സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചരിത്ര നേട്ടവുമായി അഭിഷേക് ശര്‍മ. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോഡ് സ്വന്തം പേരിലാക്കിയാണ് ശര്‍മ റെക്കോഡ് നേട്ടം കുറിച്ചത്. നേരിട്ട 28ാം പന്തിലാണ് താരം ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയത്.
ഗ്രൂപ്പ് എ-യില്‍ നടന്ന പഞ്ചാബ് – മേഘാലയ മത്സരത്തിലാണ് പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായ അഭിഷേക് ചരിത്ര നേട്ടം സ്വന്തമാക്കിയത്.
Abhishek Sharma 102 runs in 28 balls (7×4, 11×6) Punjab 140/3 #MEGvPUN #SMAT Scorecard:https://t.co/WLCDMT5yYN
— BCCI Domestic (@BCCIdomestic) December 5, 2024
അഭിഷേകിന്റെ വെടിക്കെട്ടില്‍ പഞ്ചാബ് വിജയവും സ്വന്തമാക്കിയിരുന്നു. മേഘാലയ ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം 63 പന്ത് ബാക്കി നില്‍ക്കവെ പഞ്ചാബ് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ മേഘാലയ ബാറ്റിങ് തെരഞ്ഞെടുത്തു. ടീമിന്റെ ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡരും തങ്ങളാലാവുന്നത് സംഭാവന ചെയ്തതോടെ മേഘാലയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142ലെത്തി.
31 പന്തില്‍ 31 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അര്‍പ്പിത് ഭതേവരെയാണ് ടോപ് സ്‌കോറര്‍. ലാറി സാങ്മ (16 പന്തില്‍ 21), യോഗേഷ് തിവാരി (17 പന്തില്‍ 20) എന്നിവരാണ് മറ്റ് റണ്‍ഗെറ്റര്‍മാര്‍.
പഞ്ചാബിനായി ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ, രമണ്‍ദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹര്‍പ്രീത് ബ്രാര്‍, സോഹ്‌റാബ് ദലിവാള്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഭിഷേക് ക്രീസിലെത്തിയ നിമിഷം മുതല്‍ തന്നെ നയം വ്യക്തമാക്കി. ഒരു വശത്ത് നിന്നും മേഘാലയ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയെങ്കിലും മറുവശത്ത് നിന്ന് അഭിഷേക് വെടിക്കെട്ട് പുറത്തെടുത്തു.
Punjab Won by 7 Wicket(s) #MEGvPUN #SMAT Scorecard:https://t.co/WLCDMT5yYN
— BCCI Domestic (@BCCIdomestic) December 5, 2024
വിജയിക്കാന്‍ 143 റണ്‍സ് വേണമെന്നിരിക്കെ സെഞ്ച്വറി നേടിയാണ് അഭിഷേക് ശര്‍മ തരംഗമായത്. 29 പന്തില്‍ പുറത്താകാതെ 106 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ആകാശം തൊട്ട 11 സിക്‌സറുകള്‍ക്കൊപ്പം എട്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 365.53 സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേക് ശര്‍മ വെടിക്കെട്ട് പൂര്‍ത്തിയാക്കിയത്. 15 പന്തില്‍ 22 റണ്‍സ് നേടിയ എസ്. ദലിവാളാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
നേരിട്ട 28ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയ അഭിഷേക് ശര്‍മ ഒരു റെക്കോഡ് നേട്ടവും കൈവരിച്ചിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് താരമെന്ന നേട്ടമാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്. ഇതിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന നേട്ടവും താരം സ്വന്തമാക്കി.
ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേലിനൊപ്പമാണ് ശര്‍മ ഈ നേട്ടത്തിലെത്തിയത്.
(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
സഹില്‍ ചൗഹാന്‍ – എസ്റ്റോണിയ – സൈപ്രസ് – 27 – 2024
അഭിഷേക് ശര്‍മ – പഞ്ചാബ് – മേഘാലയ – 28 – 2024*
ഉര്‍വില്‍ പട്ടേല്‍ – ഗുജറാത്ത് – ത്രിപുര – 28 – 2024
ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 30 – 2013
റിഷബ് പന്ത് – ദല്‍ഹി – ഹിമാചല്‍ പ്രദേശ് – 32 – 2018
Content Highlight: Syed Mushtaq Ali Trophy: Abhishek Sharma scored 2nd fastest T20 Century