ടി-20 ഫോര്‍മാറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡ റെക്കോഡ് നേട്ടം കൈവരിച്ചത്. ഗ്രൂപ്പ് ബി-യില്‍ സിക്കിമിനെതിരെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് ബറോഡ സ്വന്തമാക്കിയത്.
ഭാനു പനിയയുടെ സെഞ്ച്വറിയും ശിവാലിക് ശര്‍മ, അഭിമന്യു സിങ് രാജ്പുത്, വിഷ്ണു സോളങ്കി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ബറോഡക്ക് പടുകൂറ്റന്‍ ടോട്ടല്‍ സമ്മാനിച്ചത്.
പനിയ 51 പന്തില്‍ പുറത്താകാതെ 134 റണ്‍സ് നേടി. ശിവാലിക് ശര്‍മ 17 പന്തില്‍ 55 റണ്‍സും അഭിമന്യു രാജ്പുത് 17 പന്തില്‍ 53 റണ്‍സും അടിച്ചെടുത്തപ്പോള്‍ 16 പന്തില്‍ 50 റണ്‍സാണ് വിഷ്ണു സോളങ്കിയുടെ പേരില്‍ കുറിക്കപ്പെട്ടത്. ഇവര്‍ക്കൊപ്പം 16 പന്തില്‍ 43 റണ്‍സുമായി ശാശ്വത് സിങ്ങും തിളങ്ങി.
ടി-20യില്‍ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഇതോടെ ടീം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം ഗാംബിയക്കെതിരെ സിംബാബ്‌വേ നേടിയ 344 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ഇതിനൊപ്പം മറ്റൊരു തകര്‍പ്പന്‍ നേട്ടവും ബറോഡ സ്വന്തമാക്കി. ഒടു ടി-20 ഇന്നിങ്‌സില്‍ ഏറ്റവുധികം സിക്‌സര്‍ നേടുന്ന ടീം എന്ന നേട്ടമാണ് ബറോഡ സ്വന്തമാക്കിയത്. 37 സിക്‌സറുകളാണ് ഒരു ടീമായി ബറോഡ അടിച്ചുകൂട്ടിയത്.
സെഞ്ച്വറി നേടിയ ഭാനു പനിയ തന്നെയാണ് ഏറ്റവുമധികം സിക്‌സറടിച്ചതും. 15 എണ്ണം! വിഷ്ണു സോളങ്കിയും ശിവാലിക് ശര്‍മയും ആറ് സിക്‌സര്‍ വീതും പറത്തിയപ്പോള്‍ രാജ്പുത്തിന്റെ ബാറ്റില്‍ നിന്നും അഞ്ച് സിക്‌സറും പിറവിയെടുത്തു. നാല് സിക്‌സറാണ് ശാശ്വത് റാവത്ത് സ്വന്തമാക്കിയത്.
അഞ്ച് പന്തില്‍ എട്ട് റണ്‍സ് നേടിയ മഹേഷ് പിത്തിയയുടെ ഒരു സിക്‌സറും ചേര്‍ന്നപ്പോള്‍ ബറോഡയുടെ സിക്‌സര്‍ വേട്ട പൂര്‍ത്തിയായി.
(സിക്‌സര്‍ – ടീം – എതിരാളികള്‍ – റണ്‍സ്- വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
37 – ബറോഡ – സിക്കിം – 349/5 – ഇന്‍ഡോര്‍ – 2024*
27 – സിംബാബ്‌വേ – ഗാംബിയ – 344/4 – നയ്‌റോബി – 2024
26 – നേപ്പാള്‍ – മംഗോളിയ – 314/3 – ഹാങ്ഷൂ – 2023
24 – പഞ്ചാബ് കിങ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഈഡന്‍ ഗാര്‍ഡന്‍സ് – 2024
23 – ബാല്‍ഖ് ലെജന്‍ഡ്‌സ് – കാബൂള്‍ സ്വനാന്‍ – 244/6 – ഷാര്‍ജ – 2018
23 – ജപ്പാന്‍ – ചൈന – 258/0 – മോങ് കോക് – 2024
23 – ഗയാന ആമസോണ്‍ വാറിയേഴ്‌സ് – സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്‌സ് – 266/7 – വാര്‍ണര്‍ പാര്‍ക് – 2024
23 – ഇന്ത്യ – സൗത്ത് ആഫ്രിക്ക – 281/1 – ജോഹനാസ്‌ബെര്‍ഗ് – 2024
അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയടക്കം മൂന്ന് ടീമുകളാണ് ഗ്രൂപ്പ് ബി-യില്‍ നിന്നും നോക്ക് ഔട്ട് ലക്ഷ്യം വെക്കുന്നത്. ബറോഡക്ക് പുറമെ സൗരാഷ്ട്രയും ഗുജറാത്തുമാണ് ഗ്രൂപ്പ് ബി-യില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യം വെച്ച് പോരാട്ടം തുടരുന്നത്.
ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവുമായി 20 പോയിന്റാണ് മൂവര്‍ക്കുമുള്ളത്. സിക്കിമിനെതിരെ മികച്ച വിജയം സ്വന്തമാക്കി നെറ്റ് റണ്‍ റേറ്റും സേഫാക്കിയാല്‍ ഗ്രൂപ്പ് ബി-യില്‍ നിന്നും മുന്നേറാന്‍ ടീമിന് സാധിക്കും.
Content Highlight: Syed Mushtaq Ali Trophy: Baroda sets the record of most sixes in a T20 innings