സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ ജയവുമായി മുംബൈ. ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടില്‍ നടന്ന ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ ഗോവയെയാണ് മുംബൈ തകര്‍ത്തുവിട്ടത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ സെഞ്ച്വറി കരുത്തിലാണ് മുംബൈ ആദ്യ ജയം സ്വന്തമാക്കിയത്.
മുംബൈ ഉയര്‍ത്തിയ 251 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗോവ 224ന് പോരാട്ടം അവസാനിപ്പിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കയറും മുമ്പ് തന്നെ യുവതാരം ആംഗ്രിഷ് രഘുവംശിയുടെ വിക്കറ്റ് നഷ്ടമായി. നാല് പന്തില്‍ ആറ് റണ്‍സ് നേടി നില്‍ക്കവെ ശുഭം താരിയുടെ പന്തില്‍ ക്യാപ്റ്റന്‍ ദീപ്‌രാജ് ഗാവോംകറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
വണ്‍ ഡൗണായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് കളത്തിലിറങ്ങിയത്. പൃഥ്വി ഷായെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്നോട്ട് കുതിച്ച മുംബൈയുടെ മൊമെന്റം തകര്‍ത്ത് ദര്‍ശന്‍ മിശാല്‍ ഗോവക്ക് ബ്രേക് ത്രൂ സമ്മാനിച്ചു. 22 പന്തില്‍ 33 റണ്‍സുമായാണ് ഷാ പുറത്തായത്.
നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ താരം അജിന്‍ക്യ രഹാനെയെ ഒരു വശത്ത് നിര്‍ത്തി അയ്യര്‍ മറുവശത്ത് നിന്നും തകര്‍ത്തടിച്ചു. ഒന്നിന് പിന്നാലെ ബൗണ്ടറികള്‍ പാഞ്ഞപ്പോള്‍ മുംബൈ സ്‌കോര്‍ ബോര്‍ഡ് പറപറന്നു.
സ്‌കോര്‍ 124ല്‍ നില്‍ക്കവെ 13 പന്തില്‍ 13 റണ്‍സ് നേടിയ രഹാനെയെ നഷ്ടമായെങ്കിലും ടച്ചിലെത്തിയ അയ്യരെ പിടിച്ചുകെട്ടാന്‍ ഗോവ പാടുപെട്ടു. പിന്നാലെയെത്തിയ ഷാംസ് മുലാനിക്കൊപ്പവും താരം വെടിക്കെട്ട് തുടര്‍ന്നു.
ടീം സ്‌കോര്‍ 124ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 20ാം ഓവറിലെ അവസാന പന്തില്‍ സ്‌കോര്‍ 238ല്‍ നില്‍ക്കവെയാണ്. 50 പന്തില്‍ 114 റണ്‍സിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ അയ്യര്‍ – മുലാനി സഖ്യം മുംബൈക്കായി പടുത്തുയര്‍ത്തിയത്. 24 പന്തില്‍ 41 റണ്‍സുമായാണ് ഷാസ് മുലാനി പുറത്തായത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 250 എന്ന നിലയില്‍ മുംബൈ സ്‌കോര്‍ ബോര്‍ഡിന് ഫുള്‍ സ്റ്റോപ്പിട്ടു.
57 പന്തില്‍ പുറത്താകാതെ 130 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ടീമിന്റെ നെടുംതൂണായത്. 228.07 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ അയ്യരിന്റെ ബാറ്റില്‍ നിന്നും 11 ഫോറും പത്ത് സിക്‌സറും പിറവിയെടുത്തു.
ഐ.പി.എല്‍ മെഗാ താരലേലത്തിന് ഒരു ദിവസം മാത്രം ശേഷിക്കവെയാണ് അയ്യരിന്റെ ബാറ്റില്‍ നിന്നും വെടിക്കെട്ട് പിറന്നത് എന്നതും ശ്രദ്ധേയമാണ്.
ഗോവക്കായി ദര്‍ശല്‍ മിശാല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശുഭം താരിയും ഹേരംബ പരാബും ഓരോ വിക്കറ്റ് വീതവും നേടി.
അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ നാല് ഓവര്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. 48 റണ്‍സ് വഴങ്ങുകയും ചെയ്തു.
251 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗോവക്കും പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. രോഹന്‍ കദം എട്ട് പന്തില്‍ 13 റണ്‍സും വിക്കറ്റ് കീപ്പര്‍ സിദ്ധാര്‍ത്ഥ് എട്ട് പന്തില്‍ പത്ത് റണ്‍സും നേടി മടങ്ങി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ സുയാഷ് പ്രഭുദേശായിയും ഇഷാന്‍ ഗഡേകറും ചേര്‍ന്ന് ചെറുത്തുനില്‍പ്പാരംഭിച്ചു. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഗോവയെ മുന്നോട്ടുകൊണ്ടുപോയ ഈ കൂട്ടുകെട്ട് തകര്‍ത്തത് തനുഷ് കോട്ടിയനാണ്. 16 പന്തില്‍ 40 റണ്‍സുമായി വെടിക്കെട്ട് നടത്തിയ ഗഡേകറിനെ കോട്ടിയന്‍ ക്ലീന്‍ ബൗള്‍ഡാക്കി മടക്കുകയായിരുന്നു.
ഇഷാന്‍ ഗഡേകര്‍ പുറത്തായെങ്കിലും പിന്നാലെയെത്തിയ ദര്‍ശന്‍ മിശാലിനെയും ക്യാപ്റ്റന്‍ ദീപ്‌രാജ് ഗാവോംകറിനെയും ഒപ്പം കൂട്ടി പ്രഭുദേശായി ചെറുതല്ലാത്ത കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി. മിശാല്‍ 12 പന്തില്‍ 19 റണ്‍സ് നേടി മടങ്ങിയപ്പോള്‍ പത്ത് പന്തില്‍ 14 റണ്‍സാണ് ക്യാപ്റ്റന്റെ വകയായി സ്‌കോര്‍ ബോര്‍ഡിലെത്തിയത്.
അധികം വൈകാതെ പ്രഭുദേശായുടെ വിക്കറ്റും ടീമിന് നഷ്ടമായി. 36 പന്തില്‍ 52 റണ്‍സ് നേടി നില്‍ക്കവെ സുര്യാന്‍ഷ് ഷെഗ്‌ഡെയാണ് മുംബെെക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്.
ഏഴാം നമ്പറിലെത്തിയ വികാഷ് വെടിക്കെട്ടുമായി പൊരുതിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.
ഒടുവില്‍ മുംബൈ 120ാം പന്ത് എറിഞ്ഞുതീര്‍ത്തപ്പോള്‍ ഗോവ വിജയത്തിന് 26 റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചു. 21 പന്തില്‍ പുറത്താകാതെ 47 റണ്‍സാണ് വികാഷ് സ്വന്തമാക്കിയത്.
മുംബൈക്കായി സൂര്യാന്‍ഷ് ഷെഗ്‌ഡെയും റോയ്‌സ്റ്റണ്‍ ഡയസും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷാംസ് മുലാനി, തനുഷ് കോട്ടിയന്‍, ഷര്‍ദുല്‍ താക്കൂര്‍, മോഹിത് അവസ്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നംവബര്‍ 27നാണ് മുംബൈയുടെ അടുത്ത മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്രയാണ് എതിരാളികള്‍.
Content Highlight: Syed Mushtaq Ali Trophy: MUM vs GOA: Shreyas Iyer scored century