ജനീവ: 2025 ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് ബുര്‍ഖയടക്കമുള്ള മുഖാവരണങ്ങള്‍ നിരോധിക്കാനൊരുങ്ങി സ്വിറ്റ്‌സര്‍ലാന്‍ഡ്. ദേശീയ സുരക്ഷ, സാമൂഹിക ഐക്യം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.
2021ല്‍ ബുര്‍ഖ നിരോധനവുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലാന്‍ഡ് രാജ്യത്ത് ഹിതപരിശോധന നടത്തിയിരുന്നു. ഹിതപരിശോധനയില്‍ 51% പേരും നിരോധനത്തെ അനുകൂലിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് നടപടി.
എന്നാല്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍, വിമാനത്താവളം, ആരോഗ്യകാരണങ്ങള്‍, കാലാവസ്ഥ വ്യതിയാനം, പൊതുസമ്മേളനങ്ങള്‍, അതോറിറ്റികളുടെ അനുവാദത്തോടെ നടത്തുന്ന പ്രതിഷേധങ്ങള്‍, കലാപരമായ ആവിഷ്‌ക്കാരങ്ങള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ മുഖാവരണം ധരിക്കുന്നതിന് ഇളവുകളുണ്ട്.
എന്നാല്‍ ഈ തീരുമാനത്തിനെതിരെ രാജ്യത്തെ മുസ്‌ലിം സംഘടനകളില്‍ നിന്നടക്കം വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്ക് 1000 സ്വിസ് ഫ്രാങ്ക് വരെ പിഴ ചുമത്തപ്പെട്ടേക്കാം.
ഇതോടെ ബുര്‍ഖ നിരോധനം നടപ്പിലാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡും ഇടം പിടിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് ഫ്രാന്‍സ്, ടൂണിഷ്യ, ആസ്ട്രിയ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം അടക്കമുള്ള 16 രാജ്യങ്ങള്‍ ബുര്‍ഖ നിരോധനം നടപ്പിലാക്കിയിട്ടുണ്ട്.
Content Highlight: Switzerland to ban burqa from upcoming year January 1