മാവോബന്ധം ആരോപിച്ച സ്വിസ് പൗരന്റെ പ്രസംഗം പ്രഥമദൃഷ്ടാ കുറ്റകരമല്ലെന്ന് കോടതി
Daily News
മാവോബന്ധം ആരോപിച്ച സ്വിസ് പൗരന്റെ പ്രസംഗം പ്രഥമദൃഷ്ടാ കുറ്റകരമല്ലെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th October 2014, 8:34 am

high-court01കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ സ്വിറ്റ്‌സര്‍ലന്റ് പൗരന്റെ പ്രസംഗം പ്രഥമദൃഷ്ടാ കുറ്റകരമല്ലെന്ന് കോടതി. ഹൈക്കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്. ജൊനാഥന്‍ ബോഡിനെയാണ് മാവോബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നത്.

ബോഡിയയുടെ പ്രസംഗത്തിന്റെ സി.ഡിയും മലയാള പരിഭാഷയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. തനിക്കെതിരായ വിസാചട്ട ലംഘനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

വിസാ ചട്ടലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ ഹാജരാക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് പി. ഉബൈദിന്റെതാണ് നിര്‍ദേശം. ജൂലൈ 29നാണ് ബോഡിയെ കസ്റ്റഡിയിലെടുത്തിരുന്നത്. നിരോധിത സംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്തു, പാസ്‌പോര്‍ട്ട് നിയമം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ബോഡിനെതിരേ ചുമത്തിയിരുന്നത്.

മാവോവാദി നേതാവ് സിനോജിന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് വലപ്പാട് പോലീസ് ബോഡിനെതിരേ കേസെടുത്തത്. വിസാ ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നാണ് ഹര്‍ജിക്കാരനെതിരായ സര്‍ക്കാരിന്റെ വാദം. ഈ സാഹചര്യത്തില്‍ ഏതു തരത്തിലുള്ള ചട്ടലംഘനമാണു നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.