ന്യൂദല്‍ഹി : കള്ളപ്പണം സൂക്ഷിക്കാന്‍ സ്വിറ്റ്‌സര്‍ലന്റ് ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് പുതിയ സൗകര്യം ഒരുക്കുന്നു. കള്ളപ്പണം രഹസ്യ അക്കൗണ്ടില്‍ സൂക്ഷിക്കുന്നവര്‍ നിരീക്ഷണത്തിലായതോടെയാണ് ബാങ്കുകള്‍ പുതിയ സൗകര്യവുമായി രംഗത്തു വന്നിരിക്കുന്നത്.
രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള 1000 ഫ്രാങ്കിന്റെ നോട്ടുകള്‍ പെട്ടിയിലാക്കി സൂക്ഷിക്കാനുള്ള സൗകര്യമാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നിക്ഷേപകര്‍ക്ക് സ്വിസ് ബാങ്കുകള്‍ ഒരുക്കിയിരിക്കുന്നത്. ബാങ്കുകളിലെ സേഫ് ഡെപ്പോസിറ്റ് ബോക്‌സില്‍ എന്താണെന്നുള്ളതെന്ന് കണ്ടെത്തുക എളുപ്പമല്ല എന്നതിനാലാണ് പുതിയ സംവിധാനത്തിന് ബാങ്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ബാങ്കുകളിലെ പെട്ടികളില്‍ സ്വര്‍ണ്ണം, വിലപിടിപ്പുള്ള പെയിന്റിങ്ങുകള്‍, എന്നിവയാണ് സൂക്ഷിക്കുന്നത്. ഇനിമുതല്‍ ഇവയില്‍ സ്വിസ് നോട്ടുകളും സൂക്ഷിക്കാമെന്നാണ് ബാങ്കുകള്‍ പറയുന്നത്. ഇതോടെ കള്ളപ്പണ നിക്ഷേപകര്‍ സ്വിസ് ബാങ്കുകളിലേക്കുള്ള ഓട്ടത്തിലാണ്.
ഒരു വര്‍ഷം മുമ്പ് 50 ശതമാനമായിരുന്ന സ്വിസ് കറന്‍സി ഈ വര്‍ഷം 60 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് സ്വിറ്റ്‌സര്‍ലന്റിലെ കേന്ദ്രബാങ്കായ എസ്.എന്‍.ബി. (സ്വിസ് നാഷനണല്‍ ബാങ്ക്) ല്‍ നിന്നുള്ള വിവരം. 1000 സ്വിസ് ഫ്രാങ്കിന് 60,000 ഇന്ത്യന്‍ രൂപയുടെ മൂല്യമുണ്ട്. പണം ഫ്രാങ്കിലാക്കി ബാങ്കിലെ പെട്ടിയില്‍ സൂക്ഷിക്കുന്നതോടെ വന്‍തുകയാണ് ഇന്ത്യന്‍ നിക്ഷേപകര്‍ക്കടക്കമുള്ളവര്‍ക്ക് പൂഴ്ത്താന്‍ സാധിക്കുക. 1000 ഫ്രാങ്ക് നോട്ടിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്ന് സ്വിസ് ബാങ്കുകളും സമ്മതിക്കുന്നുണ്ട്.
സ്വിസ് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ സ്വിസ് സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദമേറിവരുന്നുണ്ട്.