| Tuesday, 23rd January 2018, 9:44 am

'ഇത് ഐറ്റം വേറെയാണ് മക്കളേ,,'; തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിരിച്ചുവരവ് അറിയിച്ച് സുരേഷ് റെയ്‌ന; സ്വന്തമാക്കിയത് ടി-20യിലെ നാലാം സെഞ്ച്വറി

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സുരേഷ് റെയ്നയുടെ തിരിച്ചുവരവ്. ഉത്തര്‍പ്രദേശിനായി കളത്തിലിറങ്ങിയ റെയ്ന കുട്ടിക്രിക്കറ്റിലെ തന്റെ വിശ്വരൂപം വീണ്ടെടുത്ത മത്സരത്തില്‍ 49 പന്തുകളില്‍ നിന്നാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

മത്സരത്തില്‍ 59 പന്തില്‍ 13 ഫോറും ഏഴ് സിക്സും സഹിതം പുറത്താകാതെ 126 റണ്‍സാണ് റെയ്ന നേടിയത്. റെയ്നയുടെ സെഞ്ച്വറി മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് പശ്ചിമ ബംഗാളിനെതിരെ ഉത്തര്‍ പ്രദേശ് സ്വന്തമാക്കിയത്. ട്വി- 20 ക്രിക്കറ്റിലെ തന്റെ നാലമാത്തെ സെഞ്ച്വറിയായിരുന്നു കൊല്‍ക്കത്തയില്‍ റെയ്‌ന നേടിയത്.

80 റണ്‍സെടുത്ത അക്ഷദീപ് നാഥ് ക്യാപ്റ്റന്‍ റെയ്‌നയ്ക്ക് ഉറച്ച പിന്തുണ നല്‍കി. 43 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതമാണ് അക്ഷദീപ് 80 റണ്‍സ് നേടിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 163 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരുടെയും മികവിന്റെ പിന്‍ബലത്തില്‍ ഉത്തര്‍പ്രദേശ് 75 റണ്‍സിന്റെ വിജയവും സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഏറെക്കാലമായി വിട്ടുനില്‍ക്കുന്ന റെയ്‌നയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ പ്രകടനം. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയ താരം ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

We use cookies to give you the best possible experience. Learn more