ഹൈദരാബാദ്: ഹൈദരാബാദിലെ നാചരം മല്ലപൂരിൽ ബുധനാഴ്ച രാത്രി മുസ്‌ലിം പള്ളിക്ക് മുന്നിൽ ഒരു സംഘം യുവാക്കൾ വാളുകളുമായെത്തി മുദ്രാവാക്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായി റിപ്പോർട്ട്. നാചരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാണക്യപുരി കോളനിയിലെ മസ്ജിദ്-ഇ-അഷ്‌റഫിന് മുന്നിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ചാണക്യപുരിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വീഡിയോയിൽ, പത്തോ അതിലധികമോ ആളുകൾ മസ്ജിദിന് മുന്നിൽ കാവി പതാകകൾ പിടിച്ച് നിൽക്കുന്നത് കാണാം. അതിൽ രണ്ട് പേരുടെ കൈവശം വാളുകളുമുണ്ട്. ഇവർ ജെ.എസ്.ആർ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും.
ഛത്രപതി ശിവജി ജയന്തി ഘോഷയാത്രയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സംഘം എന്നാണ് റിപ്പോർട്ട്. മസ്ജിദിൽ വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൾക്കൂട്ടം മുദ്രാവാക്യവിളിയുമായി എത്തിയത്.
നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ യുവാക്കൾ മനഃപൂർവ്വം ശ്രമിക്കുകയാണെന്നും ഇവർക്കെതിരെ കർശന നടപടിയടുക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു.
സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന നാട്ടുകാർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും.
സംഭവത്തിൽ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ട് നിരവധിപേർ എത്തിയിട്ടുണ്ട്.
Content Highlight: Swords waved, slogans raised in front of mosque in Hyderabad