ഫൈഫര്‍!!! എറിഞ്ഞിട്ട് അഖില്‍ സ്‌കറിയ; ഇനി ഊഴം സഞ്ജുവിന്റേത്; ജയത്തോടെ തുടങ്ങാന്‍ കേരളം
Sports News
ഫൈഫര്‍!!! എറിഞ്ഞിട്ട് അഖില്‍ സ്‌കറിയ; ഇനി ഊഴം സഞ്ജുവിന്റേത്; ജയത്തോടെ തുടങ്ങാന്‍ കേരളം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd November 2024, 6:24 pm

 

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് സര്‍വീസസിനെതിരെ 150 റണ്‍സ് വിജയലക്ഷ്യം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് ഇ മത്സരത്തില്‍ വിജയിച്ച് ടൂര്‍ണമെന്റ് ആരംഭിക്കാനാണ് കേരളം ഒരുങ്ങുന്നത്.

മത്സരത്തില്‍ ടോസ് നേടിയ കേരള നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. മോശമല്ലാത്ത രീതിയില്‍ സര്‍വീസസ് ബാറ്റിങ് ആരംഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കേരള ബൗളര്‍മാര്‍ വമ്പന്‍ സ്‌കോറിലേക്ക് കടക്കാതെ സര്‍വീസസിനെ തളച്ചു.

ക്യാപ്റ്റന്‍ മോഹിത് അഹ്‌ലാവത്തിന്റെ ഇന്നിങ്‌സാണ് സര്‍വീസസിന് കരുത്തായത്. 29 പന്തില്‍ 41 റണ്‍സാണ് അഹ്‌ലാവത് നേടിയത്. രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 141.38 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

28 പന്തില്‍ 35 റണ്‍സടിച്ച വിനീത് ധന്‍കറും 22 പന്തില്‍ 28 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അരുണ്‍ കുമാറും സര്‍വീസസ് സ്‌കോര്‍ ബോര്‍ഡിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 എന്ന നിലയില്‍ സര്‍വീസസ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

കേരളത്തിനായി അഖില്‍ സ്‌കറിയ ബൗളിങ്ങില്‍ തിളങ്ങി. നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ മോഹിത് അഹ്‌ലാവത്, പുള്‍കീത് നാരംഗ്, മോഹിത് രാതീ, പൂനം പൂനിയ, ഗൗരവ് ശര്‍മ എന്നിവരാണ് സ്‌കറിയക്ക് മുമ്പില്‍ വീണത്.

എം.ഡി നിധീഷ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വിനോദ് കുമാറും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റും നേടി.

മുംബൈയും മഹാരാഷ്ട്രയും അടങ്ങുന്ന ഗ്രൂപ്പ് ഇ-യില്‍ മേല്‍ക്കൈ നേടണമെങ്കില്‍ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയം അനിവാര്യമാണ്. ഇക്കാരണത്താല്‍ എന്ത് വില കൊടുത്തും വിജയിക്കാനാകും കേരളത്തിന്റെ ശ്രമം.

സര്‍വീസസ് പ്ലെയിങ് ഇലവന്‍

കുന്‍വര്‍ പഥക്, ശുഭം റോഹില്ല, വിനീത് ധന്‍കര്‍, മോഹിത് അഹ്‌ലാവത് (ക്യാപ്റ്റന്‍), അരുണ്‍ കുമാര്‍ (വിക്കറ്റ് കീപ്പര്‍), പുള്‍കീത് നാരംഗ്, മോഹിത് രാതീ, പൂനം പൂനിയ, ഗൗരവ് ശര്‍മ, വിശാല്‍ ഗൗര്‍, അമിത് ശുക്ല.

കേരള പ്ലെയിങ് ഇലവന്‍

സച്ചിന്‍ ബേബി, രോഹന്‍ എസ്. കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്, സിജോമോന്‍ ജോസഫ്, അഖില്‍ സ്‌കറിയ, വിനോദ് കുമാര്‍, എം.ഡി. നിധീഷ്.

 

Content highlight: Syed Mushtaq Ali Trophy: Akhil Scaria with 5 wicket haul against Services