സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെ പരാജയപ്പെടുത്തി ജാര്‍ഖണ്ഡിന് തകര്‍പ്പന്‍ വിജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ജാര്‍ഖണ്ഡ് സ്വന്തമാക്കിയത്. 93 പന്ത് ബാക്കി നില്‍ക്കവെയാണ് ജാര്‍ഖണ്ഡ് അരുണാചല്‍ പ്രദേശ് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്നത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അരുണാചല്‍ നിശ്ചിത ഓവറില്‍ 93ന് പുറത്തായി. 11ാം നമ്പറില്‍ ക്രീസിലെത്തി 15 പന്തില്‍ 14 റണ്‍സ് നേടിയ അക്ഷയ് സരോജ് ജെയ്‌നാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
മുംബൈക്കായി അനുകൂല്‍ റോയ് നാല് വിക്കറ്റും രവി യാദവ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഉത്കര്‍ഷ് സിങ്ങും വികാഷ് സിങ്ങും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ ഒരു അരുണാചല്‍ താരം റണ്‍ ഔട്ടുമായി.
94 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ജാര്‍ഖണ്ഡ് വെറും 4.3 ഓവറില്‍ വിജയം സ്വന്തമാക്കി. ഇഷാന്‍ കിഷന്റെ വെടിക്കെട്ട് പ്രകടനമാണ് ജാര്‍ഖണ്ഡിന് വിജയം സമ്മാനിച്ചത്.
ഇഷാന്‍ കിഷന്‍ 23 പന്തില്‍ പുറത്താകാതെ 77 റണ്‍സ് നേടിയപ്പോള്‍ ഉത്കര്‍ഷ് സിങ് ആറ് പന്തില്‍ പുറത്താകാതെ 13 റണ്‍സും നേടി ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് സ്വന്തമാക്കി.
ഒമ്പത് പടുകൂറ്റന്‍ സിക്‌സറുകളും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കിഷാന്റെ പ്രകടനം. 334.78 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് ഇഷാന്‍ അതിവേഗം മത്സരം അവസാനിപ്പിച്ചത്.
ഈ പ്രകടനത്തിന് പിന്നാലെ ഒരു മികച്ച റെക്കോഡും ഇഷാനെ തേടിയെത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇന്നിങ്‌സ് എന്ന നേട്ടമാണ് ഇഷാന്‍ തന്റെ പേരില്‍ കുറിച്ചത്. അന്‍മോല്‍പ്രീത് സിങ്ങിന്റെ പേരിലുള്ള റെക്കോഡാണ് താരം സ്വന്തമാക്കിയത്.
ഇതിനൊപ്പം ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ ടി-20 ഇന്നിങ്‌സുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ഇഷാന് സാധിച്ചു. 2014 ഐ.പി.എല്ലില്‍ 25 പന്തില്‍ സുരേഷ് റെയ്‌ന നേടിയ 87 റണ്‍സാണ് റെക്കോഡ് നേട്ടത്തില്‍ ഒന്നാമതുള്ളത്.
അരുണാചല്‍ ഉയര്‍ത്തിയ 94 റണ്‍സ് വെറും 4.3 ഓവറില്‍ പിന്തുടര്‍ന്ന് വിജയിച്ച ജാര്‍ഖണ്ഡ് ടി-20 ഫോര്‍മാറ്റിന്റെ ചരിത്രവും തിരുത്തിയെഴുതിയിരുന്നു. ഒരു ടി-20 ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന റണ്‍ റേറ്റ് എന്ന നേട്ടമാണ് ജാര്‍ഖണ്ഡ് സ്വന്തമാക്കിയത്.
ഒരു ഓവറില്‍ 20.88 റണ്‍സ് എന്ന നിലയിലാണ് ജാര്‍ഖണ്ഡ് റണ്ണടിച്ചുകൂട്ടിയത്. സോഫിയ ടി-20യുടെ സെമി ഫൈനലില്‍ സെര്‍ബിയയെ പരാജയപ്പെടുത്തിയ റൊമാനിയയുടെ പേരിലായിരുന്നു ഈ നേട്ടം ഇതുവരെയുണ്ടായിരുന്നത്. 2021ല്‍ 20.74 എന്ന റണ്‍ റേറ്റിലാണ് റൊമാനിയ സെര്‍ബിയയുടെ ടോട്ടല്‍ മറികടന്നത്.
അതേസമയം, അരുണാചലിനെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് സി-യില്‍ രണ്ടാം സ്ഥാനത്താണ് ജാര്‍ഖണ്ഡ്. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ 12 പോയിന്റാണ് ജാര്‍ണ്ഡിനുള്ളത്.
ഡിസംബര്‍ ഒന്നിനാണ് ജാര്‍ഖണ്ഡിന്റെ അടുത്ത മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഹരിയാനയാണ് എതിരാളികള്‍.
Content highlight: Syed Mushtaq Ali Trophy: Ishan Kishan created history