ഈ ബാറ്റിന് വിശ്രമമില്ല, ഇവന് പിന്നാലെയോടി തളര്‍ന്ന് റെക്കോഡുകള്‍; തിരുത്തിക്കുറിച്ചത് ഈ ഫോര്‍മാറ്റിന്റെ തന്നെ ചരിത്രം
Sports News
ഈ ബാറ്റിന് വിശ്രമമില്ല, ഇവന് പിന്നാലെയോടി തളര്‍ന്ന് റെക്കോഡുകള്‍; തിരുത്തിക്കുറിച്ചത് ഈ ഫോര്‍മാറ്റിന്റെ തന്നെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd November 2024, 4:41 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയയെ തകര്‍ത്തെറിഞ്ഞ് ഹൈദരാബാദ്. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 179 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

ഹൈദരാബാദ് ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മേഘാലയ വെറും 69 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് യുവതാരം തിലക് വര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

67 പന്ത് നേരിട്ട താരം 225.37 സ്‌ട്രൈക്ക് റേറ്റില്‍ 151 റണ്‍സാണ് അടിച്ചെടുത്തത്. 14 ഫോറും പത്ത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും തിലക് സ്വന്തമാക്കി. ടി-20 ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് തിലക് സ്വന്തമാക്കിയത്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് തിലക് നേരത്തെ രണ്ട് സെഞ്ച്വറികള്‍ സ്വന്തമാക്കിയത്.

ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തിലാണ് തിലക് ഇക്കൂട്ടത്തിലെ ആദ്യ സെഞ്ച്വറി നേടിയത്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയായിരുന്നു അത്.

56 പന്തില്‍ 107 റണ്‍സാണ് തിലക് സെഞ്ചൂറിയനില്‍ സ്വന്തമാക്കിയത്. ഏഴ് സിക്‌സറും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പരമ്പരയുറപ്പിക്കാന്‍ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലിറങ്ങിയ നാലാം മത്സരത്തിലും തിലകിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നു. 47 പന്ത് നേരിട്ട് പുറത്താകാതെ 120 റണ്‍സാണ് നാലാം മത്സരത്തില്‍ താരം സ്വന്തമാക്കിയത്.

തിലക് വര്‍മയുടെ അവസാന മൂന്ന് ടി-20 ഇന്നിങ്‌സുകള്‍

(റണ്‍സ് – എതിരാളികള്‍ – സ്‌ട്രൈക്ക് റേറ്റ് – വേദി എന്നീ ക്രമത്തില്‍)

151 (67) – മേഘാലയ – 225.37 – രാജ്‌കോട്ട്

120* (47) – സൗത്ത് ആഫ്രിക്ക – 255.32 – വാണ്ടറേഴ്‌സ് സ്റ്റേഡിയം

107* (56) – സൗത്ത് ആഫ്രിക്ക – 191.07 – സെഞ്ചൂറിയന്‍

അതേസമയം, മേഘാലയക്കെതിരായ മത്സരത്തില്‍ തിലകിന് പുറമെ ഓപ്പണറായ തന്‍മയ് അഗര്‍വാളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 23 പന്തില്‍ 55 റണ്‍സാണ് താരം സ്വന്തമാക്കിയത്. 23 പന്തില്‍ 30 റണ്‍സ് നേടിയ ബുദ്ധി രാഹുലാണ് മറ്റൊരു മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മേഘാലയക്ക് തൊട്ടതെല്ലാം പിഴച്ചു. വെറും രണ്ട് താരങ്ങള്‍ മാത്രമാണ് ടീമിനായി ഇരട്ടയക്കം കണ്ടത്. 23 പന്തില്‍ 27 റണ്‍സ് നേടിയ അര്‍പിത് സുഭാസ്, 17 പന്തില്‍ 16 റണ്‍സടിച്ച ജാസ്‌കിരാത് എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.

ഹൈദരാബാദിനായി ജി അനികേത് റെഡ്ഡി നാല് വിക്കറ്റ് നേടിയപ്പോള്‍ തനയ് ത്യാഗരാജന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. മിക്കില്‍ ജെയ്‌സ്വാള്‍, രവി തേജ, നിഷാന്ത് എസ്. എന്നിവരാണ് മറ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

നവംബര്‍ 25നാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗാളാണ് എതിരാളികള്‍.

 

 

Content highlight: Syed Mushtaq Ali Trophy: HYD vs MEG: Tilak Varma becomes the first ever batter to score 3 consecutive centuries in T20