| Monday, 31st July 2023, 10:57 pm

'കേരളത്തെ നോക്കി തല കുനിക്കാത്തതെന്തേ?' സുരാജിനെതിരെ സൈബര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബര്‍ ആക്രമണം. സുരാജുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളുടെ കമന്റ് ബോക്‌സില്‍ വിദ്വേഷം നിറച്ച വാക്കുകളാണ് ഒരു വിഭാഗം കുറിക്കുന്നത്.

മണിപ്പൂരില്‍ രണ്ട് കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് താരത്തിനെതിരായ സൈബര്‍ ആക്രമണം കടുത്തത്. ഇതിനുശേഷം പാലാരിവട്ടത്ത് സുരാജിന്റെ വാഹനം അപകടത്തില്‍ പെട്ട വാര്‍ത്തയിലും വിദ്വേഷ കമന്റുകളുണ്ടായിരുന്നു.

തല കുനിച്ച് വണ്ടി ഓടിച്ചതിനാലാവാം അപകടമുണ്ടായതെന്ന തരത്തിലാണ് ഭൂരിഭാഗം കമന്റുകളും. മണിപ്പുരിലെ കാര്യങ്ങള്‍ ഓര്‍ത്തു മനസ് വിഷമിച്ചു വണ്ടി ഓടിച്ചപ്പോള്‍ ശ്രദ്ധ തെറ്റിയതാവാമെന്നും കമന്റുകളുണ്ടായിരുന്നു.മണിപ്പൂര്‍ വിഷയത്തില്‍ അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നുവെന്നാണ് സുരാജ് പ്രതികരിച്ചിരുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഐ.സി.യുവില്‍ കിടന്ന സ്ത്രീയെ പീഡിപ്പിച്ചതും കഴക്കൂട്ടത്ത് ബലാത്സംഗത്തിന് ഇരയായ യുവതി നഗ്‌നയായി റോഡിലൂടെ ഓടിയതും അറിഞ്ഞിട്ട് ഈ മഹാനടന്റെ തല കുനിയാഞ്ഞത് എന്തുകൊണ്ടാണെന്നും കുറിപ്പുകളുണ്ട്. പ്രസീദ്ധീകരണ യോഗ്യമല്ലാത്ത അസഭ്യങ്ങളും വിദ്വേഷ കമന്റുകളും സുരാജിനെതിരെ ഉയര്‍ന്നിരുന്നു.

അതേസമയം അത്തരം കേസുകളില്‍ മണിക്കൂറുകള്‍ക്കകം നടപടി സ്വീകരിച്ചിട്ടുണ്ട് അല്ലാതെ ഒരു മാസത്തിനുശേഷം കോടതി സ്വമേധയാ ഇടപെട്ടതിന് ശേഷം കേസെടുക്കുകയായിരുന്നില്ലെന്ന മറുപടിയും ചിലര്‍ കമന്റുകള്‍ക്ക് കൊടുക്കുന്നുണ്ട്.

സൈബര്‍ അറ്റാക്കിനെതിരെ സുരാജ് പരാതിയും നല്‍കിയിട്ടുണ്ട്. ഫോണ്‍ വിളിച്ചും വാട്സ് ആപ്പിലൂടെയും വധഭീഷണിയടക്കം നടക്കുന്നുവെന്നാണ് കാക്കനാട് സൈബര്‍ ക്രൈം പൊലീസില്‍ നല്‍കിയ പരാതിയില്‍ സുരാജ് ഉന്നയിക്കുന്നത്.

ആലുവ സംഭവത്തിന് പിന്നാലെയാണ് തനിക്ക് നേരെ സൈബര്‍ ആക്രമണം നടന്നതെന്നും നടന്‍ പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്കും വാട്ട്സ്ആപ്പ് കോള്‍ വഴിയും അനോണിമസ് നമ്പരുകളില്‍ നിന്ന് അസഭ്യവര്‍ഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി.

Content Highlight: syber attack against suraj venjaramood

We use cookies to give you the best possible experience. Learn more