| Thursday, 5th December 2024, 3:54 pm

250+ല്‍ നാല് 50+; ബൗളര്‍മാരെ മനുഷ്യരായി പോലും പരിഗണിക്കാതെയുള്ള വെടിക്കെട്ട്, ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡ റെക്കോഡ് നേട്ടം കൈവരിച്ചത്. ഗ്രൂപ്പ് ബി-യില്‍ സിക്കിമിനെതിരെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് ബറോഡ സ്വന്തമാക്കിയത്.

ഭാനു പനിയയുടെ സെഞ്ച്വറിയും ശിവാലിക് ശര്‍മ, അഭിമന്യു സിങ് രാജ്പുത്, വിഷ്ണു സോളങ്കി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ബറോഡക്ക് പടുകൂറ്റന്‍ ടോട്ടല്‍ സമ്മാനിച്ചത്.

പനിയ 51 പന്തില്‍ പുറത്താകാതെ 134 റണ്‍സ് നേടി. ശിവാലിക് ശര്‍മ 17 പന്തില്‍ 55 റണ്‍സും അഭിമന്യു രാജ്പുത് 17 പന്തില്‍ 53 റണ്‍സും അടിച്ചെടുത്തപ്പോള്‍ 16 പന്തില്‍ 50 റണ്‍സാണ് വിഷ്ണു സോളങ്കിയുടെ പേരില്‍ കുറിക്കപ്പെട്ടത്. ഇവര്‍ക്കൊപ്പം 16 പന്തില്‍ 43 റണ്‍സുമായി ശാശ്വത് സിങ്ങും തിളങ്ങി.

ഈ വെടിക്കെട്ടിന് പിന്നാലെ ഒരു ചരിത്ര നേട്ടവും പിറവിയെടുത്തു. ടി-20 ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്നിങ്‌സില്‍ 250+ സ്‌ട്രൈക്ക് റേറ്റില്‍ നാല് താരങ്ങള്‍ 50+ റണ്‍സ് സ്വന്തമാക്കുന്നത്. ഇതില്‍ മൂന്ന് താരങ്ങളുടെയും സ്‌ട്രൈക്ക് റേറ്റ് 300ന് മുകളിലാണ് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

(താരം – സ്‌കോര്‍ – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

ശിവാലിക് ശര്‍മ – 55 (17) – 323.53

വിഷ്ണു സോളങ്കി – 50 (16) – 312.50

അഭിമന്യു സിങ് രാജ്പുത് – 53 (17) – 311.76

ഭാനു പനിയ – 134* (51) – 262.75

ടി-20യിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവുമുയര്‍ന്ന വിജയം തുടങ്ങി ഐതിഹാസിക നേട്ടങ്ങള്‍ പിറന്ന ഈ മത്സരത്തില്‍ സിക്കിം താരം സുനില്‍ പ്രസാദ് റോഷന്‍ കുമാറിനെ ഒരു മോശം റെക്കോഡും തേടിയെത്തിയിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഒരു ഇന്നിങ്സില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ബൗളര്‍ എന്ന അനാവശ്യ നേട്ടമാണ് താരത്തിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. നാല് ഓവറില്‍ നിന്നും 81 റണ്‍സാണ് സുനില്‍ പ്രസാദ് റോഷന്‍ കുമാര്‍ വഴങ്ങിയത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളര്‍

(താരം – ടീം – എതിരാളികള്‍ – എറിഞ്ഞ ഓവര്‍ – വഴങ്ങിയ റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

സുനില്‍ പ്രസാദ് റോഷന്‍ കുമാര്‍ – സിക്കിം – ബറോഡ – 4.0 – 81 – 2024*

ഷര്‍ദുല്‍ താക്കൂര്‍ – മുംബൈ – കേരളം – 4.0 – 69 – 2024

രമേഷ് രാഹുല്‍ – അരുണാചല്‍ പ്രദേശ് – ഹരിയാന – 4.0 – 69 – 2024

പഗദാല നായിഡു – ഹൈദരാബാദ് – മുംബൈ – 4.0 – 67 – 2010

ബാലചന്ദ്ര അഖില്‍ – കര്‍ണാടക – തമിഴ്‌നാട് – 4.0 – 67 – 2010

ലിച്ച തേഹി – അരുണാചല്‍ പ്രദേശ് – ബംഗാള്‍ – 4.0 – 67 – 2019

ഹരിശങ്കര്‍ റെഡ്ഡി – ആന്ധ്ര പ്രദേശ് – പഞ്ചാബ് – 4.0 – 66 – 2023

അതേസമയം, കളിച്ച ഏഴ് മത്സരത്തില്‍ ആറിലും വിജയിച്ച ബറോഡ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ്. സൗരാഷ്ട്രയോ ഗുജറാത്തോ ആകും ഗ്രൂപ്പ് ബി-യില്‍ നിന്നും മുന്നോട്ട് കുതിക്കുന്ന രണ്ടാമത് ടീം.

Content highlight: Syed Mushtaq Ali Trophy: Explosive knocks by Baroda batters

We use cookies to give you the best possible experience. Learn more