സഞ്ജുവിന് ചേരുന്നത് ഇന്ത്യൻ ജേഴ്സി തന്നെയാണ്; മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി
Cricket
സഞ്ജുവിന് ചേരുന്നത് ഇന്ത്യൻ ജേഴ്സി തന്നെയാണ്; മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th October 2022, 4:19 pm

സൗത്ത് ആഫ്രിക്കയുമായി സമാപിച്ച ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തി ഏറെ കയ്യടി നേടിയ സഞ്ജു സാംസണിന് കേരളത്തിന്റെ ജഴ്സിയിൽ പിഴച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു നായകനായെത്തിയ കേരളം ആദ്യ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്.

എലൈറ്റ് ഗ്രൂപ്പ് സി പോരാട്ടത്തിൽ സർവീസസിനെതിരെയായിരുന്നു മത്സരം.

സഞ്ജുവിന്റെ നേതൃത്വത്തിൽ കളിക്കിറങ്ങിയ ടീമിനെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ ആരാധകർക്ക് നിരാശയായിരുന്നു ഫലം.

മത്സരത്തിന് പിന്നാലെ സഞ്ജു ഇന്ത്യൻ ‍ജേഴ്സിയിൽ തുടർന്നാൽ മതിയെന്നും കേരളത്തിൽ നടപടിയാകില്ലെന്നും അഭിപ്രായപ്പെട്ട് ആ​രാധകർ രം​ഗത്തെത്തി.

തുടർച്ചയായ മൂന്ന് മത്സരങ്ങളിലെ വിജയത്തിന് ശേഷമാണ് കേരളത്തിന്റെ തോൽവി. ആദ്യ മത്സരത്തിൽ അരുണാചൽ പ്രദേശിനെ 10 വിക്കറ്റിന് തകർത്ത കേരളം തുടർന്നുള്ള മത്സസരങ്ങളിൽ കർണാടകയെ 53 റൺസിനും ഹരിയാനയെ മൂന്നു വിക്കറ്റിനും കീഴ്പ്പെടുത്തിയിരുന്നു.

സർവീസസ് ഉയർത്തിയ 149 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുമ്പോൾ മികച്ച ബാറ്റിങ് ലൈനപ്പുള്ള കേരളത്തിന് അത്ര വെല്ലുവിളിയാവില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ സർവീസസ് തകർപ്പൻ ബൗളിങ്ങിലൂടെ കേരളത്തെ വരിഞ്ഞുകെട്ടുകയായിരുന്നു.

അതേസമയം ടോസ് നേടി ആദ്യം ബൗളിങ്ങിനിറങ്ങിയ കേരളത്തിന് സർവീസസിനെ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിന് 148 റൺസിലൊതുക്കാൻ സാധിച്ചിരുന്നു. രണ്ടു ബോളുകൾ ബാക്കിനിൽക്കെ 136 റൺസിന് കേരളം ഓൾ ഔട്ടാവുകയായിരുന്നു.

ഓപ്പണർ അൻഷുൽ ഗുപ്തയൊഴികെ (39) സർവീസസ് ബാറ്റിങ് നിരയിൽ മറ്റാർക്കും കാര്യമായ സ്‌കോർ കണ്ടെത്താനായില്ല. 35 ബോളുകൾ നേരിട്ട അദ്ദേഹം മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. 22 റൺസെടുത്ത ഓപ്പണിങ് പങ്കാളി രവി ചൗഹാനാണ് അവരുടെ മറ്റൊരു സ്‌കോറർ.

മൂന്നു വിക്കറ്റുകളെടുത്ത വൈശാഖ് ചന്ദ്രനാണ് ബൗളിങ്ങിന് ചുക്കാൻ പിടിച്ചത്. നാലോവറിൽ 28 റൺസിനായിരുന്നു താരം മൂന്നു പേരെ മടക്കിയത്. ഫാസ്റ്റ് ബൗളർ കെ.എം. ആസിഫ് രണ്ടു വിക്കറ്റും സ്വന്തമാക്കി. സിജോമോൻ ജോസഫ്, മനുകൃഷ്ണൻ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

സച്ചിൻ ബേബി 35 പന്തിൽ 36 റൺസെടുത്തപ്പോൾ സഞ്ജു 26 പന്തിൽ 30 റൺസെടുത്തു. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമടിച്ച സഞ്ജു ടീം സ്‌കോർ 104ൽ നിൽക്കെ ആറാമനായാണ് കളം വിട്ടത്.

കഴിഞ്ഞ മൽസരത്തിലെ ഹീറോ അബ്ദുൾ ബാസിത് 19 റൺസുമായി പൊരുതിയെങ്കിലും 20ാം ഓവറിൽ വീണു. 36 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ്‌സ്‌കോറർ.

രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നീ താരങ്ങൾ കാര്യമായി ഒന്നും നേടാനാകാതെ പുറത്താവുകയായിരുന്നു.

സർവീസസിനായി നിതിൻ യാദവും അർജുൻ ശർമയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. പുൽകിത് നാരംഗിനും പി. രഖാഡെയ്ക്കും രണ്ട് വിക്കറ്റുകൾ വീതം ലഭിച്ചു.

കേരളത്തിന്റെ അടുത്ത മൽസരം ചൊവ്വാഴ്ച മഹാരാഷ്ട്രക്കെതിരെയാണ്.

Content Highlights: Syed Mushtaq Ali Trophy: Kerala’s first loss to Services, Sanju disappoints