സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരെ 188 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ച് കേരളം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് ഇ പോരാട്ടത്തിലാണ് മഹാരാഷ്ട്രക്കെതിരെ കേരളം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി എന്നിവരുടെ മികച്ച ഇന്നിങ്‌സുകളാണ് കേരളത്തിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ മഹാരാഷ്ട്ര നായകന്‍ ഋതുരാജ് ഗെയ്ക്വാദ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും സഞ്ജുവും ചേര്‍ന്ന് 43 റണ്‍സ് പടുത്തുയര്‍ത്തി.
സഞ്ജുവിനെ മടക്കി അര്‍ഷിന്‍ കുല്‍ക്കര്‍ണിയാണ് മഹാരാഷ്ട്രക്ക് ആദ്യ ബ്രേക് ത്രൂ നല്‍കിയത്. 15 പന്തില്‍ 19 റണ്‍സ് നേടി നില്‍ക്കവെയാണ് താരം മടങ്ങിയത്. വിഷ്ണു വിനോദ് ഒമ്പത് റണ്‍സിനും സല്‍മാന്‍ നിസാര്‍ ഒരു റണ്ണിനും വീണതോടെ കേരളം പരുങ്ങി.
എന്നാല്‍ പിന്നാലെയെത്തിയ മുഹമ്മദ് അസറുദ്ദീനും രോഹനും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. എന്നാല്‍ സ്‌കോര്‍ 88ല്‍ നില്‍ക്കവെ രോഹനെ മടക്കി കുല്‍ക്കര്‍ണി വീണ്ടും രക്തം ചിന്തി.
24 പന്തില്‍ നിന്നും 45 റണ്‍സാണ് താരം സ്വന്തമാക്കിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
അസറുദ്ദീന് കൂട്ടായി സച്ചിന്‍ ബേബിയെത്തിയതോടെ കൂടുതല്‍ ആവേശത്തോടെ സ്‌കോര്‍ ബോര്‍ഡ് മുമ്പോട്ട് കുതിച്ചു. 48 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയത്. എന്നാല്‍ ടീം സ്‌കോര്‍ 136ല്‍ നില്‍ക്കവെ 40 റണ്ണടിച്ച അസറുദ്ദീനെ പുറത്താക്കി ദിവ്യാംഗ് ഹിംഗാനേക്കര്‍ കേരളത്തെ പ്രതിസന്ധിയിലാക്കി.
കൂട്ടാളിയെ നഷ്ടപ്പെട്ടിട്ടും സച്ചിന്‍ ബേബി അടി തുടര്‍ന്നു. പിന്നാലെയെത്തിയ അബ്ദുള്‍ ബാസിത്തിനെ ഒപ്പം കൂട്ടി താരം വീണ്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 എന്ന നിലയില്‍ കേരളം ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ബാസിത്ത് 14 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ 25 പന്തില്‍ പുറത്താകാതെ 40 റണ്‍സാണ് സച്ചിന്‍ ബേബി അടിച്ചെടുത്തത്.
മഹാരാഷ്ട്രക്കായി ദിവ്യാംഗ് ഹിംഗാനേക്കറും അര്‍ഷില്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ പ്രശാന്ത് സോളങ്കി, മുകേഷ് ചൗധരി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രക്ക് ക്യാപ്റ്റന്‍ ഗെയ്ക്വാദിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ടു. മൂന്ന് പന്തില്‍ ഒരു റണ്‍ നേടി നില്‍ക്കവെ എം.ഡി. നിധീഷിന്റെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 21ന് 1 എന്ന നിലയിലാണ് മഹാരാഷ്ട്ര. 11 പന്തില്‍ 11 റണ്‍സുമായി അര്‍ഷിന്‍ കുല്‍ക്കര്‍ണിയും നാല് പന്തില്‍ ഒമ്പത് റണ്‍സുമായി രാഹുല്‍ ത്രിപാഠിയുമാണ് ക്രീസില്‍.
ടൂര്‍ണമെന്റിലെ ആദ്യ മത്സരം വിജയിച്ച ഇരുവരും രണ്ടാം മാച്ചും സ്വന്തമാക്കി ഗ്രൂപ്പില്‍ മേല്‍ക്കൈ നേടാനാണ് ഒരുങ്ങുന്നത്.
Content highlight: Syed Mushtaq Ali Trophy: Kerala vs Maharashtra