സെപ്റ്റംബറില്‍ സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നും ഇറക്കുമതി ചെയ്തത് 15,000 കോടിയുടെ സ്വര്‍ണം
Big Buy
സെപ്റ്റംബറില്‍ സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നും ഇറക്കുമതി ചെയ്തത് 15,000 കോടിയുടെ സ്വര്‍ണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th October 2014, 3:02 pm

goldbarsന്യൂദല്‍ഹി: സ്വറ്റ്‌സര്‍ലാന്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്. സെപ്റ്റംബറില്‍ മാത്രമായി 2.2ബില്യണ്‍ ഏതാണ്ട് 15,000 കോടി രൂപയുടെ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞമാസമുണ്ടായതിന്റെ ഇരട്ടിയാണിത്. സ്വിസ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷനാണ് ഇതുമായി ബന്ധപ്പെട്ട പുതിയ വിവരം പുറത്തുവിട്ടത്.

ഈ വര്‍ഷം ജനുവരി മുതല്‍ ആകെ ഇറക്കുമതി ചെയ്തത് 11.4 ബില്യണ്‍ സ്വിസ് ഫ്രാന്‍സിന്റെ സ്വര്‍ണമാണ്. ദിപാവലിയും മറ്റ് ഉത്സവ സീസണുകളുമായതിനാലാണ് ഇറക്കുമതി വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഇറക്കുമതിയുണ്ടായ ഈ വര്‍ധനവിനെ സംശയത്തോടെ കാണുന്നവരുമുണ്ട്. സ്വിസ് ബാങ്ക് കള്ളപ്പണം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ഉയരുന്ന സാഹചര്യത്തില്‍ ഈ ഫണ്ട് സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കുന്നതിന്റെ ഭാഗമായാണോ മഞ്ഞലോഹത്തിന്റെ വില ഉയരുന്നത് എന്ന് സംശയിക്കുന്നവരുമുണ്ട്.

സ്വസ് ബാങ്കില്‍ വന്‍തോതില്‍ നിക്ഷേപമുള്ള ചില ഇന്ത്യക്കാരോട് ബാങ്ക് പണം പിന്‍വലിക്കാന്‍ നിര്‍ദേശിച്ചെന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. സ്വിസ് ബാങ്കിലുള്ള കള്ളപ്പണം തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍  പുരോഗമിക്കുന്ന സാഹചര്യത്തിലായിരുന്നു ബാങ്കിന്റെ നിര്‍ദേശം.