ബേണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ചില്‍ ക്രിസ്തുവിന്റെ ചിത്രത്തിലേക്ക് വെടിയുതിര്‍ത്ത ഗ്രീന്‍ ലേബര്‍ പാര്‍ട്ടി നേതാവ് രാജി വെച്ചു. കാന്റണിലെ കൗണ്‍സില്‍ വുമണ്‍ സനിജ അമേറ്റിയാണ് രാജി വെച്ചത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌പോര്‍ട് പിസ്റ്റല്‍ ഉപയോഗിച്ച് കന്യാമറിയത്തിന്റെയും യേശുക്രിസ്തുവിന്റെയും ചിത്രങ്ങള്‍ക്ക് നേരെ ഉന്നം പിടിക്കുന്ന ഒരു ചിത്രവും ബുള്ളറ്റുകള്‍ തുളച്ചുകയറിയ കന്യമറിയത്തിന്റെയും യേശുവിന്റെയും ചിത്രങ്ങളും അമേറ്റി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരുന്നു. ഇതോടെ അമേറ്റിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
മധ്യകാല ഇറ്റാലിയന്‍ ചിത്രകാരന്‍ റ്റൊമാസോ ഡെല്‍ മസ്സയുടെ പുനര്‍നിര്‍മിച്ച പെയിന്റിംഗുകളില്‍ ഒന്നാണ് അമേറ്റി ഷൂട്ടിങ് പരിശീലിക്കാനായി ഉപയോഗിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തത്. സംഭവത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ അമേറ്റി പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു.
അത് ഒരു കാറ്റ്‌ലോഗില്‍ നിന്ന് ലഭിച്ച ചിത്രമാണെന്നും എന്നാല്‍ താന്‍ അതിന്റെ ഉള്ളടക്കം ശ്രദ്ധിക്കാതെയാണ് ഷൂട്ടിങ് പരിശീലനം നടത്തിയതെന്നും പറഞ്ഞ അമേറ്റി തന്റെ പ്രവര്‍ത്തി ആരെയെങ്കിലും വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നതായും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.
‘കാറ്റലോഗില്‍ നിന്നുള്ള ആ പേജ് എനിക്ക് ഷൂട്ടിങ് പരിശീലിക്കാന്‍ മതിയായ വലുപ്പമുള്ള ഒന്നായിരുന്നു. ചിത്രങ്ങളുടെ ഉള്ളടക്കത്തില്‍ ഞാന്‍ ഒട്ടും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ആ തീരുമാനം ശരിയായില്ല. എന്റെ പ്രവര്‍ത്തി ആരെയെങ്കിലും വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ഷമ ചോദിക്കുന്നു,’ബിക്ക് എന്ന സൂറിച്ച് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അമേറ്റി പറഞ്ഞു.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് അമേറ്റി ഔദ്യോഗിക സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മാസ് വോളി പാര്‍ട്ടിയുടെ സ്ഥാപകനായ നിക്കോളാസ് റിമോല്‍ഡി ക്രിസ്ത്യന്‍ സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച അമേറ്റിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സൂറിച്ചിലെ കാന്റണിലെ കൗണ്‍സിലായ അമേറ്റി ഒരു അഭിഭാഷക കൂടിയാണ്. 1990കളിലെ ബോസ്‌നിയ ഹെര്‍സോഗ്വിന യുദ്ധത്തെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കുടിയേറിയതാണ് അമേറ്റിയുടെ കുടംബം. പുരോഗമന സമൂഹം, പോപ്പുലിസം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ ലിബറോയുടെ പ്രസിഡന്റ് കൂടെയാണവര്‍.
Content Highlight: Swiss politician resigns after shooting Jesus picture