| Saturday, 23rd November 2024, 2:38 pm

ചരിത്രം കുറിച്ച അതേ മണ്ണില്‍ സഞ്ജുവിറങ്ങാന്‍ നിമിഷങ്ങളുടെ കാത്തിരിപ്പ്; തകര്‍ത്തടിക്കാന്‍ ചേട്ടനും പിള്ളേരും

സ്പോര്‍ട്സ് ഡെസ്‌ക്

ഡൊമസ്റ്റിക് ടി-20 ക്രിക്കറ്റിന്റെ ആവേശം വിതച്ചുകൊണ്ട് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് തുടക്കമായിരിക്കുകയാണ്. അഞ്ച് ഗ്രൂപ്പുകളിലായി 38 ടീമുകളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രസ്റ്റീജ്യസായ ട്രോഫികളിലൊന്നിനായി കൊമ്പുകോര്‍ക്കുന്നത്.

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ചരിത്രം കുറിക്കാനും കിരീടം നേടാനുമുറച്ചാണ് കേരളവും പോരാട്ടത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഇ-യില്‍ മഹാരാഷ്ട്ര, മുംബൈ അടക്കമുള്ള കരുത്തര്‍ക്കൊപ്പമാണ് കേരളമുള്ളത്. ആദ്യ മത്സരത്തില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍.

ഹൈദരാബാദ് ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മാച്ച് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. വൈകീട്ട് 4.30നാണ് മത്സരം. സഞ്ജുവിന്റെ ടി-20 കരിയറില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സ്റ്റേഡിയമാണ് ഉപ്പലിലേത്.

സഞ്ജു തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടിയ ഗ്രൗണ്ടാണിത്.

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച സഞ്ജു രണ്ടാം മത്സരത്തില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വിഷമിച്ചിരുന്നു.

മൂന്നാം മത്സരത്തിലും താരം പരാജയപ്പെടുമെന്ന് മുദ്രകുത്തിയ വിമര്‍ശകരുടെ മൂര്‍ദ്ധാവിലേല്‍പിച്ച പ്രഹരമായിരുന്നു ഹൈദരാബാദിലെ സെഞ്ച്വറി.

ഈ സെഞ്ച്വറിക്ക് പിന്നാലെ പല നേട്ടങ്ങളും സഞ്ജു സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന രണ്ടാമത് താരം തുടങ്ങി എണ്ണമറ്റ റെക്കോഡുകളും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ അതേ സ്‌റ്റേഡിയത്തില്‍ തന്നെയാണ് സഞ്ജു മറ്റൊരു പോരാട്ടത്തിനിറങ്ങുന്നത്.

വിജയകരമായ അന്താരാഷ്ട്ര പരമ്പരകള്‍ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് സഞ്ജു മടങ്ങിയെത്തുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകളേറെയാണ്.

ഈ മത്സരത്തില്‍ സഞ്ജുവിനെ ഒരു റെക്കോഡ് നേട്ടം കാത്തിരിക്കുന്നുണ്ട്. ഒരു കലണ്ടര്‍ ഇയറില്‍ 1,000 ടി-20 റണ്‍സ് എന്ന നേട്ടമാണ് സഞ്ജുവിന് മുമ്പിലുള്ളത്. നിലവില്‍ 967 റണ്‍സ് നേടിയ സഞ്ജുവിന് 33 റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഈ നേട്ടത്തിലെത്താം.

ഈ വര്‍ഷം ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനവും സഞ്ജുവിന് തന്നെയാണ്. ഇന്ത്യക്കും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും വേണ്ടി തകര്‍ത്തടിച്ചാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്.

കേരള സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ എസ്. കുന്നുമ്മല്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദീന്‍, ബേസില്‍ തമ്പി, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത് പി.എ, അഖില്‍ സ്‌കറിയ, അജ്‌നാസ് എം, സിജോമോന്‍ ജോസഫ്, മിഥുന്‍ എസ്, വൈശാഖ് ചന്ദ്രന്‍, വിനോദ് കുമാര്‍ സി.വി, ബേസില്‍ എന്‍.പി, ഷറഫുദ്ദീന്‍ എന്‍.എം, നിധീഷ് എം.ഡി.

ട്രാവലിങ് റിസര്‍വുകള്‍

വരുണ്‍ നായനാര്‍, ഷോണ്‍ റോജര്‍, അഭിഷേക് ജെ. നായര്‍.

സര്‍വീസസ് സ്‌ക്വാഡ്

ഗൗരവ് കൊച്ചാര്‍, രജത് പലിവാള്‍, ശുഭം റോഹില്ല (ക്യാപ്റ്റന്‍), മോഹിത് രാതീ, നിതിന്‍ തന്‍വര്‍, പുള്‍കീത് നാരംഗ്, മോഹിത് അഹ്ലാവത് (വിക്കറ്റ് കീപ്പര്‍), അരുണ്‍ കുമാര്‍ (വിക്കറ്റ് കീപ്പര്‍), അമിത് ശുക്ല, ഗൗരവ് ശര്‍മ, പൂനം പൂനിയ, വികാസ് യാദവ്.

Content highlight: Syed Mushtaq Ali Trophy: Kerala and Sanju Samson getting ready for the first match

We use cookies to give you the best possible experience. Learn more