ബിഗ് ബാഷ് ലീഗിലെ സൂപ്പര്‍ ടിം സിഡ്‌നി സിക്‌സേഴ്‌സ് തങ്ങളുടെ ഒഫീഷ്യല്‍ പേജുകളില്‍ പങ്കുവെച്ച പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ അതിവേഗം ചര്‍ച്ചയായിരുന്നു. രണ്ട് സീസണുകളില്‍ വിരാട് കോഹ്‌ലി സിഡ്‌നി സിക്‌സേഴ്‌സിനൊപ്പം കരാറിലെത്തിയെന്നാണ് സിക്‌സേഴ്‌സ് തങ്ങളുടെ പോസ്റ്റില്‍ വ്യക്തമാക്കിയത്.
ഒരിക്കലും സംഭവിക്കില്ല എന്ന് ആരാധകര്‍ കരുതിയ കാര്യമാണ് സിക്‌സേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെച്ചത്. ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷി ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര നേട്ടത്തിന്റെ പിറവിക്കായി ആരാധകര്‍ കാത്തിരിപ്പും തുടങ്ങി.
എന്നാല്‍ ആരാധകര്‍ ഒരേ സമയം ആവേശത്തിലും കണ്‍ഫ്യൂഷനിലുമായിരുന്നു. ഐ.പി.എല്ലിന് ശേഷം ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ലീഗുകളിലൊന്നില്‍ വിരാട് കോഹ്‌ലി കളിക്കുന്നതിന്റെ ത്രില്ലില്‍ ആരാധകര്‍ ആവേശം കൊണ്ടപ്പോള്‍ ബി.സി.സി.ഐ വിരാടിനെ ബി.ബി.എല്ലില്‍ പങ്കെടുക്കാന്‍ അനുവദിച്ചോ എന്നാണ് ആരാധകര്‍ പരസ്പരം ചോദിച്ചത്.
ഇന്ത്യന്‍ താരങ്ങളെ ബി.സി.സി.ഐ മറ്റ് ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കാറില്ല എന്നത് തന്നെയായിരുന്നു ഈ കണ്‍ഫ്യൂഷന്റെ കാരണവും.
ഈ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളവെ അടുത്ത ബോംബുമായി സിക്‌സേഴ്‌സ് വീണ്ടുമെത്തി. ആരാധകര്‍ക്കായുള്ള സിക്‌സേഴ്‌സിന്റെ ഏപ്രില്‍ ഫൂള്‍ ‘സമ്മാനമായിരുന്നു’ വിരാട് കോഹ്‌ലിയുടെ ടീമിലേക്കുള്ള വരവ്.
സംഭവം ഏപ്രില്‍ ഫൂളാണെന്ന് അറിഞ്ഞതോടെ ആരാധകര്‍ നിരാശയും അമര്‍ഷവും പ്രകടിപ്പിക്കുന്നുണ്ട്. ഒരു ടീം ഇത്തരത്തില്‍ ഒഫീഷ്യല്‍ പോസ്റ്റര്‍ പങ്കുവെച്ച് ആരാധകരെ പറ്റിക്കുന്നത് ഒരുപക്ഷേ ഇതാദ്യമായിട്ടാകും.
അതേസമയം, ഐ.പി.എല്ലില്‍ അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് വിരാട് കോഹ്‌ലിയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും. മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. സ്വന്തം തട്ടകമായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
സീസണിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ആര്‍.സി.ബി കുതിപ്പ് തുടരുകയാണ്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലെത്തി പരാജയപ്പെടുത്തിയ ബെംഗളൂരു രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചെപ്പോക്കിലും പരാജയപ്പെടുത്തിയിരുന്നു. 2008ന് ശേഷം ഇതാദ്യമായാണ് ആര്‍.സി.ബി സൂപ്പര്‍ കിങ്‌സിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ പരാജയപ്പെടുത്തുന്നത്.
നിലവില്‍ രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റുമായി ഒന്നാമതാണ് ആര്‍.സി.ബി.
Content Highlight: Sydney Sixers prank fans with April Fool’s Day poster saying Virat Kohli is joining the team