മമ്മൂക്കയാണെങ്കിലും ലാലാണെങ്കിലും ആ സംവിധായകൻ അഭിനയിച്ച് കാണിച്ചുകൊടുക്കും: സ്വർഗ്ഗചിത്ര അപ്പച്ചൻ
Entertainment
മമ്മൂക്കയാണെങ്കിലും ലാലാണെങ്കിലും ആ സംവിധായകൻ അഭിനയിച്ച് കാണിച്ചുകൊടുക്കും: സ്വർഗ്ഗചിത്ര അപ്പച്ചൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th January 2025, 3:36 pm

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച നിർമാതാവാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ. മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ,  തുടങ്ങി മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളായ ചിത്രങ്ങളെല്ലാം നിർമിച്ചത് അദ്ദേഹമാണ്. ഈയിടെ ഇറങ്ങിയ മണിച്ചിത്രത്താഴിന്റെ 4k വേർഷനും തിയേറ്ററിൽ എത്തി. ഗംഭീര സ്വീകരണമാണ് ചിത്രത്തിന് തിയേറ്ററിൽ ലഭിച്ചത്.

സംവിധായകൻ ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് അപ്പച്ചൻ. ഏതു നടൻമാരായാലും അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത് ഫാസിലിന്റെ ശീലമാണെന്നും മമ്മൂട്ടിയോടും മോഹൻലാലിനോടുമെല്ലാം അങ്ങനെയാണെന്നും അപ്പച്ചൻ പറഞ്ഞു. മണിച്ചിത്രത്താഴിൽ ശോഭനയ്ക്ക് ഡാൻസ് വരെ അദ്ദേഹം കാണിച്ചുകൊടുത്തിട്ടുണ്ടെന്നും അപ്പച്ചൻ കൂട്ടിച്ചേർത്തു.

‘സ്ക്രിപ്റ്റ് റെഡിയായാൽ പാച്ചിക്ക എല്ലാവരെയും വിളിച്ച് വായിച്ചുകേൾപ്പിക്കും. നമുക്കത് ഇഷ്ടപ്പെട്ടോയെന്ന് മുഖത്തുനോക്കി വിലയിരുത്തുകയും ചെയ്യും. ‘മണിവത്തൂരിലെ ആയിരം ശിവരാത്രി’കളുടെ സ്ക്രിപ്റ്റും അദ്ദേഹം ഞങ്ങളെ വായിച്ചുകേൾപ്പിച്ചു. ഏതു നടൻമാരായാലും അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത് പാച്ചിക്കയുടെ ശീലമാണ്.

അത് മമ്മുക്കയായാലും മോഹൻലാൽ ആയാലും. ‘മണിച്ചിത്രത്താഴിൽ’ ഡാൻസിൻ്റെ സ്‌റ്റെപ്പ് വരെ ശോഭനയ്ക്ക് കാണിച്ചുകൊടുത്തിട്ടുണ്ട്. മണിവത്തു രിലെ ആയിരം ശിവരാത്രികൾ ഷൂട്ടിങ് ആരംഭിച്ചു. ഒരു ബ്രേക്ക് സമയത്ത് ഞങ്ങളെല്ലാവരും ഇരിക്കുമ്പോൾ സിദ്ധിഖിനെയും ലാലിനെയും ചൂണ്ടി പാച്ചിക്ക പറഞ്ഞു,

നമുക്ക് സിദ്ധിഖിനെയും ലാലിനെയും ഡയറക്ടറാക്കണം. അവർക്കു വേണ്ടി ഒരു സിനിമ ചെയ്യണം, ഞാനും സമ്മതിച്ചു. കാരണം എനിക്കവരെ കൃത്യമായി അറിയാം. അവർ നിത്യേന പറയുന്ന തമാശകൾ മാത്രം എഴുതിയാൽ മികച്ചൊരു സിനിമയുണ്ടാക്കാം.

എങ്കിൽ രണ്ടുപേരും ചേർന്ന് കഥ കണ്ടെത്തിക്കോളൂ, പാച്ചിക്ക അവർക്ക് ഉറപ്പുനൽകി. പിന്നീടുള്ള രാത്രികളിൽ അവരുടെ ചർച്ച പുതിയ സിനിമയെക്കുറിച്ചായിരുന്നു. പലപ്പോഴും ഞാനും അതിൽ പങ്കാളിയായി. അങ്ങനെയാണ് ഒരു നാടകക്കമ്പനി നടത്തുന്ന ‘മാന്നാർ മത്തായി’യുടെ കഥ രൂപപ്പെടുന്നത്. പുതുമുഖങ്ങളെ നായകരാക്കാനും തീരുമാനിച്ചു,’അപ്പച്ചൻ പറയുന്നു.

 

Content Highlight: Sworgachithra Appachan About Director Fazil