|

സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്; തുല്യതയിലേക്കുള്ള നാഴികക്കല്ലെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബേണ്‍: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനും സ്വവര്‍ഗ ദമ്പതികള്‍ക്ക് തുല്യത ഉറപ്പുവരുത്താനുമൊരുങ്ങി സ്വിറ്റ്‌സര്‍ലാന്‍ഡ്. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനുള്ള നിര്‍ദേശത്തിന്, രാജ്യത്ത് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചു.

കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനുള്ള അവകാശവും സ്വവര്‍ഗ ദമ്പതികള്‍ക്ക് ലഭിക്കും.

ഞായറാഴ്ച നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 64.1 ശതമാനം പേരും സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചതായി സ്വിസ് ഫെഡറല്‍ ചാന്‍സലറി പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇതോടെ ലോകത്തെ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന 30-മത്തെ രാജ്യമായി സ്വിറ്റ്‌സര്‍ലാന്‍ഡ് മാറി.

പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇത് നടപ്പാക്കാന്‍ ബാക്കിയുണ്ടായിരുന്ന കുറച്ച് രാജ്യങ്ങളില്‍ ഒന്നുകൂടിയായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡ്.

‘ സ്വിറ്റ്‌സര്‍ലാന്‍ഡിനെ സംബന്ധിച്ച് ഇതൊരു ചരിത്രപരമായ ദിവസമാണ്. സ്വവര്‍ഗ വിവാഹം ചെയ്ത ദമ്പതിമാര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ചരിത്രനിമിഷം. എല്‍.ജി.ബി.ടി കമ്യൂണിറ്റിക്ക് മുഴുവനും ഇതൊരു പ്രധാനപ്പെട്ട ദിവസമാണ്, ‘ ‘യെസ്’ ക്യാംപയിനിന്റെ ഭാഗമായ ഴാന്‍ മുള്ളര്‍ പറഞ്ഞു.

‘ഞങ്ങള്‍ക്ക് ഇപ്പോള്‍ വളരെയധികം സന്തോഷവും ആശ്വാസവുമുണ്ട്. ഈ തീരുമാനത്തെ രാജ്യതലസ്ഥാനമായ ബേണില്‍ വെച്ച് സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കുന്ന ഞങ്ങളെല്ലാവരും ചേര്‍ന്ന് ആഘോഷിക്കും’, ‘മാരേജ് ഫോര്‍ ആള്‍’ ദേശീയ കമ്മിറ്റിയുടെ ഭാഗമായ അന്റോണിയ ഹോസ്വര്‍ത്ത് പ്രതികരിച്ചു.

സ്വവര്‍ഗ വിവാഹം നിയമാനുസൃതമാകുന്നതോടെ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ അടുത്ത വര്‍ഷം ജൂലൈ മുതല്‍ നടത്താനാകുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് നിയമവിഭാഗം മന്ത്രി കരിന്‍ കെല്ലര്‍ സറ്റര്‍ പറഞ്ഞു.

‘തുല്യതയിലേക്കുള്ള നാഴികക്കല്ല്’ എന്നായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഈ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചത്.

രാജ്യത്തെ സ്വവര്‍ഗ വിവാഹങ്ങള്‍ ‘സിവില്‍ പാര്‍ട്ണര്‍ഷിപ്’ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും വിവാഹത്തിന്റേതായിട്ടുള്ള അവകാശങ്ങളോ കുഞ്ഞുങ്ങളെ ദത്തെടുക്കാനോ ഇതിലൂടെ സാധിച്ചിരുന്നില്ല.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ ലോകത്തിലെ ആദ്യ രാജ്യം നെതര്‍ലാന്‍ഡ്‌സ് ആയിരുന്നു. 2001ലായിരുന്നു ചരിത്രപരമായ ഈ തീരുമാനം വന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Switzerland says resounding ‘yes’ to same-sex marriage