| Thursday, 5th December 2024, 11:27 am

ടി-20യില്‍ 349 റണ്‍സ്! എന്താ ഇവന്‍മാരുടെ അടി; ഇന്ത്യന്‍ മണ്ണില്‍ പിറന്നത് ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമുയര്‍ന്ന ടോട്ടലിന്റെ റെക്കോഡ് സ്വന്തമാക്കി ബറോഡ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സിക്കിമിനെതിരെ നടന്ന ഗ്രൂപ്പ് ബി മത്സരത്തിലാണ് ബറോഡ റണ്‍മഴ പെയ്യിച്ചത്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് ബറോഡ സ്വന്തമാക്കിയത്.

നോക്ക് ഔട്ടിലേക്ക് കടക്കാന്‍ പടുകൂറ്റന്‍ വിജയം അനിവാര്യമാണെന്നിരിക്കെ ഇന്‍ഡോറിലെ എമറാള്‍ഡ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സിക്കിമിനെതിരെ റണ്ണടിച്ചുകൂട്ടുകയല്ലാതെ ക്രുണാല്‍ പാണ്ഡ്യക്കും സംഘത്തിനും മുമ്പില്‍ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. കുഞ്ഞന്‍മാരെ തച്ചുതകര്‍ത്ത് ബറോഡ ബാറ്റര്‍മാര്‍ മുന്നേറി.

മത്സരത്തില്‍ ടോസ് നേടിയ ബറോഡ ബാറ്റിങ് തെരഞ്ഞെടുത്തു. റണ്‍സ് നേടുക എന്ന ലക്ഷ്യം മാത്രം മനസില്‍ വെച്ച് ബാറ്റ് വീശിയ ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അഭിമന്യു സിങ് രാജ്പുത്തിനെ പുറത്താക്കി സുനില്‍ പ്രസാദ് റോഷന്‍ കുമാറാണ് സിക്കിമിന് ശ്വാസം വിടാനുള്ള ചെറിയ ഇടവേള നല്‍കിയത്.

പുറത്താകുമ്പോള്‍ 17 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 53 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ കാറ്റിനേക്കാള്‍ വലിയ കൊടുങ്കാറ്റാണ് മൂന്നാം നമ്പറില്‍ ക്രീസിലെത്തുകയെന്ന് സിക്കിം നിര പ്രതീക്ഷിച്ചില്ല. വണ്‍ ഡൗണായി ക്രീസിലെത്തിയ ഭാനു പനിയയും വെടിക്കെട്ടിന് തിരികൊളുത്തി.

ഇതിനിടെ ഓപ്പണര്‍ ശാശ്വത് റാവത്തിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. 16 പന്തില്‍ 43 റണ്‍സാണ് താരം നേടിയത്.

നാലാം നമ്പറിലെത്തിയ ശിവാലിക് ശര്‍മയും ഭാനു പനിയയും ചേര്‍ന്ന് ഇന്‍ഡോറില്‍ സിക്കിമിന് ചരമഗീതം പാടി. ടീം സ്‌കോര്‍ 108ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 202ലാണ്. 17 പന്തില്‍ ആറ് സിക്‌സറും മൂന്ന് ഫോറുമായി 55 റണ്‍സെടുത്ത് ശര്‍മ പുറത്തായി.

പിന്നാലെയെത്തിയ വിഷ്ണു സോളങ്കി യും ഒട്ടും മോശമാക്കിയില്ല. ഒരു വശത്ത് നിന്ന് പനിയയും മറുവശത്ത് നിന്ന് സോളങ്കിലും സിക്കിമിനെ നിര്‍ദയം പ്രഹരിച്ചു.

സോളങ്കി വെറും 16 പന്ത് മാത്രമാണ് ക്രീസില്‍ തുടര്‍ന്നതെങ്കിലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം കളം വിട്ടത്. രണ്ട് ഫോറും അതിന്റ മൂന്നിരട്ടി സിക്‌സറുമായി 312.5 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്തത്.

ഒടുവില്‍ 120ാം പന്തും എറിഞ്ഞ് തീര്‍ത്തപ്പോള്‍ ബറോഡയുടെ പേരില്‍ 349 റണ്‍സ് കുറിക്കപ്പെട്ടിരുന്നു. 51 പന്തില്‍ 15 സിക്‌സറും അഞ്ച് ഫോറുമായി 134 റണ്‍സ് നേടി ഭാനു പനിയ പുറത്താകാതെ നിന്നു.

ബറോഡ നിരയിലെ ടോപ് സ്‌കോറര്‍മാര്‍

ഭാനു പനിയ – 134* (51)
ശിവാലിക് ശര്‍മ – 55 (17)
അഭിമന്യു സിങ് രാജ്പുത് – 53 (17)
വിഷ്ണു സോളങ്കി – 50 (16)
ശാശ്വത് റാവത്ത് – 43 (16)

ഇവരുടെ പ്രകടനത്തില്‍ ആരാധകരും വണ്ടറടിച്ചിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഐ.പി.എല്‍ റെക്കോഡ് വെടിക്കെട്ടിനോടാണ് പലരും ഈ പ്രകടനത്തെ ഉപമിക്കുന്നത്. രസകരമായ പല കമന്റുകളും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

ഇതിനൊപ്പം ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമുയര്‍ന്ന ടോട്ടലിന്റെ റെക്കോഡും ടീം സ്വന്തമാക്കിയിരുന്നു.

ടി-20യിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍

(ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

ബറോഡ – സിക്കിം – 349/5 – 2024*

സിംബാബ്‌വേ – ഗാംബിയ – 344/4 – 2024

നേപ്പാള്‍ – മംഗോളിയ – 314/3 – 2023

ഇന്ത്യ – ബംഗ്ലാദേശ് – 297/6 – 2024

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു – 287/3 – 2024

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയടക്കം മൂന്ന് ടീമുകളാണ് ഗ്രൂപ്പ് ബി-യില്‍ നിന്നും നോക്ക് ഔട്ട് ലക്ഷ്യം വെക്കുന്നത്. ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവുമായി 20 പോയിന്റാണ് മൂവര്‍ക്കുമുള്ളത്. സിക്കിമിനെതിരെ മികച്ച വിജയം സ്വന്തമാക്കി നെറ്റ് റണ്‍ റേറ്റും സേഫാക്കിയാല്‍ ഗ്രൂപ്പ് ബി-യില്‍ നിന്നും മുന്നേറാന്‍ ടീമിന് സാധിക്കും.

Content Highlight: Syed Mushtaq Ali Trophy: Baroda set the record of highest teams total in T20 format

We use cookies to give you the best possible experience. Learn more