|

ആഫ്രിക്കന്‍ പന്നിപ്പനി: മുഴുവന്‍ പന്നികളെയും കൊന്നൊടുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി: വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ കരിമാനിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ ദയാവധം പൂര്‍ത്തിയായി.

ഫാമിലെ 350 പന്നികളെയും കൊന്ന് കുഴിച്ചുമൂടി. ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് പന്നികളെ കൊല്ലാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇന്നലെ പുലര്‍ച്ചയോടെ അവസാനിച്ച ആദ്യഘട്ടത്തില്‍ 190 പന്നികളെയാണ് കൊന്നത്. ഉച്ചക്കാണ് രണ്ടാം ഘട്ടം തുടങ്ങിയത്. രാത്രിയോടെ തന്നെ മുഴുവന്‍ പന്നികളെയും സംഘം കൊന്ന് കുഴിച്ചുമൂടി.

ഇലക്ട്രിക് സ്റ്റണ്ണര്‍ ഉപയോഗിച്ച് മയക്കിയശേഷം ഞരമ്പുമുറിച്ച് ചോര വാര്‍ത്തൊഴുക്കി കൊല്ലുന്ന ‘ഹ്യുമേന്‍ കില്ലിങ്’ സംവിധാനമാണ് പന്നികളെ കൊല്ലാനായി സ്വീകരിച്ചത്.

കാട്ടിക്കുളം വെറ്ററിനറി സര്‍ജന്‍ ഡോ.വി. ജയേഷ്, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ.കെ. ജവഹര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.

തവിഞ്ഞാല്‍ കരിമാനി കൊളങ്ങോടിലെ മുല്ലപ്പറമ്പില്‍ എം.വി. വിന്‍സെന്റിന്റെ ഫാമിലെ പന്നികളെയാണ് കൊന്നത്. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

മാനന്തവാടിയിലെ മറ്റൊരു ഫാമില്‍ പനി ബാധിച്ച് 43 പന്നികള്‍ ചത്തിരുന്നു. ഇതിന് സമീപമുള്ള ഫാമുകളിലെ പന്നികളെയും കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മാനന്തവാടിയിലെ 80 പന്നികളെ കൊല്ലാനാണ് തീരുമാനം. ഇത് അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പന്നി കര്‍ഷകരെ സംബന്ധിച്ച് വലിയ ആശങ്കയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് പന്നി ഇറച്ചിക്ക് ആവശ്യക്കാര്‍ കൂടുതലുള്ള സീസണാണിത്. ഈ അവസരത്തില്‍ പന്നിപ്പനി ബാധിച്ച പന്നികളെ കൊന്നൊടുക്കുന്നത് മാത്രമല്ല മറ്റ് പന്നികളുടെ വില്‍പനയിലും വലിയ പ്രതിസന്ധിയാണ് രോഗം സൃഷ്ടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് പന്നി കര്‍ഷകരുടെ സംഘടന ആവശ്യപ്പെടുന്നത്.

Content Highlights: Swines are killed as a Precaution for African swine fever

Video Stories