| Saturday, 21st October 2023, 6:07 pm

ഡച്ച് താരങ്ങളോട് തോറ്റ് ധോണിയും ജഡേജയും; തകര്‍ന്നത് 2019 ലോകകപ്പ് സെമിയിലെ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പില്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങിയിരിക്കുകയാണ് നെതര്‍ലന്‍ഡ്‌സ്. ലഖ്‌നൗ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയാണ് എതിരാളികള്‍. ലോകകപ്പില്‍ ഇതുവരെ ഒറ്റ മത്സരം പോലും ജയിക്കാന്‍ സാധിക്കാത്ത ശ്രീലങ്ക ആദ്യ ജയം സ്വപ്‌നം കണ്ടാണ് നെതര്‍ലന്‍ഡ്‌സിനെതിരെ ബാറ്റേന്തിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡച്ച് പടയുടെ ടോപ് ഓര്‍ഡര്‍ വീണ്ടും പരാജയമായി. നൂറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് മുന്‍നിര വിക്കറ്റുകളാണ് നെതര്‍ലന്‍ഡ്‌സിന് നഷ്ടമായത്.

കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് അടക്കമുള്ള താരങ്ങള്‍ക്ക് തിളങ്ങാന്‍ സാധിക്കാതെ പോയതോടെയാണ് നെതര്‍ലന്‍ഡ്‌സ് വന്‍ തകര്‍ച്ച മുമ്പില്‍ കണ്ടത്. 22 ഓവറിന് മുമ്പ് തന്നെ 91 റണ്‍സിന് ആറ് എന്ന നിലയിലേക്കായിരുന്നു നെതര്‍ലന്‍ഡ്‌സ് തകര്‍ന്നത്.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ലങ്കയെ കാത്തിരുന്നത് തകര്‍പ്പന്‍ വെടിക്കെട്ടാണ്. കരിയറിലെ ആദ്യ ലോകകപ്പ് മത്സരം കളിക്കുന്ന സൈബ്രന്‍ഡ് എന്‍ഗല്‍ബെര്‍ക്ടും ലോഗന്‍ വാന്‍ ബീക്കും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 91ല്‍ നില്‍ക്കവെ ഒന്നിച്ച ഇരുവരും 221ലാണ് പിരിഞ്ഞത്. എന്‍ഗല്‍ബെര്‍ക്ടിനെ പുറത്താക്കി ദിഷന്‍ മധുശങ്കയാണ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ പുറത്താകും മുമ്പ് തകര്‍പ്പന്‍ റെക്കോഡാണ് ഇരുവരും തങ്ങളുടെ പേരിലാക്കിയത്. ലോകകപ്പിലെ ഏറ്റവുമുയര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 130 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ എം.എസ്. ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും പേരിലുള്ള 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇതോടെ പഴങ്കഥയായത്. 2019 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഇരുവരും ചേര്‍ന്ന് റെക്കോഡ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയത്.

ലങ്കക്കെതിരെ എന്‍ഗല്‍ബെര്‍ക്ട് 82 പന്തില്‍ 70 റണ്‍സ് നേടിയപ്പോള്‍ ലോഗന്‍ വാന്‍ ബീക് 75 പന്തില്‍ 59 റണ്‍സും നേടി. ഒടുവില്‍ 49.4 ഓവറില്‍ നെതര്‍ലന്‍ഡ്‌സ് 262 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 40 ഓവറില്‍ നാലിന് 223 എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പാതും നിസംഗയുടെയും സധീര സമരവിക്രമയുടെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് ലങ്ക വിജയത്തിലേക്ക് നടന്നടുക്കുന്നത്.

Content Highlight:  Sybrand Engelbrecht and Logan van Beek breakes MS Dhoni and Ravindra Jadeja’s World Cup record

We use cookies to give you the best possible experience. Learn more