ഇക്വാഡോറിനെതിരെ സ്വിറ്റ്‌സര്‍ലണ്ടിന് വിജയം
Daily News
ഇക്വാഡോറിനെതിരെ സ്വിറ്റ്‌സര്‍ലണ്ടിന് വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th June 2014, 12:22 am

ബ്രസീലിയ: ലോകക്കപ്പ് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലണ്ടിന് ജയം. ലാറ്റിനമേരിക്കന്‍ ടീമായ ഇക്വാഡാറിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്വിസ്സുകാര്‍ തോല്‍പ്പിച്ചത്. പകരക്കായി ഇറങ്ങിയ അഡ്മീര്‍ മെഹമ്മദിയും റയല്‍ സോസിഡാഡ് താരം ഹാരിസ് സെഫറോവികുമാണ് വിജയികള്‍ക്കായി ഗോളുകള്‍ നേടിയത്. ഇക്വാഡോറിനായി സ്‌ററ്റാര്‍ സ്‌ട്രൈക്കര്‍ എന്നര്‍ വലന്‍സിയ വല ചലിപ്പിച്ചു.

മുഴുവന്‍ സമയമായ 90 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇരുടീമും ഓരോഗോളുകള്‍ സ്‌കോര്‍ ചെയ്ത് നില്‍ക്കുകയായിരുന്നു. ഏവരും കളി സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ സമയത്തായിരുന്നു തീര്‍ത്തും നാടകീയമായ ഗോളോടെ സ്വിസ്സുകാര്‍ ജയവും അതോടൊപ്പം വിലപ്പെട്ട മൂന്ന് പോയന്റുകളും സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങി ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയ ഹാരിസ് സെഫറോവികാണ് സ്വിറ്റ്‌സര്‍ലണ്ടിന്റെ വിജയശില്‍പ്പി. 

സ്വിറ്റ്‌സര്‍ലണ്ടിനായി അദ്ധ്വാനിച്ചു കളിച്ച റിക്കാര്‍ഡോ റോഡിഗ്രസിന്റെ ക്രോസ് ഇക്വാഡോര്‍ പെനാല്‍റ്റി ബോക്‌സിലേക്ക്. ഓടിയെത്തിയ സെഫറോവിക് വലത് കാല്‍ കൊണ്ട് തൊടുത്ത ഷോട്ട് വലയിലേക്ക്. അത്രയൊന്നും ആകര്‍ഷകമല്ലാത്ത മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഇക്വാഡോറായിരുന്നു. ലീഡ് നേടിയതിന് ശേഷം രണ്ട് ഗോള്‍ തിരിച്ച് വാങ്ങിയാണ് അവര്‍ മത്സരം അടിയറവെച്ചത്. 

ഇരുപത്തിരണ്ടാം മിനിറ്റിലായിരുന്നു ആദ്യ ഗോളിന്റെ പിറവി. ഇക്വാഡോറിന്റെ ഏഴാം നമ്പര്‍ താരത്തെ വീഴ്ത്തിയതിന് റഫറി ഫ്രീകിക്ക് വിധിച്ചു. കിക്കെടുത്തത് പത്താം നമ്പര്‍ താരം വാള്‍ട്ടര്‍ അയോവി. പെനാല്‍റ്റി ബോക്‌സിലേക്ക് പറന്നിറങ്ങിയ അയോവിയുടെ ഇടം കാല്‍ ഷോട്ടില്‍ ഉയര്‍ന്നു ചാടി, മഞ്ചസ്റ്റര്‍ യുണൈറ്ററ്റ് താരമായ എന്നര്‍ വലന്‍സിയയുടെ ഹെഡ്ഡര്‍. ഇടത്തോട്ട് ഡൈവ് ചെയ്ത് സ്വിസ് ഗോളിയെ കീഴ്‌പ്പെടുത്തി പന്ത് വലയില്‍. വലന്‍സിയയുടെ അഞ്ചാമത്തെ രാജ്യാന്തര ഗോള്‍. 

ഒരു ഗോള്‍ ലീഡുമായാണ് ഇക്വാഡോര്‍ ആദ്യപകുതി അവസാനിപ്പിച്ചത്. എന്നാല്‍ രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റില്‍ തന്നെ സ്വിസ്സുകാര്‍ ഗോള്‍ മടക്കി. വലന്റന്‍ സ്‌റ്റോക്കര്‍ക്ക് പകരമിറങ്ങിയ മെഹമ്മദിയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളില്‍ കലാശിക്കുകകയായിരുന്നു. റോഡിഗ്രസ് എടുത്ത കോര്‍ണര്‍കിക്കില്‍ നിന്നു തന്നെയായിരുന്നു മെഹമ്മദിയുടെയും ഗോള്‍.