| Saturday, 23rd November 2024, 7:08 pm

1000! കരിയറിലാദ്യം, ചരിത്രം തിരുത്തിയെഴുതിയ അതേ ഗ്രൗണ്ടില്‍ വീണ്ടും ചരിത്രമെഴുതി സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ കേരളം സര്‍വീസസിനെ നേരിടുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. സര്‍വീസസ് ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ് കേരളം.

മത്സരത്തില്‍ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും രോഹന്‍ എസ്. കുന്നുമ്മലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരിക്കുകയാണ്.

സെഞ്ച്വറി നേട്ടങ്ങളുടെ തിളക്കവുമായി ആഭ്യന്തര മത്സരം കളിക്കാനെത്തിയ സഞ്ജു സാംസണ്‍ കേരളത്തിനായും ആ ഉജ്ജ്വല ഫോം തുടരുകയാണ്. ഗൗരവ് ശര്‍മയെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ നാല് ബൗണ്ടറികളടക്കം 18 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു വെടിക്കെട്ടിന് തുടക്കമിട്ടിരിക്കുന്നത്.

ഈ മത്സരത്തില്‍ 33 റണ്‍സ് കണ്ടെത്തിയതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും സഞ്ജുവിനായി. ഒരു കലണ്ടര്‍ ഇയറില്‍ 1000 റണ്‍സ് എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. 2024ല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവും സഞ്ജു തന്നെ.

2024ല്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ടീം – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – ഇന്ത്യ, രാജസ്ഥാന്‍ റോയല്‍സ് – 1000+*

തിലക് വര്‍മ – ഇന്ത്യ, മുംബൈ ഇന്ത്യന്‍സ് – 990

വിരാട് കോഹ്‌ലി – ഇന്ത്യ, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 921

അഭിഷേക് ശര്‍മ – ഇന്ത്യ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 874

രോഹിത് ശര്‍മ – ഇന്ത്യ, മുംബൈ ഇന്ത്യന്‍സ് – 795 – 36.13

അന്താരാഷ്ട്ര തലത്തില്‍ കളിച്ച 12 ഇന്നിങ്‌സില്‍ നിന്നും 43.60 ശരാശരിയിലും 180.16 സ്‌ട്രൈക്ക് റേറ്റിലും 436 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും കുറിച്ച സഞ്ജുവിന്റെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ നേടിയ 111 ആണ്.

രാജസ്ഥാന്‍ റോയല്‍സിനായി കളത്തിലിറങ്ങിയ 15 മത്സരത്തില്‍ നിന്നും 531 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 153.47 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 48.27 എന്ന അതിലും മികച്ച ശരാശരിയിലും സ്‌കോര്‍ ചെയ്ത താരം അഞ്ച് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.

ഇപ്പോള്‍ കേരളത്തിനായും തിളങ്ങിയതോടെയാണ് സഞ്ജുവിനെ തേടി ഈ റെക്കോഡ് നേട്ടമെത്തിയത്.

ഇതോടെ തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടിയ അതേ ഗ്രൗണ്ടില്‍ വെച്ചുതന്നെ മറ്റൊരു കരിയര്‍ ഡിഫൈനിങ് മൊമെന്റ് സൃഷ്ടിക്കാനും സഞ്ജുവിന് സാധിച്ചു.

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച സഞ്ജു രണ്ടാം മത്സരത്തില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വിഷമിച്ചിരുന്നു.

മൂന്നാം മത്സരത്തിലും താരം പരാജയപ്പെടുമെന്ന് മുദ്രകുത്തിയ വിമര്‍ശകരുടെ മൂര്‍ദ്ധാവിലേല്‍പിച്ച പ്രഹരമായിരുന്നു ഹൈദരാബാദിലെ സെഞ്ച്വറി.

അതേസമയം, മത്സരം എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 77ന് രണ്ട് എന്ന നിലയിലാണ് കേരളം. 19 പന്തില്‍ 27 റണ്‍സ് നേടിയ രോഹന്‍ എസ്. കുന്നുമ്മലിന്റെയും മൂന്ന് പന്തില്‍ നാല് റണ്‍സ് നേടിയ വിഷ്ണു വിനോദിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

27 പന്തില്‍ 42 റണ്‍സുമായി സഞ്ജു സാംസണും അക്കൗണ്ട് തുറക്കാതെ മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസില്‍.

കേരള പ്ലെയിങ് ഇലവന്‍

സച്ചിന്‍ ബേബി, രോഹന്‍ എസ്. കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്, സിജോമോന്‍ ജോസഫ്, അഖില്‍ സ്‌കറിയ, വിനോദ് കുമാര്‍, എം.ഡി. നിധീഷ്.

സര്‍വീസസ് പ്ലെയിങ് ഇലവന്‍

കുന്‍വര്‍ പഥക്, ശുഭം റോഹില്ല, വിനീത് ധന്‍കര്‍, മോഹിത് അഹ്ലാവത് (ക്യാപ്റ്റന്‍), അരുണ്‍ കുമാര്‍ (വിക്കറ്റ് കീപ്പര്‍), പുള്‍കീത് നാരംഗ്, മോഹിത് രാതീ, പൂനം പൂനിയ, ഗൗരവ് ശര്‍മ, വിശാല്‍ ഗൗര്‍, അമിത് ശുക്ല.

Content highlight: Syed Mushtaq Ali Trophy: Sanju Samson completed 1000 T20 runs in 2024

We use cookies to give you the best possible experience. Learn more