ദേവദൂതന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു മലയാള ചിത്രം റീറിലീസായി തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ് 4kറീ മാസ്റ്റേർഡ് വേർഷനായി തിയേറ്ററുകളിൽ എത്തി.
ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കൾ അഭിനയിച്ചിട്ടുണ്ട്.
മികച്ച ചിത്രം, മികച്ച നടി എന്നീ ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് അവാർഡിന് അയക്കാൻ പെട്ടെന്ന് ഷൂട്ട് തീർക്കണമായിരുന്നുവെന്നും അതിനു വേണ്ടിയാണ് പ്രിയദർശൻ, സിദ്ദിഖ് ലാൽ, സിബി മലയിൽ എന്നീ സംവിധായകരെ ഫാസിൽ സഹായത്തിന് വിളിച്ചതെന്നും നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ പറയുന്നു.
ഓരോർത്തർക്കും ഓരോ ഭാഗങ്ങൾ വീതിച്ചു നൽകിയാണ് അറുപത് ദിവസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയാക്കിയതെന്നും അദ്ദേഹം ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.
‘നവംബർ ഒന്നാം തീയ്യതിയാണ് മണിച്ചിത്രത്താഴിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ഡിസംബർ 31ന് ഉള്ളിൽ സെൻസർ ചെയ്‌താൽ മാത്രമേ ആ വർഷത്തെ അവാർഡിനായി മണിച്ചിത്രത്താഴ് അയക്കാൻ പറ്റുള്ളൂ.
ആ വർഷത്തെ അവാർഡിന് അയച്ചാൽ മാത്രമേ ആ സിനിമയ്ക്ക് എന്തെങ്കിലും ഗുണമുള്ളൂ. പിന്നത്തെ കൊല്ലം അയച്ചിട്ട് കാര്യമില്ലല്ലോ. അപ്പോൾ ഫാസിൽ പറഞ്ഞു, നവംബർ മുതൽ തുടങ്ങി ഡിസംബർ 31ന് അറുപത് ദിവസം കൊണ്ട് ഷൂട്ട് തീർക്കണമെങ്കിൽ സിനിമയുടെ മുഴുവൻ വർക്കും തീരണം.
ഫുൾ ഷൂട്ടിങ് തീരണം, ഡബ്ബിങ് തീരണം, എഡിറ്റിങ് തീരണം, റീ റിക്കാർഡിങ് തീരണം, മിക്സിങ് തീരണം, പ്രിന്റ് അടിക്കണം, സെൻസർ ചെയ്ത് സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടണം. അത് ഇംപോസിബിളായിരുന്നു. നടക്കില്ല.
ഫാസിൽ പുള്ളിയുടെ സുഹൃത്തുക്കളായ, സിബി മലയിൽ, പ്രിയദർശൻ അതുപോലെ അദ്ദേഹത്തിന്റെ അസിസ്റ്റൻസായ സിദ്ദിഖ് ലാൽ എന്നിവരെ വിളിച്ചു. രാവിലെ അദ്ദേഹം ഇവർ മൂന്ന് പേരെയും വിളിക്കും. സിദ്ദിഖ് ലാലിന് ഒരു ഭാഗം കൊടുത്തിട്ട് അതെടുക്കാൻ പറയും. പ്രിയന് ഒരു സീൻ നൽകിയിട്ട്, ആ ലൊക്കേഷനിൽ പോയി എടുക്കാൻ പറയും. അതിനായി വേറെ ക്യാമറ തന്നെ വെക്കും.
സിബിക്കും അങ്ങനെ നിർദേശം കൊടുക്കും. അങ്ങനെ ഓരോ സീനിനും എല്ലാ ആർട്ടിസ്റ്റുകളും റെഡിയാണ്. ഒരാഴ്ച അവർ ഷൂട്ട് ചെയാൻ ടൈം എടുത്തു. അങ്ങനെ ഒരാഴ്ച മൂന്ന് കൂട്ടരും ടൈം എടുത്താൽ 21 ദിവസത്തെ ഷൂട്ടിങ് നീണ്ടില്ലെ. അങ്ങനെയാണ് മണിച്ചിത്രത്താഴ് കൃത്യ ടൈമിൽ പൂർത്തിയാക്കിയത്,’സ്വർഗ്ഗചിത്ര അപ്പച്ചൻ പറയുന്നു.
Content Highlight: Sworgachithra Appachan Talk About Making Of Manichithrathazhu