സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിജയവുമായി കേരളം. ഗ്രൂപ്പ് ഇ-യില്‍ സര്‍വീസസിനെതിരെയാണ് കേരളം വിജയം സ്വന്തമാക്കിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്.
സര്‍വീസസ് ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളം 11 പന്തും മൂന്ന് വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ കേരളം എതിരാളികളെ ബാറ്റിങ്ങിനയച്ചു. മോശമല്ലാത്ത രീതിയില്‍ സര്‍വീസസ് ബാറ്റിങ് ആരംഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കേരള ബൗളര്‍മാര്‍ വമ്പന്‍ സ്‌കോറിലേക്ക് കടക്കാതെ സര്‍വീസസിനെ തളച്ചിടുകയായിരുന്നു.
ക്യാപ്റ്റന്‍ മോഹിത് അഹ്‌ലാവത്തിന്റെ ഇന്നിങ്സാണ് സര്‍വീസസിന് കരുത്തായത്. 29 പന്തില്‍ 41 റണ്‍സാണ് അഹ്‌ലാവത് നേടിയത്. രണ്ട് സിക്സറും ഒരു ഫോറും അടക്കം 141.38 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
28 പന്തില്‍ 35 റണ്‍സടിച്ച വിനീത് ധന്‍കറും 22 പന്തില്‍ 28 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അരുണ്‍ കുമാറും സര്‍വീസസ് സ്‌കോര്‍ ബോര്‍ഡിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 എന്ന നിലയില്‍ സര്‍വീസസ് ഇന്നിങ്സ് അവസാനിപ്പിച്ചു.
കേരളത്തിനായി സൂപ്പര്‍ താരം അഖില്‍ സ്‌കറിയ അഞ്ച് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ വെറും 30 റണ്‍സ് വഴങ്ങിയാണ് സ്‌കറിയ അഞ്ച് സര്‍വീസസ് ബാറ്റര്‍മാര്‍ക്ക് പവലിയനിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്.
മോഹിത് അഹ്‌ലാവത്, പുള്‍കീത് നാരംഗ്, മോഹിത് രാതീ, പൂനം പൂനിയ, ഗൗരവ് ശര്‍മ എന്നിവരാണ് സ്‌കറിയക്ക് മുമ്പില്‍ വീണത്.
ആകെ വീഴ്ത്തിയ അഞ്ച് വിക്കറ്റില്‍ നാല് വിക്കറ്റും ഒരു ഓവറിലാണ് താരം സ്വന്തമാക്കിയത്. സര്‍വീസസ് ഇന്നിങ്‌സിലെ 19ാം ഓവര്‍ എറിയാനെത്തുമ്പോള്‍ 28 റണ്‍സ് വഴങ്ങിയ താരം വെറും ഒരു വിക്കറ്റ് മാത്രമായിരുന്നു സ്വന്തമാക്കിയത്.
19ാം ഓവറിലെ ആദ്യ പന്തില്‍ പുള്‍കീത് നാരംഗിനെ പുറത്താക്കിയ താരം തൊട്ടടുത്ത പന്തില്‍ പൂനം പൂനിയയെ ഗോള്‍ഡന്‍ ഡക്കായും മടക്കി. ഓവറിലെ നാലാം പന്തില്‍ മോഹിത് രാതിയെ മടക്കിയ സ്‌കറിയ അവസാന പന്തില്‍ ഗൗരവ് ശര്‍മയെയും മടക്കി ഫൈഫര്‍ പൂര്‍ത്തിയാക്കി.
സ്‌കറിയക്ക് പുറമെ എം.ഡി നിധീഷ് രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ വിനോദ് കുമാറും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റും നേടി.
ബൗളര്‍മാര്‍ തങ്ങളുടെ ജോലി ഗംഭീരമായി പൂര്‍ത്തിയാക്കിയതോടെ കാര്യങ്ങള്‍ ബാറ്റര്‍മാരുടെ കൈകളിലെത്തി. ഇന്ത്യയ്‌ക്കെന്ന പോലെ കേരളത്തിനായും സഞ്ജു ഓപ്പണറായി തന്നെയാണ് കളത്തിലിറങ്ങിയത്. രോഹന്‍ കുന്നുമ്മലായിരുന്നു ഒപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്.
മികച്ച രീതിയില്‍ ബാറ്റിങ് ആരംഭിച്ച കേരളം ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
സെഞ്ച്വറി നേട്ടങ്ങളുടെ തിളക്കവുമായി ആഭ്യന്തര മത്സരം കളിക്കാനെത്തിയ സഞ്ജു സാംസണ്‍ കേരളത്തിനായും ആ ഉജ്ജ്വല ഫോം തുടര്‍ന്നു. ഗൗരവ് ശര്‍മയെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ നാല് ബൗണ്ടറികളടക്കം 18 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു വെടിക്കെട്ടിന് തുടക്കമിട്ടിരിക്കുന്നത്.
എട്ടാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സഞ്ജു ക്രീസില്‍ ഉറച്ചുനിന്നു. പിന്നാലെയെത്തിയ അസറുദ്ദീനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
ടീം സ്‌കോര്‍ 121ല്‍ നില്‍ക്കവെ 15 പന്തില്‍ 11 റണ്‍സ് നേടിയ അസറുദ്ദീനെ കേരളത്തിന് നഷ്ടമായി. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ സഞ്ജുവും മടങ്ങി.
45 പന്തില്‍ 75 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ തിരിച്ചുനടന്നത്. പത്ത് ഫോറും മൂന്ന് സിക്‌സറും അടക്കം 166.67 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.
പിന്നാലെയെത്തിയവരില്‍ സച്ചിന്‍ ബേബിയടക്കമുള്ള വിശ്വസ്തര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും സല്‍മാന്‍ നിസാര്‍ കേരളത്തെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നംവബര്‍ 25നാണ് കേരളം തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷട്രയാണ് എതിരാളികള്‍.
Content highlight: Syed Mushtaq Ali Trophy: Kerala defeated Services