മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നിർമാതാവാണ് സ്വർഗചിത്ര അപ്പച്ചൻ. മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ, തുടങ്ങി മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളായ ചിത്രങ്ങളെല്ലാം നിർമിച്ചത് അദ്ദേഹമാണ്. ഈയിടെ ഇറങ്ങിയ മണിച്ചിത്രത്താഴിന്റെ 4k വേർഷനും തിയേറ്ററിൽ എത്തി. ഗംഭീര സ്വീകരണമാണ് ചിത്രത്തിന് തിയേറ്ററിൽ ലഭിച്ചത്.
സിദ്ധിഖ് ലാൽ ഒരുക്കിയ റാംജിറാവു സ്‌പീക്കിങ് എന്ന സൂപ്പർഹിറ്റ് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ഇന്നസെന്റിന്റെ പ്രതിഫലം അന്ന് പതിനായിരം രൂപയായിരുന്നുവെന്നും എന്നാൽ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ താൻ ഇരുപതിനായിരം രൂപ കൊടുത്തെന്നും അപ്പച്ചൻ പറയുന്നു.
പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ ചിത്രം വളരെ മോശം കളക്ഷനാണ് ആദ്യനാളുകളിൽ നേടിയതെന്നും പിന്നീട് ഓണത്തിന് മറ്റ് സിനിമകൾ വന്നപ്പോൾ ചിത്രം തിയേറ്ററിൽ നിന്ന് എടുത്ത് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് റാംജിറാവു സ്‌പീക്കിങ് ട്രെൻഡ് ചേഞ്ചിങ്ങ് ചിത്രമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനായിരം പ്രതിഫലം വാങ്ങുന്ന ഇന്നസെന്റ് ചേട്ടൻ അന്ന് ഞാൻ ഇരുപതിനായിരമാണ് നൽകിയത്
– സ്വർഗചിത്ര അപ്പച്ചൻ
‘ആലപ്പുഴയിലായിരുന്നു ലൊക്കേഷൻ. ഇന്നസെന്റേട്ടനും മുകേഷും സായികുമാറുമുള്ള കോമ്പിനേഷൻ സീനുകൾ എത്രയെടുത്താലും സിദ്ധിഖിനും ലാലിനും തൃപ്തിയാവില്ല. രണ്ടും മൂന്നും ടേക്കെടുക്കും. അതുകൊണ്ടുതന്നെ വെളുപ്പിന് ലൊക്കേഷനിലെത്തിയാൽ പുലർച്ചെ രണ്ടുമണിയാവും ഷൂട്ടിങ് തീരാൻ.
ഇന്നസെന്റേട്ടന് ഒട്ടും മടുക്കില്ല. വേണുവായിരുന്നു ക്യാമറാമാൻ. ആ സമയത്ത് പതിനായിരം രൂപയായിരുന്നു ഇന്നസെന്റേട്ടന്റെ ശമ്പളം. നാൽപതുദിവസത്തോളം അതിരാവിലെ മുതൽ പുലർച്ചെ രണ്ടുമണി വരെ മത്സരിച്ചഭിനയിച്ചപ്പോൾ പതിനായിരം കൊടുത്താൽ പോരെന്ന് തോന്നി. ഇരുപതിനായിരമാണ് അന്ന് കൊടുത്തത്. ഒന്നും കൊടുത്തില്ലെങ്കിൽപോലും ആ റോളിൽ അദ്ദേഹം അഭിനയിക്കുമായിരുന്നു. കാരണം ‘റാംജിറാവ്’ കഴിഞ്ഞാൽ താൻ വേറൊരു ലെവലിൽ എത്തുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
സിനിമ തിയേറ്ററുകളിലെത്തിയപ്പോൾ ആദ്യത്തെ ആഴ്‌ച കളക്ഷൻ വളരെ മോശം. പലയിടത്തും ഷോ നിർത്തിക്കളഞ്ഞു. ഓണത്തിന് വേറെ സിനിമ വന്നപ്പോൾ ഇത് മാറ്റി. പക്ഷെ, ഓണസിനിമകളിൽ പലതും പരാജയപ്പെട്ടതും നിർത്താതെ ഓടിച്ച തിയേറ്ററുകളിൽ ആളുകൾ കൂട്ടത്തോടെ കയറിവരികയും ചെയ്‌തതോടെ റാംജിറാവ് തിരിച്ചുവന്നു. പല തിയേറ്ററിലും 200 ദിവസം വരെ ഓടി. ട്രെൻഡ് ചേഞ്ചിങ്ങ് ആയിരുന്നു ആ സിനിമ. അതിനുശേഷം കോമഡിയുടെ യുഗം തന്നെയുണ്ടായി.
ഇന്നസെൻ്റേട്ടന് വലിയ ബ്രേക്കുണ്ടായ സിനിമ കൂടിയായിരുന്നു അത്. ഇന്നസെൻ്റേട്ടൻ്റെ കോമഡികളൊക്കെ സിദ്ധിഖ് ലാൽ ചർച്ച ചെയ്യുമ്പോൾത്തന്നെ സൂപ്പർഹിറ്റാകുമെന്ന് ഞാൻ നിശ്ചയിച്ചതാണ്. പക്ഷെ തിയേറ്ററുകാർ നിർത്തിക്കളഞ്ഞപ്പോൾ വല്ലാത്ത സങ്കടമായി. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഓണം വന്നപ്പോൾ മാറ്റിയെ ന്നേയുള്ളൂ. അതിൽനിന്ന് ഞാനൊരു പാഠം പഠിച്ചു. സിനിമയ്ക്കൊപ്പം നിൽക്കണമെങ്കിൽ വിതരണക്കമ്പനി കൂടി വേണം. അങ്ങനെയാണ് സ്വന്തമായി ഡിസ്ട്രിബ്യൂഷൻ കമ്പനി ആരംഭിക്കുന്നത്,’അപ്പച്ചൻ പറയുന്നു.
Content Highlight: Sworgachithra Appachan About Success Of Ramjiravu Speaking Movie