അട്ടിമറിയോ! ഇത് കളിച്ച് ജയിച്ചതാ; സഞ്ജു പരാജയപ്പെട്ടാലെന്താ, ഞങ്ങള്‍ക്ക് നിങ്ങളില്ലേ... മുംബൈയെ കത്തിച്ച് ഗംഭീര ജയം
Sports News
അട്ടിമറിയോ! ഇത് കളിച്ച് ജയിച്ചതാ; സഞ്ജു പരാജയപ്പെട്ടാലെന്താ, ഞങ്ങള്‍ക്ക് നിങ്ങളില്ലേ... മുംബൈയെ കത്തിച്ച് ഗംഭീര ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th November 2024, 2:35 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കേരളം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കേരളം സ്വന്തമാക്കിയത്.

കേരളം ഉയര്‍ത്തിയ 235 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ആദ്യ ഓവറില്‍ തിരിച്ചടിയേറ്റു. നാലാം പന്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഷര്‍ദുല്‍ താക്കൂറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നാല് പന്തില്‍ നാല് റണ്‍സ് മാത്രമാണ് കേരള നായകന് കണ്ടെത്താന്‍ സാധിച്ചത്.

 

വണ്‍ ഡൗണായെത്തിയ മുഹമ്മദ് അസറുദ്ദീന്‍ 13 റണ്‍സിന് പുറത്തായി. സൂപ്പര്‍ താരം സച്ചിന്‍ ബേബി റിട്ടയര്‍ഡ് ഹര്‍ട്ടായും മടങ്ങിയതോടെ കേരളം പരുങ്ങലിലായി.

എന്നാല്‍ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനൊപ്പം സല്‍മാന്‍ നിസാറും ഒന്നിച്ചതോടെ കേരളം ബീസ്റ്റ് മോഡിലേക്ക് മാറി. ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

18ാം ഓവറിലെ ആദ്യ പന്തില്‍ കുന്നുമ്മലിനെ കേരളത്തിന് നഷ്ടമായി. 48 പന്തില്‍ 87 റണ്‍സാണ് താരം അടിച്ചെടുത്തത്. ഏഴ് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ആ ഓവറില്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീണു. വിഷ്ണു വിനോദ് രണ്ട് പന്തില്‍ ആറ് റണ്‍സ് നേടി മടങ്ങിയപ്പോള്‍ ഗോള്‍ഡന്‍ ഡക്കായാണ് അബ്ദുള്‍ ബാസിത്  പുറത്തായത്.

എന്നാല്‍ മറുവശത്ത് ഉറച്ചുനിന്ന സല്‍മാന്‍ നിസാര്‍ സ്‌കോര്‍ ബോര്‍ഡിന്റെ ജീവന്‍ നിലനിര്‍ത്തി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കേരളം 234 റണ്‍സ് നേടി. 49 പന്ത് നേരിട്ട് പുറത്താകാതെ 99 റണ്‍സാണ് സല്‍മാന്‍ നിസാര്‍ സ്വന്തമാക്കിയത്. എട്ട് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഷര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും നേടിയാണ് സല്‍മാന്‍ നിസാര്‍ കേരളത്തെ 234ലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചു. ടീം സ്‌കോര്‍ 31ല്‍ നില്‍ക്കവെയാണ് മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 13 പന്തില്‍ 23 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്.

ആംഗ്ക്രിഷ് രഘുവംശി 15 പന്തില്‍ 16 റണ്‍സ് നേടിയപ്പോള്‍ 18 പന്തില്‍ 32 റണ്‍സ് നേടിയാണ് ശ്രേയസ് അയ്യര്‍ പുറത്തായത്.

എന്നാല്‍ നാലാം നമ്പറിലിറങ്ങിയ അജിന്‍ക്യ രഹാനെ എല്ലാവരെയും ഒന്നടങ്കം അമ്പരപ്പിച്ചു. 35 പന്തില്‍ 68 റണ്‍സാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. നാല് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കേരള ബൗളര്‍മാര്‍ മുംബൈയെ തളച്ചിടുകയായിരുന്നു.

കേരളത്തിനായി എം.ഡി. നിധീഷ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിനോദ് കുമാര്‍, അബ്ദുല്‍ ബാസിത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. എന്‍. ബേസിലാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

ഡിസംബര്‍ ഒന്നിനാണ് കേരളത്തിന്റെ അടുത്ത മത്സരം. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ഗോവയാണ് എതിരാളികള്‍.

 

Content Highlight: Syed Mushtaq Ali Trophy: Kerala defeated Mumbai