സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നാഗാലാന്‍ഡിനെ പരാജയപ്പെടുത്തി കേരളം. ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ മികച്ച ജയമാണ് കേരളം സ്വന്തമാക്കിയത്. നാഗാലാന്‍ഡ് ഉയര്‍ത്തിയ 121 റണ്‍സിന്റെ വിജയലക്ഷ്യം 52 പന്ത് ബാക്കി നില്‍ക്കെ കേരളം മറികടന്നു.
ക്യാപ്റ്റന്‍ സഞ്ജു സാംസണ് വിശ്രമം നല്‍കിയ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീനാണ് കേരളത്തെ നയിച്ചത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നാഗാലാന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് നാഗാലാന്‍ഡ് തിളങ്ങിയത്. എന്നാല്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി കേരളം തിരിച്ചുവന്നു.
ഷംഫ്രി ലോങ്കി തെരാംഗാണ് നാഗാലാന്‍ഡിന്റെ ടോപ് സ്‌കോറര്‍. 32 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ റോങ്‌സെന്‍ ജോനാഥന്‍ 25 പന്തില്‍ 22 റണ്‍സും നേടി മടങ്ങി.
മധ്യനിരയില്‍ ഡെഗാ നിശ്ചലിന്റെ ചെറുത്തുനില്‍പാണ് നാഗാലാന്‍ഡിനെ 100 കടത്തിയത്. 13 പന്തില്‍ 22 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ 120ന് എട്ട് എന്ന നിലയില്‍ നാഗാലാന്‍ഡ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
കേരളത്തിനായി എന്‍. ബേസില്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റും നേടി. ജലജ് സക്‌സേന, എം.ഡി. നിധീഷ്, അബ്ദുല്‍ ബാസിത് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ പിഴച്ചു. സഞ്ജുവിന് പകരക്കാരനായി രോഹനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത വിഷ്ണു വിനോദ് രണ്ട് റണ്‍സിന് പുറത്തായി. ദീപ് ജുഗന്‍ ബോറയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹന്‍ എസ്. കുന്നുമ്മലും സച്ചിന്‍ ബേബിയും ചേര്‍ന്ന് കേരളത്തിന്റെ വിജയമന്ത്രം രചിച്ചുതുടങ്ങി. 105 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 110ല്‍ നില്‍ക്കവെ രോഹനെ കേരളത്തിന് നഷ്ടമായി. 28 പന്തില്‍ 57 റണ്‍സടിച്ചാണ് താരം മടങ്ങിയത്. മൂന്ന് സിക്‌സറും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
പിന്നാലെയെത്തിയ സല്‍മാന്‍ നിസാറിനെ ഒപ്പം കൂട്ടിയ സച്ചിന്‍ ബേബി, കേരളത്തിന് അനായാസ ജയം സമ്മാനിച്ചു. സച്ചിന്‍ ബേബി 31 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ മൂന്ന് പന്തില്‍ 11 റണ്‍സാണ് സല്‍മാന്‍ നിസാര്‍ സ്വന്തമാക്കിയത്. ഒരു സിക്‌സറും ഒരു ഫോറും ഒരു സിംഗിളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ഇ-യില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനും കേരളത്തിനായി. രണ്ടാം മത്സരത്തിലേറ്റ പരാജയത്തിന് പോയിന്റ് പട്ടികയില്‍ പരുങ്ങലിലായ കേരളത്തിന്റെ തിരിച്ചുവരവിനും ഈ മത്സരം സാക്ഷിയായി.
നാളെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ മുംബൈ ആണ് എതിരാളികള്‍.
Content Highlight: Syed Mushtaq Ali Trophy: Kerala defeated Nagaland