ശ്രീനഗര്‍: വിമത നേതാവ് സയ്യിദ് അലി ഷാ ഗിലാനിയ്ക്ക് വീട്ടുതടങ്കലിരിക്കെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്ന പേരില്‍ ബി.എസ്.എന്‍.എല്ലിന്റെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.
ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റേതാണ് നടപടി. സംസ്ഥാനത്ത് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നാല് ദിവസങ്ങളിലും സയ്യിദ് ഗിലാനിക്ക് ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്നാണ് ആരോപണം.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
താഴ്‌വരയില്‍ ഒന്നടങ്കം വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചപ്പോള്‍ വീട്ടുതടങ്കലിലായിരുന്ന ഹുറിയത് നേതാവ് ഗിലാനി അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റുകള്‍ ചെയ്തിരുന്നു.
ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ബില്‍ രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കുന്നതിന് മുന്‍പായി ഓഗസ്റ്റ് നാലിനാണ് കശ്മീരിലെ എല്ലാ വാര്‍ത്താവിനിമയ സംവിധാനങ്ങളും കേന്ദ്രം വിച്ഛേദിച്ചത്.
സംസ്ഥാനത്തെ പ്രധാന നേതാക്കളും മുന്‍മുഖ്യമന്ത്രിമാരുമായ ഉമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവരടക്കം നൂറ് കണക്കിന് നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്.
കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും സയ്യിദ് അലി ഷാ ഗീലാനിക്ക് ലാന്‍ഡ്ലൈന്‍ സേവനവും ബ്രോഡ്ബാന്‍ഡ് സൗകര്യവും ഓഗസ്റ്റ് 8 രാവിലെ വരെ ലഭ്യമായിരുന്നു.
ഗിലാനിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് വരുന്നതുവരെ അദ്ദേഹത്തിന് ഇന്റര്‍നെറ്റ് സേവനം ലഭ്യമാണെന്ന കാര്യം ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നു.
എന്നാല്‍ ഗിലാനിക്ക് മാത്രമായി എങ്ങനെ ഇന്റര്‍നെറ്റ് സേവനം ലഭ്യമായി എന്ന കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല.
ഇതിനുശേഷം, ഗീലാനി ഉള്‍പ്പെടെ 8 ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും ജമ്മു കശ്മീര്‍ പോലീസും ട്വിറ്ററിന് സന്ദേശം അയക്കുകയായിരുന്നു. ഈ അക്കൗണ്ടുകള്‍ താഴ്വരയില്‍ വിദ്വേഷം വളര്‍ത്തുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയത്.
ആര്‍ക്കും ലഭിക്കാതിരുന്ന ഇന്റര്‍നെറ്റ് സൗകര്യം ഗിലാനിക്ക് മാത്രമായി ലഭിച്ചതെങ്ങനെയെന്ന കാര്യത്തില്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍.