| Sunday, 18th August 2024, 8:18 am

ഒരു വർഷത്തിൽ കൂടുതൽ ഓടിയ നാല് സിനിമകളെ മലയാളത്തിലുള്ളൂ: സ്വർഗ്ഗചിത്ര അപ്പച്ചൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച നിർമാതാവാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ. മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങി മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളായ ചിത്രങ്ങളെല്ലാം നിർമിച്ചത് അദ്ദേഹമാണ്.

കഴിഞ്ഞ ദിവസം മണിച്ചിത്രത്താഴിന്റെ 4k വേർഷനും തിയേറ്ററിൽ എത്തി. ഗംഭീര സ്വീകരണമാണ് ചിത്രത്തിന് തിയേറ്ററിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.

മലയാളത്തിൽ ഒരു വർഷത്തിൽ കൂടുതൽ ഓടിയ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് പറയുകയാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ. മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ, ചിത്രം, മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയാണ് ഒരു വർഷത്തിൽ കൂടുതൽ തിയേറ്ററിൽ ഓടിയ ചിത്രങ്ങളെന്ന് അദ്ദേഹം പറയുന്നു. 366 ദിവസം റെഗുലർ ഷോ കളിച്ച ചിത്രമാണ് മണിച്ചിത്രത്താഴെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു സ്വർഗ്ഗചിത്ര അപ്പച്ചൻ.

‘തുടർച്ചയായി 366 ദിവസം തിരുവനന്തപുരം ശ്രീകുമാർ തിയേറ്ററിൽ റെഗുലർ ഷോ കളിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. മൂന്ന് മണിയുടെ മാറ്റിനിക്കൊന്നും ഒരു രണ്ടര വരെ തിയേറ്റർ കോമ്പൗണ്ടിൽ ആളൊന്നും ഉണ്ടാവില്ല. അപ്പോൾ അവർ വിചാരിക്കും, ഇന്നിപ്പോൾ ആളുകൾ കുറവാണെന്ന്. എന്നാൽ മൂന്ന് മണിയാവുമ്പോൾ തിയേറ്റർ ഫുള്ളായിരിക്കും.

മലയാളത്തിൽ നാല് സിനിമകളാണ് ഒരു വർഷത്തിൽ കൂടുതൽ ഓടിയിട്ടുള്ളത്. എന്റെ ഓർമ ശരിയാണെങ്കിൽ അതിൽ ഒന്ന് ചിത്രമാണ്. 366 ദിവസം ചിത്രം തിയേറ്ററിൽ ഓടിയിട്ടുണ്ട്. പിന്നെ മൈ ഡിയർ കുട്ടിച്ചാത്തൻ. പിന്നെ ഗോഡ്ഫാദറും മണിച്ചിത്രത്താഴും.

ഒരു വർഷത്തിൽ കൂടുതൽ ഓടിയ ചിത്രങ്ങൾ ഇത് നാലുമാണ്. ഇതിൽ ഗോഡ്ഫാദർ 405 ദിവസം ഓടിയിട്ടുണ്ട്. പക്ഷെ അതിൽ 366 ദിവസം കഴിഞ്ഞപ്പോൾ നൂൺ ഷോ ഒക്കെ വെച്ചാണ് ബാക്കി ദിവസം ഓടിയത്. അവർ വീണ്ടും കാണിക്കാൻ തയ്യാറായിരുന്നു.

ഞാൻ പറഞ്ഞു, വേണ്ട നമുക്കുള്ള റെക്കോഡ് കിട്ടിയില്ലേയെന്ന്,’സ്വർഗചിത്ര അപ്പച്ചൻ പറയുന്നു.

Content Highlight: Sworgachithra appachan Talk about Boxoffice  Hit’s in malayalam

We use cookies to give you the best possible experience. Learn more