| Monday, 5th January 2015, 9:19 pm

സിഡ്‌നി ടെസ്റ്റ് ഇന്ന്‌; മാനം കാക്കാന്‍ ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്


സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ അവസാനത്തെ ടെസ്റ്റ് മത്സരത്തിന് ഇന്ന്‌ സിഡ്‌നിയില്‍ തുടക്കം. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളില്‍ രണ്ട് മത്സരങ്ങളിലും തോറ്റ് പരമ്പര അടിയറവ് വച്ച ഇന്ത്യക്കിത് മാനം കാക്കാനുള്ള അവസാന അവസരമാണ്.

ക്യാപ്റ്റന്‍ മഹേന്ദ്ര സിംങ് ധോണി സ്ഥാനമൊഴിഞ്ഞതിന് ശേഷം പുതുതായി ചുമതലയെടുത്ത വിരാട് കൊഹ്‌ലിയുടെ കീഴിലായിരിക്കും ടീം മത്സരത്തിനിറങ്ങുക. പരമ്പരയില്‍ മികച്ച ഫോമില്‍ കളിക്കുന്ന വിരാടിന്റെ കീഴില്‍ ഇന്ത്യന്‍ നിര മികച്ച കളി കാഴ്ചവെക്കാന്‍ കഴിയുമോ എന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലേറ്റ കനത്ത തോല്‍വിക്ക് ശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യക്ക് തോല്‍വിയില്‍ നിന്ന് മുക്തമാവാന്‍ കഴിയാത്ത ചിത്രമാണ് ഇപ്പോള്‍ ഉള്ളത്.

ഇന്ന്‌ തുടങ്ങുന്ന മത്സരത്തില്‍ കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ വെള്ളം കുടിപ്പിച്ച മിച്ചല്‍ ജോണ്‍സണ്‍ ഇറങ്ങിയേക്കില്ല. പകരം മിച്ചല്‍ സ്റ്റാര്‍ക്കിനാണ് അവസരം ലഭിച്ചിരിക്കുന്നത്.

അതെ സമയം ഇന്ത്യ ടീമില്‍ വിവിധ മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇറങ്ങുക. സുരേഷ് റെയ്‌ന, വരുണ്‍ ആരോണ്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കഴിഞ്ഞ 11 മത്സരങ്ങളില്‍ പത്തും ഓസ്‌ട്രേലിയയാണ് വിജയിച്ചത് എന്നിങ്ങനെയുള്ള കണക്കുകള്‍ നില നില്‍ക്കുമ്പോഴും സിഡ്‌നിയിലെ പിച്ച് സ്പിന്‍ ബൗളിംഗിനെ പിന്തുണക്കുന്നതാണ് എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ്.

We use cookies to give you the best possible experience. Learn more