുണ്‍ ചക്രവര്‍ത്തി തമിഴ്‌നാടിന് ബ്രേക് ത്രൂ നല്‍കി. സ്‌കോര്‍ 57ല്‍ നില്‍ക്കവെ 14 റണ്‍സ് നേടിയ ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കി ചക്രവര്‍ത്തി തിളങ്ങി. തന്റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ രാത്വയെയും പുറത്താക്കി ചക്രവര്‍ത്തി ബറോഡക്ക് മേല്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു.
നാലാം വിക്കറ്റില്‍ ഭാനു പനിയയും ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 121ല്‍ നില്‍ക്കവെ പാണ്ഡ്യയെ മടക്കി രവിശ്രീനിവാസന്‍ സായ് കിഷോര്‍ വീണ്ടും ബറോഡയെ ഞെട്ടിച്ചു.
ചേട്ടന്‍ പാണ്ഡ്യക്ക് പിന്നാലെ അനിയന്‍ പാണ്ഡ്യയാണ് ക്രീസിലെത്തിയത്. കളത്തിലിറങ്ങിയ നിമിഷം മുതല്‍ ഹര്‍ദിക് നയം വ്യക്തമാക്കി. ഒരുവശത്ത് നിന്ന് ഹര്‍ദിക് വെടിക്കെട്ടിന് തിരികൊളുത്തിയതോടെ ബറോഡയുടെ പ്രതീക്ഷകള്‍ക്കും ജീവന്‍ വെച്ചു.
ഒപ്പം നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ഭാനു പനിയയെ പാതിവഴിയില്‍ നഷ്ടമായെങ്കിലും പാണ്ഡ്യ ഉറച്ചുതന്നെയായിരുന്നു. 20 പന്തില്‍ മൂന്ന് വീതം സിക്‌സറും ഫോറുമടിച്ച പനിയ 42 റണ്‍സടിച്ചാണ് പുറത്തായത്.
15ാം ഓവറിലെ രണ്ടാം പന്തിലാണ് പനിയ പുറത്താകുന്നത്. ശേഷം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാതെ കൈവശം വെച്ച ഹര്‍ദിക് കൂടുതല്‍ പന്തുകള്‍ നേരിട്ട് സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ നോക്കി.
മത്സരത്തിന്റെ 17ാം ഓവറില്‍ തമിഴ്‌നാട് ശരിക്കും ഹര്‍ദിക്കിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. വിജയ് ശങ്കര്‍ തനിക്ക് തന്നതിന്റെ ഇരട്ടി ഡോസിലാണ് ഹര്‍ദിക് തമിഴ്‌നാടിന് തിരിച്ചുകൊടുത്തത്.
മത്സരത്തിന്റെ 17ാം ഓവറില്‍ താന്‍ എന്തുകൊണ്ട് ഐ.സി.സി ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്നു എന്ന് എതിരാളികള്‍ക്ക് തെളിയിച്ചുകൊടുക്കുന്ന പ്രകടനമാണ് ഹര്‍ദിക് കാഴ്ചവെച്ചത്. മെഗാ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാശിയോടെ വിളിച്ചെടുത്ത ഗുര്‍ജാപ്‌നീത് സിങ്ങിനെ ഒരു ദയവുമില്ലാതെ അടിച്ചുകൂട്ടിയാണ് പാണ്ഡ്യ തിളങ്ങിയത്.
ആദ്യ മൂന്ന് പന്തിലും പാണ്ഡ്യ സിക്‌സറടിച്ചതോടെ സിങ്ങിന്റെ ആത്മവിശ്വാസവും തകര്‍ന്നു. നാലാം പന്ത് നോബോളായി, ഫ്രീ ഹിറ്റ് ഡെലിവെറിയും സിക്‌സറിന് പറത്തിയ ഹര്‍ദിക് അഞ്ചാം പന്തില്‍ ബൗണ്ടറി നേടി. ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ നേടി തൊട്ടടുത്ത ഓവറില്‍ സ്‌ട്രൈക്ക് നിലനിര്‍ത്താനും താരം മറന്നില്ല. സിങ്ങിന്റെ ഓവറില്‍ 30 റണ്‍സാണ് ആകെ പിറന്നത്. മത്സരം ബറോഡയുടെ കയ്യിലെത്തിയതും ഈ ഓവര്‍ മുതലായിരുന്നു.
അവസാന മൂന്ന് ഓവറില്‍ 36 റണ്‍സാണ് ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. 18ാം ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് ടീമിന് കണ്ടെത്താന്‍ സാധിച്ചത്. എന്നാല്‍ 19ാം ഓവറില്‍ ഹര്‍ദിക്കിന് പക വീട്ടാനുള്ള അവസരവും വന്നുചേര്‍ന്നു.
തന്നെ മൂന്ന് സിക്‌സറിന് പറത്തിയ വിജയ് ശങ്കറിനെതിരെ 19ാം ഓവറില്‍ 18 റണ്‍സ് നേടിയാണ് പാണ്ഡ്യ മറുപടി നല്‍കിയത്. ഒടുവില്‍ അവസാന ഓവറില്‍ വിജയിക്കാന്‍ പത്ത് റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി.
എം. മുഹമ്മദ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഹര്‍ദിക് പുറത്തായി. സ്‌ട്രൈക്ക് നിലനിര്‍ത്താന്‍ രണ്ടാം റണ്‍സിനോടവെ റണ്‍ ഔട്ടായാണ് ഹര്‍ദിക് പുറത്തായത്.
ഒരു വൈഡ് അടക്കം അടുത്ത മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് പിറന്നത്. അവസാന രണ്ട് പന്തില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് റണ്‍സ്. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത അതിത് ഷേത്, അവസാന പന്തില്‍ ബൗണ്ടറി നേടി ബറോഡക്ക് വിജയം സമ്മാനിച്ചു.
കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച ബറോഡ ഗ്രൂപ്പ് ബി-യില്‍ ഒന്നാം സ്ഥാനത്താണ്. രണ്ട് ജയവും ഒരു തോല്‍വിയുമായി രണ്ടാമതാണ് തമിഴ്‌നാട്. നാളെയാണ് ടീമിന്റെ അടുത്ത മത്സരം. ഇന്‍ഡോറില്‍ നടക്കുന്ന മത്സരത്തില്‍ ത്രിപുരയാണ് എതിരാളികള്‍.
Content Highlight: Syed Mustaq Ali Trophy: Hardik Pandya smashes 30 runs in an over against Gurjapneet Singh