ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റിന് തീ പിടിപ്പിച്ചുകൊണ്ട് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് തുടക്കമാവുകയാണ്. അഞ്ച് ഗ്രൂപ്പുകളിലായി 38 ടീമുകള്‍ ഒരു കിരീടത്തിനായി കൊമ്പുകോര്‍ക്കുന്ന ഇന്ത്യയുടെ സ്വന്തം ടി-20 ടൂര്‍ണമെന്റിനാണ് നവംബര്‍ 23ന് തുടക്കമാകുന്നത്.
മത്സരത്തിന്റെ ആദ്യ ദിനം വിവിധ ഗ്രൗണ്ടുകളിലായി 18 മത്സരങ്ങള്‍ നടക്കും. ഹൈദരാബാദ് ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഇ-യില്‍ സര്‍വീസസാണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍.
സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്. വിജയകരമായ അന്താരാഷ്ട്ര പരമ്പരകള്‍ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് സഞ്ജു മടങ്ങിയെത്തുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകളേറെയാണ്.
ഈ മത്സരത്തില്‍ സഞ്ജുവിനെ ഒരു റെക്കോഡ് നേട്ടം കാത്തിരിക്കുന്നുണ്ട്. ഒരു കലണ്ടര്‍ ഇയറില്‍ 1,000 ടി-20 റണ്‍സ് എന്ന നേട്ടമാണ് സഞ്ജുവിന് മുമ്പിലുള്ളത്. നിലവില്‍ 967 റണ്‍സ് നേടിയ സഞ്ജുവിന് 33 റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഈ നേട്ടത്തിലെത്താം.
ഇന്ത്യക്കും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും വേണ്ടി തകര്‍ത്തടിച്ചാണ് സഞ്ജു 967 റണ്‍സ് സ്വന്തമാക്കിയത്. ഈ വര്‍ഷം ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനവും സഞ്ജുവിന് തന്നെയാണ്.
2024ല്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – ടീം – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – ഇന്ത്യ, രാജസ്ഥാന്‍ റോയല്‍സ് – 967 – 46.04
അന്താരാഷ്ട്ര തലത്തില്‍ കളിച്ച 12 ഇന്നിങ്സില്‍ നിന്നും 43.60 ശരാശരിയിലും 180.16 സ്ട്രൈക്ക് റേറ്റിലും 436 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും കുറിച്ച സഞ്ജുവിന്റെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ നേടിയ 111 ആണ്.
രാജസ്ഥാന്‍ റോയല്‍സിനായി കളത്തിലിറങ്ങിയ 15 മത്സരത്തില്‍ നിന്നും 531 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 153.47 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 48.27 എന്ന അതിലും മികച്ച ശരാശരിയിലും സ്‌കോര്‍ ചെയ്ത താരം അഞ്ച് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.
ഐ.പി.എല്ലിലും അന്താരാഷ്ട്ര തലത്തിലും ആവര്‍ത്തിച്ച മികച്ച പ്രകടനം ആഭ്യന്തര തലത്തിലും സഞ്ജു ആവര്‍ത്തിക്കുമെന്നും കേരളം കിരീടം സ്വന്തമാക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.