| Wednesday, 20th January 2021, 12:44 pm

ബുര്‍ഖക്ക് രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്തുന്നത് ശരിയായ നടപടിയാകില്ല: ഹിതപരിശോധനയില്‍ നിന്നും പിന്മാറണമെന്ന് ജനങ്ങളോട് സ്വിസ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറിച്ച്: ബുര്‍ഖ നിരോധനത്തിനുള്ള ഹിതപരിശോധന തള്ളണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സ്വിസ് സര്‍ക്കാര്‍. വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിതപരിശോധനയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി സ്വിസ് സര്‍ക്കാര്‍ രംഗത്തെത്തിയത്.

ബുര്‍ഖ, നിഖാബ് തുടങ്ങിയ എല്ലാ മുഖാവരണങ്ങളും നിരോധിക്കണമെന്ന വിഷയത്തില്‍ മാര്‍ച്ച് 7നാണ് ഹിതപരിശോധന നടക്കാനിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നിയമപ്രകാരം 100,000 ഒപ്പുകളുടെ പിന്തുണയുമായി എത്തുന്ന ഏത് ഹരജിയും ഹിതപരിശോധനക്ക് എടുക്കും. ഈ ചട്ടപ്രകാരമാണ് ഇപ്പോള്‍ ബുര്‍ഖാനിരോധനത്തിനുള്ള ഹിതപരിശോധനയും നടക്കുന്നത്. ലിംഗാടിസ്ഥാനത്തില്‍ മുഖാവരണം ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നു കൂടി ഹിതപരിശോധനാ ഹരജിയില്‍ പറയുന്നുണ്ട്.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ചില പ്രദേശങ്ങളില്‍ പ്രാദേശിക വോട്ടെടുപ്പിലൂടെ മുഖം മുഴുവന്‍ മൂടുന്ന ആവരണങ്ങള്‍ നിരോധിച്ചിട്ടുണ്ട്. പക്ഷെ രാജ്യവ്യാപകമായി ഭരണഘടനാപ്രകാരമുള്ള നിരോധനം തന്നെ കൊണ്ടുവരുന്നത് നല്ല കാര്യമല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

‘വളരെ കുറച്ച് ആളുകള്‍ മാത്രമാണ് രാജ്യത്ത് മുഴുവന്‍ മുഖവും മൂടുന്ന തരത്തിലുള്ള ആവരണങ്ങള്‍ ധരിക്കുന്നത്. അതില്‍ മിക്കവാറും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളാണ്. വളരെ കുറച്ച് സമയം മാത്രമാണ് അവര്‍ രാജ്യത്ത് ചെലവഴിക്കുന്നത്.

രാജ്യവ്യാപകമായി നിരോധനം കൊണ്ടുവരുന്നത് സംസ്ഥാനങ്ങളുടെ പരമാധികാരത്തെ കുറച്ചുകാണിക്കലാകും. മാത്രമല്ല ഇത് വിനോദസഞ്ചാരമേഖലയെ ബാധിക്കുകയും ചില സ്ത്രീകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യും.’ സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ജനീവാ തടാകപരിസരത്തുള്ള മോണ്‍ട്രെക്‌സ്, ഇന്റര്‍ലേക്കന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഗള്‍ഫില്‍ നിന്നും നിരവധി മുസ് ലിം വിനോദസഞ്ചാരികള്‍ എത്താറുണ്ട്. നിരോധനം ഇത്തരം സഞ്ചാരികള്‍ രാജ്യത്തേക്ക് വരാതിരിക്കുന്നതിന് കാരണമാകുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

എഗര്‍കിംഗര്‍ കമ്മിറ്റി എന്ന ഗ്രൂപ്പാണ് മുഖാവരണ നിരോധന ഹിതപരിശോധനക്കായി രംഗത്തുവന്നിരിക്കുന്നത്. നേരത്തെ പുതിയ മിനാരങ്ങള്‍ നിര്‍മ്മിക്കുന്നത് തടഞ്ഞ ഹിതപരിശോധന നടത്തിയതിന് പി്ന്നിലും ഇതേ ഗ്രൂപ്പായിരുന്നു. 2009ല്‍ നടന്ന ആ ഹിതപരിശോധനക്ക് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടിയത്, മിനാരങ്ങള്‍ സ്വിസ് പാരമ്പര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അപരചിതമാണ് എന്നായിരുന്നു.

മാര്‍ച്ച് 7ന് നടക്കാന്‍ പോകുന്ന ഹിതപരിശോധന ജനം തള്ളുകയാണെങ്കില്‍ മറ്റൊരു നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മുന്നിലോ പൊതുഗതാഗത സംവിധനാങ്ങള്‍ ഉപയോഗിക്കുമ്പോഴോ ആവശ്യമെങ്കില്‍ മുഖാവരണം നീക്കണമെന്നാണ് ഈ നിര്‍ദേശത്തില്‍ പറയുന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണ് മുസ്‌ലിങ്ങളുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Swiss government urges voters to reject burqa, niqab ban in March referendum

We use cookies to give you the best possible experience. Learn more