കണ്ടം കളിയിലെ പിള്ളേര്‍ ഇതിലും നന്നായി കളിക്കുമല്ലോ? നാണക്കേടിന്റെ റെക്കോഡും ഇനി ബി.ബി.എല്ലിന് സ്വന്തം
Sports News
കണ്ടം കളിയിലെ പിള്ളേര്‍ ഇതിലും നന്നായി കളിക്കുമല്ലോ? നാണക്കേടിന്റെ റെക്കോഡും ഇനി ബി.ബി.എല്ലിന് സ്വന്തം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th December 2022, 7:48 am

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മോശം റണ്‍ ചെയ്‌സിനാണ് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗ് എന്ന ബി.ബി.എല്‍ സാക്ഷ്യം വഹിച്ചത്. ടി-20യിലെ തന്നെ ഏറ്റവും മോശം സ്‌കോര്‍ എന്ന റെക്കോഡാണ് മുന്‍ ചാമ്പ്യന്‍മാരെ തേടിയെത്തിയിരിക്കുന്നത്.

ബി.ബി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്-സിഡ്‌നി തണ്ടര്‍ മത്സരത്തിലായിരുന്നു സംഭവം. സ്‌ട്രൈക്കേഴ്‌സ് ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം ചെയ്‌സ് ചെയ്തിറങ്ങിയ തണ്ടര്‍ ആറ് ഓവര്‍ പൂര്‍ത്തിയാകും മുമ്പേ വെറും 15 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ബി.ബി.എല്ലിന്റെ ചരിത്രത്തിലെ മാത്രമല്ല ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും മോശം സ്‌കോറാണിത്. നേരത്തെ 21 റണ്‍സായിരുന്നു ടി-20 ഫോര്‍മാറ്റിലെ ഏറ്റവും മോശം സ്‌കോര്‍. ചെക് റിപ്പബ്ലിക്കും തുര്‍ക്കിയും തമ്മില്‍ നടന്ന മത്സരത്തില്‍ തുര്‍ക്കിയുടെ പേരിലുണ്ടായിരുന്ന മോശം സ്‌കോറിനാണ് ഇപ്പോള്‍ പുതിയ അവകാശികളുണ്ടായിരിക്കുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സ്‌ട്രൈക്കേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 139 റണ്‍സായിരുന്നു നേടിയത്.

ക്രിസ് ലിന്നിന്റെയും കോളിന്‍ ഗ്രാന്‍ഡ്‌ഹോമിന്റെയും പ്രകടനമായിരുന്നു സ്‌ട്രൈക്കേഴ്‌സിന് തെറ്റില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. ലിന്‍ 27 പന്തില്‍ നിന്നും 36 റണ്‍സും ഗ്രാന്‍ഡ്‌ഹോം 24 പന്തില്‍ നിന്നും 33 റണ്‍സും നേടി.

നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അഫ്ഗാന്‍ താരം ഫസലാഖ് ഫാറൂഖിയാണ് സ്‌ട്രൈക്കേഴ്‌സിനെ എറിഞ്ഞുവീഴ്ത്തിയത്.

മുമ്പത്തെ കളിയില്‍ അവസാന പന്ത് വരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസവുമായിട്ടായിരുന്നു സിഡ്‌നി കളത്തിലിറങ്ങിയത്. എന്നാല്‍ അതെല്ലാം തന്നെ പാളുന്ന കാഴ്ചയായിരുന്നു സ്‌പോട്‌ലെസ് സ്‌റ്റേഡിയത്തില്‍ കണ്ടത്.

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ തണ്ടറിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ മത്സരത്തില്‍ സില്‍വര്‍ ഡക്കായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു ജില്‍ക്‌സ് ഈ മത്സരത്തിലും അതാവര്‍ത്തിച്ചു. മാറ്റ് ഷോര്‍ട്ടിന്റെ പന്തില്‍ ഹാരി ആദം ഹോസേക്ക് ക്യാച്ച് സമ്മാനിച്ചായിരുന്നു താരത്തിന്റെ മടക്കം. തുടര്‍ന്ന് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു.

 

സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ആറ് തണ്ടര്‍ വിക്കറ്റുകള്‍ നിലം പൊത്തിയിരുന്നു. സ്‌കോര്‍ 15ലെത്തിയപ്പോഴേക്കും ശേഷിക്കുന്ന വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് തണ്ടര്‍ പരാജയം സമ്മതിച്ചു.

നാല് റണ്‍സ് നേടിയ പത്താമന്‍ ബ്രെന്‍ഡന്‍ ഡോഗറ്റാണ് ടീമിന്റെ ടോപ് സ്‌കോറര്‍. കഴിഞ്ഞ മത്സരത്തില്‍ തണ്ടറിന്റെ വിജയശില്‍പിയായ ഗുരീന്ദര്‍ സന്ധുവടക്കം അഞ്ച് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്.

ഇതോടെ ബി.ബി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് സ്‌ട്രൈക്കേഴ്‌സിന്റെ പേരിലും കുറിക്കപ്പെട്ടു.

കളിച്ച രണ്ട് കളിയില്‍ രണ്ടും ജയിച്ച സ്‌ട്രൈക്കേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ഒരു ജയവും ഒരു തോല്‍വിയുമായി നാലാം സ്ഥാനത്താണ് തണ്ടര്‍.

നാളെ (ഡിസംബര്‍ 18) മെല്‍ബണ്‍ റെനഗെഡ്‌സിനെതിരെയാണ് തണ്ടറിന്റെ അടുത്ത മത്സരം.

 

 

Content Highlight: Sydney Thunder all out for 15 runs in BBL