സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നോക്ക് ഔട്ട് ഘട്ടത്തില്‍ കടക്കാനുള്ള സുവര്‍ണാവസരമാണ് കേരളം തുലച്ചുകളഞ്ഞത്. ഗ്രൂപ്പ് ഇ-യില്‍ ആന്ധ്രാപ്രദേശിനോട് ദയനീയ പരാജയം ഏറ്റുവാങ്ങുകയും മുംബൈ സര്‍വീസസിനെ തോല്‍പിക്കുകയും ചെയ്തതോടെയാണ് കേരളത്തിന് തിരിച്ചടിയേറ്റിരിക്കുന്നത്.
ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ നിലനിര്‍ത്തി വന്ന രണ്ടാം സ്ഥാനം നഷ്ടപ്പെട്ട കേരളം നിലവില്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ കേരളത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടുമില്ല.
ആറ് മത്സരത്തില്‍ നാല് വിജയം സ്വന്തമാക്കിയ കേരളത്തിന് നിലവില്‍ 16 പോയിന്റാണുള്ളത്. അഞ്ച് മത്സരത്തില്‍ നിന്നും 16 പോയിന്റുമായാണ് മുംബൈ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. അതേസമയം, കളിച്ച എല്ലാ മത്സരത്തിലും വിജയം സ്വന്തമാക്കിയ ആന്ധ്രക്ക് 20 പോയിന്റുണ്ട്. ഗ്രൂപ്പ് ഇ-യില്‍ നിന്നും മുന്നോട്ടേക്ക് യോഗ്യത നേടാനും റിക്കി ഭുയിയുടെ സംഘത്തിന് സാധിച്ചു.
ഡിസംബര്‍ അഞ്ചിന് നടക്കുന്ന മുംബൈ – ആന്ധ്രാപ്രദേശ് മത്സരമാണ് കേരളത്തിന്റെ വിധി നിശ്ചയിക്കുക.
ശിവം ദുബെയും സൂര്യ കുമാര്‍ യാദവും നായകന്‍ അജിന്‍ക്യ രഹാനെയും അടങ്ങുന്ന മുംബൈ ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തിയാല്‍ കേരളത്തിന്റെ യാത്ര അവസാനിക്കും. എന്നാല്‍ തിരിച്ചായാല്‍ കേരളത്തിന്റെ സാധ്യതകള്‍ക്ക് കൂടുതല്‍ തിളക്കം ലഭിക്കും.
അടുത്ത മത്സരത്തില്‍ മുംബൈ തോറ്റാല്‍ കേരളത്തിനും മുംബൈക്കും 16 പോയിന്റ് വീതമാവും. അങ്ങനെ സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റ് കൂടി പരിഗണിച്ചാവും രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കുക. നിലവില്‍ മുംബൈക്ക് +1.330ഉം കേരളത്തിന് +1.018ഉം ആണ് നെറ്റ് റണ്‍റേറ്റ്.
ആന്ധ്രാപ്രദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതാണ് കേരളത്തിന് തിരിച്ചടിയായത്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ കേരളത്തെ ബാറ്റിങിന് അയക്കാനുള്ള നായകന്‍ റിക്കി ഭുയിയുടെ തീരുമാനം ശരിവച്ചുകൊണ്ടാണ് ആന്ധ്ര പേസര്‍ സ്റ്റീഫന്‍ തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ സഞ്ജുവിന്റെ ആത്മവിശ്വാസം തര്‍ക്കാന്‍ സ്റ്റീഫനായി.
12 പന്തില്‍ ഒരു ബൗണ്ടറിയടക്കം ഏഴ് റണ്‍സുമായി നില്‍ക്കെ കെ.വി. ശശികാന്തിന്റെ പന്തിലാണ് സഞ്ജു പുറത്തായത്. ഫോമിലായിരുന്ന രോഹന്‍ എസ്. കുന്നുമ്മല്‍ നേരത്തെ പുറത്തായിരുന്നു.
നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച് തുടങ്ങിയ ജലജ് സക്‌സേന 27 റണ്‍സുമായി ടോപ് സ്‌കോററായി. ഏഴാം വിക്കറ്റില്‍ സക്‌സേന റണ്ണൗട്ടായത് കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.
ഇതോടെ 11.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 55 എന്ന നിലയിലേക്ക് കേരളം വീണു. ഒടുവില്‍ 18.1 ഓവറില്‍ 87ന് പുറത്താവുകയായിരുന്നു. 18 റണ്‍സെടുത്ത അബ്ദുല്‍ ബാസിത്താണ് കേരള നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
കേരളമുയര്‍ത്തിയ 88 റണ്‍സ് വിജയലക്ഷ്യം 13 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
Content highlight: Syed Mushtaq Ali Trophy: Kerala’s knock out chances