പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ ചെയ്യാനാവുന്ന സമഗ്രമായ ഒരു വ്യായാമ മുറയാണ് യോഗയെന്ന അടിക്കുറിപ്പോടെ നാലു ചിത്രങ്ങളാണ് താരം ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നത്.
ന്യൂദല്‍ഹി: ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കു പിന്നാലെ സോഷ്യല്‍ മീഡിയ ആക്രമണത്തിനു ഇരയായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കൈഫ് ട്വിറ്ററില്‍ പോസ്റ്റു ചെയ്ത യോഗാഭ്യാസത്തിന്റെ ചിത്രങ്ങളാണ് താരത്തെ വിമര്‍ശന വിധേയനാക്കിയത്.
യോഗ ചെയ്യുന്നത് അനിസ്‌ലാമികമാണെന്നായിരുന്നു വിമര്‍ശകരുടെ വാദം. ഇസ്‌ലാമായ കൈഫ് യോഗ ചെയ്യുന്നതിനെ വിര്‍ശിച്ച് നിരവധി ട്രോളുകളും കമ്മന്റുകളും പോസ്റ്റില്‍ എത്തിയിരുന്നു. വിമര്‍ശനങ്ങളെ തുടര്‍ന്ന് മതാചാരം പഠിപ്പിക്കാനെത്തിയവര്‍ക്കുള്ള മറുപടിയുമായി താരവും രംഗത്തെത്തി.
പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ ചെയ്യാനാവുന്ന സമഗ്രമായ ഒരു വ്യായാമ മുറയാണ് യോഗയെന്ന അടിക്കുറിപ്പോടെ നാലു ചിത്രങ്ങളാണ് താരം ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നത്.
യോഗ ചെയ്യുന്നത് അനിസ്‌ലാമികമാണെന്നു വാദിച്ചവരോട് യോഗ ചെയ്യുന്ന സമയത്തെല്ലാം അള്ളാഹു ആയിരുന്നു തന്റെ മനസ്സിലുണ്ടായിരുന്നതെന്നാണ് താരം മറുപടി നല്‍കിയത്. യോഗയായാലും ജിമ്മില്‍ പോയുള്ള വ്യായാമമായാലും അതില്‍ മതത്തിന് എന്ത് സ്ഥാനമാണുള്ളതെന്ന് മനസ്സിലാകുന്നില്ലെന്നും ഇവയെല്ലാം മനുഷ്യനുവേണ്ടിയുള്ളതാണെന്നും കൈഫ് വിമര്‍ശകരോട് പറയുകയും ചെയ്തു.
കുറച്ച് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഷമിക്കെതിരെ സോഷ്യല്‍ മീഡിയയിലെ മതമൗലിക വാദികള്‍ രംഗത്തെത്തിയിരുന്നത്. ഷമി തന്റെ ഭാര്യ ഹസിന്‍ ജഹാനുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ഭാര്യ ധരിച്ചിരുന്ന പാശ്ചാത്യ രീതിയിലുള്ള വസ്ത്രം അനിസ്‌ലാമികമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ ക്ലാസ്സെടുക്കാന്‍ എത്തിയിരുന്നു. ഇതിനെതിരെ പ്രതികരിച്ച ഷമിക്കു പിന്തുണയുമായ് കൈഫ് അന്ന് രംഗത്തെത്തിയിരുന്നു.